ന്യൂജെൻ പിള്ളേരോട് മുട്ടാൻ ടാറ്റയുടെ 90 കിഡ്, മഹീന്ദ്രയോട് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ സിയറ
മഹീന്ദ്രയോടും ഹ്യുണ്ടായിയോടും അടിയറവ് പറഞ്ഞ് വിൽപ്പനയുടെ കാര്യത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ് (Tata Motors). രത്തൻ ടാറ്റ വിടപറഞ്ഞതോടെ കമ്പനിയുടെ ഭാഗ്യവും അവസാനിച്ചുവെന്നാണ് പലരും പറയുന്നത്. എന്നാൽ നിർമാണ നിലവാരവും സേഫ്റ്റിയുമെല്ലാം കുറഞ്ഞ വിലയിൽ സാധാരണക്കാരിലേക്ക് എത്തിച്ച കമ്പനി അങ്ങനെയൊന്നും അടിപതറി വീഴില്ലെന്ന് ഫാൻസിന് നന്നായി അറിയാം. പുലി പതുങ്ങുന്നത് രണ്ടടി മുന്നോട്ട് കുതിക്കാനാണെന്ന് ഓർമപ്പെടുത്താനായി ഹാരിയർ ഇവിയും അധികം വൈകാതെ പുറത്തിറക്കും. പിന്നാലെ ഇതിഹാസ വാഹനമെന്ന പരിവേഷമുള്ള സിയറയും അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.
ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോർസ് പ്രൊഡക്ഷൻ-സ്പെക്ക് സിയറയ്ക്ക് ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. ഒരു ഇന്റേണൽ കമ്പഷൻ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. അതായത് എസ്‌യുവി ആദ്യം ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും അവതരിക്കുകയെന്ന് സാരം. പിന്നീട് സിയറയുടെ ഇലക്ട്രിക് ഓൺലി മോഡലും വിപണിയിലേക്ക് എത്തിക്കാനാവും തീരുമാനം.

സിയറയുടെ പ്രൊഡക്ഷൻ പതിപ്പിൽ ബ്രാൻഡ് സൂക്ഷ്മമായ ചില മാറ്റങ്ങൾ വരുത്തുമെന്ന് ഡിസൈൻ പേറ്റന്റ് വെളിപ്പെടുത്തുന്നുണ്ട്. ബി-പില്ലറിലെ കിങ്ക് ഡിസൈൻ ഘടകം ഇനി പ്രൊഡക്ഷൻ പതിപ്പിൽ ലഭ്യമല്ല. പക്ഷേ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിൽ അത് ഉണ്ടായിരുന്നു. അലോയ് വീൽ ഡിസൈനിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. എസ്‌യുവി വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞാൽ ടാറ്റ മോട്ടോർസ് രണ്ട് അലോയ് വീൽ ഡിസൈനുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇതിനുപുറമെ ടാറ്റ സിയറയിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. സ്ലിം ലൈറ്റ് ബാറോടുകൂടിയ ഉയർന്ന ഫ്ലാറ്റ് ബോണറ്റും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിൽ നിലനിർത്തിയിട്ടുണ്ട്. സ്കിഡ് പ്ലേറ്റിന്റെ രൂപകൽപ്പനയെ അനുകരിക്കുന്നതിന് ബമ്പർ രണ്ട്-ടോൺ, ഗ്ലോസ് ബ്ലാക്ക്, ഗ്രേ നിറങ്ങളിൽ പൂർത്തിയാക്കും. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ഡോർ ക്ലാഡിംഗ് എന്നിവയായിരിക്കും വാഹനത്തിന് പരുക്കൻ ശൈലി സമ്മാനിക്കുക.

1991 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലാണ് വാഹനം വിപണനത്തിന് എത്തിയിരുന്നതെങ്കിലും ഇന്നും ആളുകളുടെ മനസിൽ സിയറയുടെ രൂപം മായാതെ കിടപ്പുണ്ട്. എങ്കിലും ഇത്തവണ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് രൂപത്തിലാണ് തയാറാക്കുന്നതെന്ന് കണ്ടാലറിയാം. 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ ടാറ്റ സിയറയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടർബോ പെട്രോൾ എഞ്ചിൻ 168 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് പണികഴിപ്പിക്കുക. ഇതുവരെ ഒരു ടാറ്റ കാറിലും ഈ പെട്രോൾ എഞ്ചിൻ കണ്ടിട്ടില്ല. ആയതിനാൽ സിയറയിലായിരിക്കും ഇത് അരങ്ങേറുക. പിന്നീട് സഫാരി, ഹാരിയർ എന്നിവയിലും ഈ എഞ്ചിൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ സിയറ ഹാരിയറിന് താഴെയായി സ്ഥാപിക്കുന്നതിനാൽ അതിന്റെ ഉയരം 4.3 മീറ്ററിൽ താഴെയായിരിക്കും. 4×4 കോൺഫിഗറേഷൻ്റെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ എസ്‌യുവി കളറാവുമെന്ന് തന്നെ പറയാം. മഹീന്ദ്ര ഥാർ റോക്സ്, ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കൊപ്പം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെയും ഇത് മത്സരിക്കും.
ഇനി ഇലക്‌ട്രിക് സിയറയിയുടെ കാര്യമെടുത്താൽ ഇതിൽ 4WD ലേഔട്ട് പ്രാപ്തമാക്കുന്ന സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനുണ്ടാവും. ആയതിനാൽ നല്ല ഓഫ്-റോഡിംഗ് കഴിവുകളും ഇതിനുണ്ടാവാം. വരാനിരിക്കുന്ന ടാറ്റയുടെ സീറോ എമിഷൻ വാഹനങ്ങൾ ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്‌ദാനം ചെയ്യുന്നത് ഏത് തരം യാത്രകളേയും സഹായിക്കുകയും ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








