നേരത്തെ വാങ്ങിയവർ കോളടിച്ചു, 365 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയിൽ വെട്ടിനിരത്തലുമായി ടാറ്റ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ടാറ്റ പഞ്ച് (Tata Punch). 2024 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ കാർ എന്ന ബഹുമതിയും ഈ മൈക്രോ എസ്‌യുവി സ്വന്തമാക്കിയിരുന്നു. വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, എർട്ടിഗ തുടങ്ങിയ മാരുതിയുടെ വമ്പൻമാരേയെല്ലാം പിഴുതെറിഞ്ഞാണ് പഞ്ച് ഈ നേട്ടം കൈവരിച്ചത്. കുറഞ്ഞ വിലയും 5-സ്റ്റാർ സേഫ്റ്റിയും തുടങ്ങിയ കാര്യങ്ങളെല്ലാം കാരണമാണ് മോഡൽ ജനകീയനായത്. പിന്നീട് പെട്രോൾ എഞ്ചിന് പകരം ബാറ്ററി ഹൃദയമാക്കി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തുകയുണ്ടായി.
അതും ഹിറ്റായതോടെ ടാറ്റ മോട്ടോർസിന് സന്തോഷം ഇരട്ടിയായെന്ന് വേണം പറയാൻ. എന്നാൽ എംജി ഇവി വിപണിയിലേക്ക് ഇറങ്ങിയതോടെ സന്തോഷം കുറയാൻ തുടങ്ങി. കോമെറ്റും വിൻഡ്‌സറും കച്ചോടം പകുതിയും കൊണ്ടുപോയപ്പോൾ വൈദ്യുത വാഹന രംഗത്ത് ടാറ്റയ്ക്ക് ചെറിയ തോതിൽ നഷ്‌ടം സംഭവിക്കാനും തുടങ്ങി. ഇത് പരിഹരിക്കുന്നതിനായി കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹന നിര കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പഞ്ച് ഇവിയുടെ വേരിയന്റ് നിരയിൽ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് എസ്‌യുവിയുടെ എല്ലാ ACFC വകഭേദങ്ങളും ടാറ്റ നിർത്തലാക്കിതാണ് ഇതിൽ ശ്രദ്ധേയം. ഒരു പ്രത്യേക മോഡലിന് ഏറ്റവും കൂടുതൽ വേരിയന്റുകൾ നൽകിയതിന് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് ടാറ്റയ്ക്കായിരിക്കും. പഞ്ച് വാങ്ങാനെത്തിയാൽ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്തുന്ന തരത്തിലുള്ള അനേകായിരം മോഡലുകൾ കാണാനാവും.
ഭൂരിഭാഗം ആളുകളിലും ഇത് കൺഫ്യൂഷനുണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കിയതിനാലാവാം ടാറ്റ മോട്ടോർസ് പഞ്ച് ഇവിയുടെ വേരിയന്റ് നിരയിൽ നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പഞ്ച് ഇവിയുടെ എല്ലാ ACFC വകഭേദങ്ങളും നിർത്തലാക്കാനുള്ള തീരുമാനം എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. ACFC എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എസി ഫാസ്റ്റ് ചാർജർ വേരിയന്റുകളാണ് കേട്ടോ.

പഞ്ച് ഇവിയിൽ അഡ്വഞ്ചർ LR ACFC, അഡ്വഞ്ചർ S LR ACFC, എംപവേർഡ് LR ACFC, എംപവേർഡ് S LR ACFC, എംപവേർഡ്+ LR ACFC, എംപവേർഡ്+ S LR ACFC എന്നിങ്ങനെ 6 എസി ഫാസ്റ്റ് ചാർജിംഗ് വേരിയന്റുകളായിരിരുന്നു ഉണ്ടായിരുന്നത്. 7.2 kW ഫാസ്റ്റ് ചാർജറുകളുമായി വരുന്ന വാഹനത്തിന്റെ ഈ ആറ് വകഭേദങ്ങളും നിർത്തലാക്കാനാണ് കമ്പനി ഉത്തരവിട്ടിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ഇതേ ട്രിം ലെവലിലുള്ള ACFC വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി ഏകദേശം 50,000 രൂപ അധികമായാണ് ഈടാക്കിയിരുന്നത്.
7.2 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ടാറ്റ പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പുകൾ പൂർണമായി ചാർജാവാൻ വെറും 5 മണിക്കൂർ സമയം മാത്രമാണ് വേണ്ടി വന്നിരുന്നത്. ACFC അല്ലാത്ത പതിപ്പുകൾക്ക് ഫുൾ ചാർജാവാൻ ഏകദേശം 13.5 മണിക്കൂർ എടുക്കുമെന്നാണ് കമ്പനി പറയുന്നത്. നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഡീലർഷിപ്പുകളിൽ നിലവിലുള്ള ACFC വകഭേദങ്ങളുടെ സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരും.

മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 25kWh ബാറ്ററി പായ്ക്കും ലോംഗ് റേഞ്ചിന് 35kWh ബാറ്ററി പായ്ക്കുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്‌യുവിയിലെ ചെറിയ 25kWh ബാറ്ററി ഓപ്ഷന് 82 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നവയാണ്.
മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയിലെ വലിയ 35kWh ബാറ്ററി പായ്ക്ക് 122 bhp പവറിൽ 190 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. ഇലക്ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് വേരിയന്റിന് ഏകദേശം 265 കിലോമീറ്ററും ലോംഗ് റേഞ്ച് വേരിയന്റിന് 365 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. വേരിയന്റ് നിരയിലെ പരിഷ്ക്കാരത്തിന് പുറമെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.


Click it and Unblock the Notifications








