മാരുതി കാറുകളെ ഒറ്റയ്ക്ക് തൂക്കിയവൻ, 4 വർഷത്തിൽ ടാറ്റയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങിയത് 6 ലക്ഷം ഇന്ത്യക്കാർ
മാരുതി വാഗൺആറും മാരുതി സ്വിഫ്റ്റും പോലുള്ള കിടിലൻ കാറുകൾ അരങ്ങുവാണിരുന്ന വില നിലവാരത്തിലേക്ക് ജനപ്രിയരായ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച എസ്‌യുവിയായിരുന്നു പഞ്ച്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് എസ്‌യുവി വാങ്ങിപ്പിക്കാൻ ഇന്ത്യക്കാരെ പഠിപ്പിച്ച മോഡലായി ഈ കുട്ടിത്താരം പ്രശസ്‌തിയാർജിച്ചത് വളരെ വേഗത്തിലായിരുന്നു. മാരുതി കാറുകളെ വരെ താഴെയിറക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാർ എന്ന ബഹുമതിയും പല മാസങ്ങളിൽ പഞ്ച് സ്വന്തമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ഏറ്റവും സേഫ്റ്റി കൂടിയ വാഹനം എന്ന നിലയിലും മാർക്കറ്റ് ചെയ്‌തതോടെ എസ്‌യുവിയുടെ കച്ചോടം കുതിച്ചുയർന്നു.
സാക്ഷാൽ നെക്സോണിനെ വരെ മറികടന്ന് ടാറ്റ കുടുംബത്തിന്റെ പ്രധാന ശക്തിയായി മാറാനും പഞ്ചിനായി. വാഗൺആറിന്റെ വിലയിൽ എസ്‌യുവി മുതലാളിയാവാനുള്ള അവസരം നഷ്ടപ്പെടുത്താൻ പലരും തയാറായിരുന്നില്ല. നെക്സോണിന് ശേഷം ടാറ്റയിറക്കിയ ഏറ്റവും മികച്ച വണ്ടിയെന്ന് വേണമെങ്കിലും പഞ്ചിനെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ 6 ലക്ഷം എന്ന മാജിക് നമ്പരിലും എത്തിയിരിക്കുകയാണ് പഞ്ചിന്റെ കച്ചേടം.

പത്രക്കുറിപ്പിലൂടെയാണ് സന്തോഷകരമായ നിമിഷം കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെത്തി വെറും 4 വർഷത്തിനുള്ളിലാണ് 6 ലക്ഷം യൂണിറ്റുകളുടെ പ്രൊഡക്ഷൻ നാഴികക്കല്ല് ടാറ്റ പഞ്ച് മറികടക്കുന്നത്. ഈയൊരു നേട്ടം മറികടക്കുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവിയാണ് പഞ്ച് എന്നും കമ്പനി അവകാശപ്പെടുന്നു. പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളോടെ 2021-ലാണ് ഇന്ത്യക്കാരുടെ ഇടയിലേക്ക് ഈ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം കടന്നുവരുന്നത്.
പഞ്ചിന്റെ വിൽപ്പന വേഗം കണ്ട് 2024-ൽ പഞ്ച് ഇവിയും ടാറ്റ പുറത്തിറക്കി വെന്നിക്കൊടി പാറിക്കുകയുണ്ടായി. 2022 ഓഗസ്റ്റിൽ പഞ്ചിന്റെ ആദ്യ ഒരു ലക്ഷം യൂണിറ്റുകൾ നിർമിക്കപ്പെട്ടുവെന്നാണ് ടാറ്റ പറയുന്നത്. അടുത്ത 1 ലക്ഷം യൂണിറ്റുകൾ 2023 മെയ് മാസത്തോടെ നിർമിക്കപ്പെട്ടപ്പോൾ 2023 ഡിസംബറോടെ പഞ്ച് 3 ലക്ഷമെന്ന മാന്ത്രിക സംഖ്യയും മറികടന്നു.

2024 ജൂലൈയിൽ പഞ്ചിന്റെ ഉത്പാദനം 4 ലക്ഷം കവിഞ്ഞപ്പോൾ 2025 ജനുവരിയിൽ എസ്‌യുവി 5 ലക്ഷത്തിലും എത്തി. അവിടുന്ന് വെറും 7 മാസങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പാണ് ടാറ്റയുടെ കുഞ്ഞൻ എസ്‌യുവി 6 ലക്ഷം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവരുടെ ഏറ്റവും മികച്ച ചോയിസായി പഞ്ച് മാറിയിരിക്കുന്നുവെന്നും സൗകര്യം, സുരക്ഷ, എസ്‌യുവി നിലപാട് എന്നിവയുടെ മികച്ച സംയോജനം ഹൈലൈറ്റായെന്നും കമ്പനി പറയുന്നു.
ഒതുക്കമുള്ള രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച റോഡ് പ്രസൻസ് എന്നിവയാൽ ആകർഷിക്കപ്പെടുന്ന പഞ്ച് സ്ത്രീകൾക്കും ഏറെയിഷ്‌ടമാണ്. പഞ്ച് ഇവിയുടെ ഉടമകളിൽ 25 ശതമാനം സ്ത്രീകളാണെന്ന വസ്തുതയും ടാറ്റ മോട്ടോർസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2024 കലണ്ടർ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായും മൈക്രോ എസ്‌യുവി ചരിത്രം കുറിച്ചിരുന്നു. മാരുതിയുടെ എല്ലാ കാറുകളേയും ഒറ്റയിക്ക് മലർത്തിയടിക്കാൻ മോഡലിനായി എന്നതാണ് സത്യം.

ഒരു സാധാരണക്കാരന് വേണ്ട എല്ലാക്കാര്യങ്ങളും കോർത്തിണക്കിയെത്തിയ മൈക്രോ എസ്‌യുവിക്ക് നിലവിൽ 6.20 ലക്ഷം മുതൽ 10.32 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 9 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് വണ്ടി സ്വന്തമാക്കാനാവുക. കൂടാതെ പെട്രോൾ, സിഎൻജി എന്നിവയുൾപ്പെടെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിൽ നിന്നും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും.
1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതിനാൽ ആരേയും നിരാശപ്പെടുത്തില്ലെന്ന് വേണം പറയാൻ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. മൈലേജിലും മോശക്കാരനല്ല കക്ഷി.
പെട്രോൾ മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും വാഹനത്തിൽ തെരഞ്ഞെടുക്കാനാവും. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പഞ്ചിന് 26.99 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകാനാവും.


Click it and Unblock the Notifications








