ആദ്യം പെട്രോളും ഡീസലും തരാം... പിന്നാലെ കറണ്ടിലോടുന്ന സിയറ എത്തിക്കാമെന്ന് ടാറ്റ; വില 11 ലക്ഷം മുതലോ?
ടാറ്റ മോട്ടോർസിന്റെ ഇതിഹാസ എസ്‌യുവിയായ സിയറ തിരിച്ചുവരുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഓട്ടോ എക്സ്പോകളിൽ വണ്ടിയുടെ കൺസെപ്റ്റ് മോഡലും പ്രൊഡക്ഷൻ പതിപ്പുമെല്ലാം അവതരിപ്പിച്ച് ഹൈപ്പ് കേറ്റിയ കമ്പനി ഒടുവിൽ മോഡലിനെ വിപണിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2025 നംബവർ 25-ാം തീയതി ന്യൂജെൻ ടാറ്റ സിയറ പിറവിയെടുക്കും. നിലവിൽ അവസാനവട്ട പരീക്ഷണയോട്ടത്തിലുള്ള വാഹനം വിപണിയിലെത്താൻ ദിവസങ്ങൾ മാത്രമാണുള്ളത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് രൂപങ്ങളിൽ സിയറ വാങ്ങാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇതിൽ ഏതാവും ആദ്യം വിപണനത്തിന് എത്തുകയെന്ന ചോദ്യം ആരാധകർ നിരന്തരമായി ടാറ്റയോട് ചോദിക്കുന്നുണ്ട്.
കാർവാലെ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സിയറയുടെ ICE എഞ്ചിൻ മോഡലായിരിക്കും നവംബർ 25-ന് വിപണിയിലെത്തുക. പിന്നീടായിരിക്കും ഇലക്ട്രിക് വേരിയന്റിനെ കമ്പനി നിരത്തിലെത്തിക്കുക. 2030 സാമ്പത്തിക വർഷത്തോടെ ടാറ്റ മോട്ടോർസ് പുറത്തിറക്കാൻ പോവുന്ന 15 കാറുകളിൽ രണ്ടെണ്ണം സിയറയുടെ ICE, ഇവി പതിപ്പുകളിലായിരിക്കുമെന്നതും ശ്രദ്ധേയമായിട്ടുള്ള കാര്യമാണ്.

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലായിരിക്കും ടാറ്റ സിയറ മത്സരിക്കാനെത്തുക. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായിട്ടാവും സിയറ മത്സരിക്കുക. ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക.
ആയതിനാൽ ഏകദേശം 11 ലക്ഷം രൂപ മുതലാണ് ടിറ്റ സിയറയ്ക്ക് പ്രതീക്ഷിക്കുന്ന പ്രാരംഭ വില. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന സിയറ ആധുനിക എഞ്ചിനും സാങ്കേതികവിദ്യയും കോർത്തിണക്കിയുള്ള 5-ഡോർ മോണോകോക്ക് എസ്‌യുവിയായിരിക്കും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തുടിപ്പേകാൻ എത്തുന്നത് വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കാനും സഹായിക്കും.

170 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വികസിപ്പിക്കാനാവുന്ന ടാറ്റയുടെ പുതിയ 1.5 ലിറ്റർ ടർബോ GDI എഞ്ചിൻ സിയറ അവതരിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഡീസലിനെ സംബന്ധിച്ചിടത്തോളം ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ അല്ലെങ്കിൽ കർവിലെ 1.5 ലിറ്റർ യൂണിറ്റ് കടമെടുക്കാനാണ് സാധ്യത. ഇനി ഡിസൈൻ വശങ്ങളിലേക്ക് വന്നാൽ 1991-ൽ അവതരിക്കപ്പെട്ട ഐക്കണിക്ക് എസ്‌യുവിയുടെ പല സ്റ്റൈലിംഗ് ഘടകങ്ങളും നിലനിർത്തിയാവും പുതിയതിനെ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.
ഒപ്പം വൈബ്രന്റായിട്ടുള്ള കളർ ഓപ്ഷനുകളും എസ്‌യുവിയെ വേറിട്ടുനിർത്തും. പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തും.

സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളിൽ കാണുന്നതിന് സമാനമാണ്. ട്രിപ്പിൾ സ്ക്രീൻ ലേഔട്ടുള്ള സിയറയുടെ ഇന്റീരിയറും കിടിലമായിരിക്കും. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ള പുതുപുത്തൻ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും പുതിയ സിയറ. ICE എഞ്ചിൻ മോഡൽ ഹിറ്റടിച്ച് കഴിഞ്ഞാൽ പിന്നാലെ വരുന്ന ഇവിക്ക് അതൊരു മൈലേജായിരിക്കും. 4WD ലേഔട്ട് പ്രാപ്തമാക്കുന്ന സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനോടെയാവും സിയറ ഇവി ഇന്ത്യയിലെത്തുക.


Click it and Unblock the Notifications








