ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയിരുന്ന കാർ, ഇപ്പോൾ കച്ചോടം പാതിയോളം കുറഞ്ഞു; മാരുതിയല്ല
മാരുതി സുസുക്കി സ്വിഫ്റ്റിനെയും വാഗൺആറിനെയും എർട്ടിഗയേയും മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി കുതിച്ചിരുന്നവനാണ് ടാറ്റയുടെ മൈക്രോ എസ്‌യുവിയായ പഞ്ച് (Tata Punch). സേഫ്റ്റി, കുറഞ്ഞ വില, അഡാറ് ഫീച്ചറുകൾ എന്നിവയെല്ലാമായി എത്തിയ ഇത്തിരി കുഞ്ഞനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. പിന്നെ ടാറ്റയോടുള്ള പ്രത്യേക സ്നേഹം കൂടിയായപ്പോൾ സംഗതി ഉഷാറായി. സാക്ഷാൽ നെക്സോണിനെ വരെ മറികടന്ന് ടാറ്റ കുടുംബത്തിന്റെ പ്രധാന ശക്തിയായി മാറാനും പഞ്ചിനായി. വാഗൺആറിന്റെ വിലയിൽ എസ്‌യുവി മുതലാളിയാവാനുള്ള അവസരം നഷ്ടപ്പെടുത്താൻ പലരും തയാറായിരുന്നില്ല.
അങ്ങനെ വർഷങ്ങളായി മാരുതി സുസുക്കി കൈയടക്കിവെച്ചിരുന്ന കുത്തക തകർത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന കാറായി പഞ്ച് മാറിയെങ്കിലും നിലവിൽ കാര്യങ്ങൾ അൽപം പരുങ്ങലിലാണെന്ന് തന്നെ പറയാം. 2025 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മൈക്രോ എസ്‌യുവിയുടെ കച്ചോടത്തിൽ 43 ശതമാനത്തോളം നഷ്‌ടം നേരിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

2024 ജൂണിൽ വിറ്റഴിച്ച 18,238 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തിനിപ്പുറം ടാറ്റ പഞ്ചിന്റെ കച്ചോടം 10,446 യൂണിറ്റിലേക്കാണ് മൂക്ക്കുത്തി വീണിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും സേഫ്റ്റി കൂടിയ മോഡൽ എന്ന നിലയിലാണ് പഞ്ച് ട്രെൻഡായതെങ്കിലും ഇപ്പോൾ മാരുതി കാറുകൾ കത്തിക്കയറുകയാണ്. വാഗൺആർ എല്ലാം കളംനിറഞ്ഞാടുമ്പോൾ വിൽപ്പനയിൽ പഞ്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി മാന്ദ്യം നേരിടുകയാണ്.
അധികം വൈകാതെ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുമല്ലോയെന്നതാണ് ടാറ്റയ്ക്ക് ആശ്വാസം നൽകുന്ന കാര്യം. ഇതോടെ പഴയ ഫോമിലേക്കെത്താൻ മൈക്രോ എസ്‌യുവിക്ക് സാധിച്ചേക്കും. മാത്രമല്ല ഈ വിവരം ആളുകൾ അറിഞ്ഞതും കച്ചോടം കുറഞ്ഞതിന് കാരണമായിരിക്കാം. പുതുമോഡലിനായി എല്ലാവരും കാത്തിരിക്കുന്നതിനാലാവും നിലവിൽ വിൽപ്പന ചെറുതായെന്ന് കുറഞ്ഞിരിക്കുന്നത്.

ഒരു സാധാരണക്കാരന് വേണ്ട എല്ലാക്കാര്യങ്ങളും കോർത്തിണക്കിയെത്തിയ മൈക്രോ എസ്‌യുവിക്ക് നിലവിൽ 6.20 ലക്ഷം മുതൽ 10.32 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 9 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് വണ്ടി സ്വന്തമാക്കാനാവുക. കൂടാതെ പെട്രോൾ, സിഎൻജി എന്നിവയുൾപ്പെടെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിൽ നിന്നും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും.
2021 ഒക്ടോബറിൽ വിപണിയിലെത്തിയ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുമ്പോൾ സംഗതി കൂടുതൽ ഉഷാറാവുമെന്ന് വേണം കരുതാൻ. അതുവരെ പിടിച്ചുനിൽക്കാൻ ടാറ്റ എന്തെങ്കിലും പദ്ധതികളും ആവിഷ്ക്കരിച്ചേക്കാം. വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ടാറ്റ പഞ്ചിന്റെ ഏതാണ്ട് 5 ലക്ഷത്തോളം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്.

എസ്‌യുവി രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വിപുലമായ ഫീച്ചറുകളുടെ നിര, മത്സരാധിഷ്ഠിത വില എന്നിവയാണ് മൈക്രോ എസ്‌യുവിയുടെ പ്രത്യേകതകൾ. 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
മാനുവൽ ട്രാൻസ്മിഷനിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും വാഹനത്തിൽ തെരഞ്ഞെടുക്കാനാവും. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പഞ്ചിന് 26.99 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകാനാവും.

ആൾട്രോസിന് ശേഷം ടാറ്റ മോട്ടോർസിന്റെ ALFA എന്ന അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച രണ്ടാമത്തെ ടാറ്റ മോഡൽ കൂടിയായിരുന്നു പഞ്ച്. ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വണ്ടി ഫീച്ചറുകളുടെ കാര്യത്തിലും മോഡേൺ ആയിരുന്നു. 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് പോലുള്ള ആധുനിക സംവിധാനങ്ങളെല്ലാം പഞ്ചിന്റെ ഭാഗമാണ്.


Click it and Unblock the Notifications








