രണ്ട് ഇഎംഐയുടെ പൈസയാവും ഇനി, ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവിക്ക് വില കൂട്ടി ടാറ്റ
സ്വിഫ്റ്റിനെയും വാഗൺആറിനെയും എല്ലാം മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന ബഹുമതി നേടി കുതിക്കുകയാണ് ടാറ്റ പഞ്ച് (Tata Punch). വർഷങ്ങളായി മാരുതി സുസുക്കി കൈയടക്കിവെച്ചിരുന്ന കുത്തക തകർത്തതിന്റെ സന്തോഷത്തിലാണ് ടാറ്റ മോട്ടോർസ് (Tata Motors) ഇപ്പോൾ. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും സേഫ്റ്റി കൂടിയ മോഡൽ എന്ന നിലയിലാണ് പഞ്ച് ഹിറ്റടിക്കുന്നത്. ഒരു സാധാരണക്കാരന് വേണ്ട എല്ലാക്കാര്യങ്ങളും കോർത്തിണക്കിയെത്തിയ മൈക്രോ എസ്‌യുവിക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് സാക്ഷാൽ ടാറ്റ പോലും ഓർത്തിട്ടുണ്ടാവില്ല.
എന്തായാലും പഞ്ചിന്റെ പിന്നാലെയാണ് ഇന്ത്യക്കാരിപ്പോൾ എന്ന് പറയാം. പക്ഷേ പഴയ വില കേട്ട് ഇനി ടാറ്റയുടെ മൈക്രോ എസ്‌യുവി വാങ്ങാൻ ചെന്നാൽ കിട്ടിയെന്ന് വരില്ല കേട്ടോ. ഡിസംബറിൽ കമ്പനി പ്രഖ്യാപിച്ചത് പോലെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. പുതുക്കിയ വില പഞ്ച് മൈക്രോ എസ്‌യുവിക്കും ബാധകമായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലിന് 7,000 രൂപ മുതൽ 17,000 രൂപ വരെ ഇനി അധികം മുടക്കേണ്ടി വരും. വില വർധനവ് ടാറ്റ പഞ്ചിന്റെ എല്ലാ വകഭേദങ്ങൾക്കും ബാധകമാണെന്നതും പ്രത്യേകം ശ്രദ്ധിക്കണം. അതായത് രണ്ട് ഇഎംഐയുടെ പൈസയാവും ഇനി അധികം മുടക്കേണ്ടി വരികയെന്ന് സാരം. പുതിയ വില കണക്കിലെടുക്കുമ്പോൾ പഞ്ച് ബി-എസ്‌യുവിക്ക് ഇപ്പോൾ 6.20 ലക്ഷം രൂപ മുതൽ 10.32 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്.
ഹ്യുണ്ടായി എക്‌സ്റ്റർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലും വാങ്ങാനാവും. കൂടാതെ പെട്രോൾ, സിഎൻജി എന്നിവയുൾപ്പെടെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിൽ നിന്നും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. 2021 ഒക്ടോബറിൽ വിപണിയിലെത്തിയ മോഡൽ ആളുകൾക്കിടയിൽ വളരെ വേഗമാണ് ജനപ്രീതി നേടിയെടുത്തതെന്ന് വേണം പറയാൻ.

വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ടാറ്റ പഞ്ചിന്റെ ഏതാണ്ട് 5 ലക്ഷത്തോളം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്. എസ്‌യുവി രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വിപുലമായ ഫീച്ചറുകളുടെ നിര, മത്സരാധിഷ്ഠിത വില എന്നിവയാണ് മൈക്രോ എസ്‌യുവിയുടെ വിജയത്തിന് കാരണമായതെന്ന് നിസംശയം പറയാം. ഹാച്ച്ബാക്ക് തേടുന്ന ആളുകളെല്ലാം അങ്ങനെ പഞ്ചിന്റെ കുഞ്ഞനിലേക്ക് എത്തി.
1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

കൊടുക്കുന്ന കാശിനുള്ള ഫീച്ചറുകളെല്ലാം വാഹനത്തിൽ ലഭിക്കുന്നുമുണ്ട് കേട്ടോ. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, ലെതർ ഗിയർ നോബ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, പിൻസീറ്റ് ആംറെസ്റ്റ്, എൽഇഡി ലൈറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം പഞ്ചിനൊപ്പം പോരും.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പഞ്ചിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മൈക്രോ എസ്‌യുവിക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ ഡീഫോഗറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ വ്യൂ ക്യാമറ, ISOFIX ആങ്കറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി എക്സ്റ്റർ, സിട്രൺ C3 എന്നിവയുമായാണ് പഞ്ചിന്റെ പ്രധാന മത്സരം.


Click it and Unblock the Notifications








