മാരുതി കരയും, എല്ലാ ഫീച്ചറുകളുമുള്ള സിയറയുടെ ടോപ്പ് വേരിയൻ്റുകൾക്കും കൊതിപ്പിക്കുന്ന വിലയിട്ട് ടാറ്റ
ആളുകളെ വിസ്‌മയിപ്പിച്ചുകൊണ്ടാണ് ടാറ്റ മോട്ടോർസിൻ്റെ ന്യൂജെൻ സിയറ (New Gen Tata Sierra SUV) പുതുപ്പിറവിയെടുത്തിരിക്കുന്നത്. ഫീച്ചറുകളിലായാലും ഡിസൈനിലായാലും എഞ്ചിനിലായാലും സേഫ്റ്റിയിലായാലും അത്ഭുതങ്ങൾ തീർത്ത മോഡൽ വിലയുടെ കാര്യത്തിലും വിസ്‌മയിപ്പിച്ചുകൊണ്ടാണ് മുമ്പോട്ട് പോവുന്നത്. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളില്‍ അണിനിരത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. സർപ്രൈസ് ഇട്ടുകൊണ്ട് ഓരോ വേരിയൻ്റുകളുടേയും വില പ്രഖ്യാപനം നടന്നുവരുന്നതേയുള്ളൂ.
സിയറയുടെ പ്യുവര്‍, പ്യുവര്‍ പ്ലസ് ട്രിമ്മുകൾക്ക് 12.99 ലക്ഷം രൂപ മുതലും അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ് ട്രിമ്മുകൾക്ക് 15.29 ലക്ഷം രൂപ മുതലുമാമ് ളുടെ വില ആരംഭിക്കുന്നത്. ഇപ്പോഴിതാ പുതിയ സിയറയുടെ ടോപ്പ് സ്പെക്ക് അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകളുടെ വില വിവരങ്ങളും ടാറ്റ വെളിപ്പെടുത്തിയിരിക്കുകയാണ്. നവംബർ 25-ന് മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കിയതിനുശേഷം വിലകൾ ഘട്ടം ഘട്ടമായാണ് കമ്പനി വെളിപ്പെടുത്തുന്നത്.

ഈ വേരിയൻ്റുകളുടെ വില പ്രഖ്യാപനത്തോടെ സിയറ നിരയുടെ പൂർണ വില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആയതിനാൽ ബുക്കിംഗിൻ്റെ വേഗതയും ഇനി ഉയരുമെന്നാണ് ടാറ്റ മോട്ടോർസ് കരുതുന്നത്. ടാറ്റ സിയറയുടെ അക്കംപ്ലിഷ്‌ഡ് 1.5 ലിറ്റർ NA പെട്രോൾ മാനുവൽ വേരിയൻ്റിന് 17.99 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം അക്കംപ്ലിഷ്‌ഡ് ടർബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
ഇനി ടാറ്റ സിയറ അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ മാനുവലിന് 18.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ മാനുവലിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നൽകേണ്ടി വരും. എന്തായാലും എല്ലാ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തുന്ന ടോപ്പ് വേരിയൻ്റുകളുടെ വിലയും മാന്യമായി നിശ്ചയിക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് വലിയ കാര്യമാണ്.

സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായുള്ളത്. ആദ്യത്തേത് 106 bhp പവറുള്ള 1.5 ലിറ്റർ NA പെട്രോളാണ്. രണ്ടാമത്തേത് 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസലാണ്. അതേസമയം മൂന്നാമത്തേത് 160 bhp പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ NA പെട്രോളിന് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി, ഡീസലിന് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, ടർബോ-പെട്രോളിന് 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് അണിനിരത്തിയിരിക്കുന്നത്.
അക്കംപ്ലിഷ്ഡ് ട്രിം ലെവലിൽ 1.5 ലിറ്റർ NA പെട്രോൾ DCT ഒഴികെയുള്ള എല്ലാ എഞ്ചിൻ ഓപ്ഷനുകളിലും സിയറ ലഭ്യമാണ്. അതേസമയം സിയറ അക്കംപ്ലഷ്ഡ് പ്ലസ് പതിപ്പുകളിൽ 1.5 ലിറ്റർ NA എഞ്ചിൻ പൂർണമായും ഒഴിവാക്കി ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് മുമ്പോട്ട് കൊണ്ടുപോവുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അക്കംപ്ലിഷ്ഡ് ട്രിമിൽ ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS, പാഡിൽ ലാമ്പുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാവും.

അതേസമയം ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രീക്വൻസി ഡാംപറുകൾ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് 12-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ബോസ് മോഡ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. സിയറ അക്കംപ്ലഷ്ഡ് പ്ലസ് ട്രിം ലെവലിൽ ഇപ്പറഞ്ഞതിൽ കൂടുതൽ ഫീച്ചറുകളാണ് ടാറ്റ മോട്ടോർസ് കുത്തിനിറച്ചിരിക്കുന്നത്.
12.3 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, പവർഡ് ടെയിൽഗേറ്റ്, ക്യാബിൻ എയർ പ്യൂരിഫയർ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫംഗ്ഷൻ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എക്സ്റ്റീരിയർ ലൈറ്റുകൾക്കുള്ള വെൽക്കം ആൻഡ് ഗുഡ്‌ബൈ ആനിമേഷനുകൾ, റിയർ ഫോഗ് ലാമ്പുകൾ, സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകൾ, കണക്റ്റഡ് കാർ ടെക്, ലെവൽ 2 ADAS സവിശേഷതകൾ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ പോലുള്ള അത്യാഡംബര ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








