പഴയ കാറിനോട് ഗുഡ്ബൈ പറഞ്ഞോ... 315 കി.മീ. റേഞ്ചുള്ള കുഞ്ഞൻ ഇവിക്ക് 1.30 ലക്ഷത്തിന്റെ ഓഫറുമായി ടാറ്റ
ഇന്ത്യയിലെ സാധാരണക്കാർക്കായി ഇലക്‌ട്രിക് വാഹനങ്ങൾ നിർമിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. ഇവി രംഗത്തെ അതികായകൻമാരായി വിലസുന്ന കമ്പനിയുടെ നിരയിൽ ഇന്ന് അഞ്ചോളം മോഡലുകളാണുള്ളത്. ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി എന്നീ വണ്ടികളെല്ലാം ജനഹൃദയങ്ങൾ കീഴടക്കി അതിവേഗം മുന്നേറുകയാണ്. ഇതിനിടയിൽ എംജി മോട്ടോർസിൽ നിന്നും ശക്തമായ മത്സരം നേരിടുന്നുണ്ടെന്നത് ടാറ്റയ്ക്ക് ചെറിയൊരു ക്ഷീണമാണ്. എന്നാൽ ഇതിനെ മറികടക്കാനായി അടിപൊളി ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ. ഈ വിലക്കുറവ് കേട്ടാൽ ഷോറൂമുകൾ എത്രയും വേഗം കാലിയാവുമെന്ന് ഉറപ്പാണ്.
1.71 ലക്ഷം രൂപയുടെ ഓഫറുകളാണ് ടാറ്റ ഇലക്ട്രിക് കാറുകൾക്കായി 2025 മാർച്ച് മാസം കാത്തിരിക്കുന്നത്. എന്നാൽ 2024 മോഡൽ ഇയർ ഇവികൾക്ക് മാത്രമേ ആനുകൂല്യങ്ങളുണ്ടാവുകയുള്ളൂവെന്ന് പ്രത്യേകം ഓർമിക്കണ്ടതുണ്ട്. ഇതോടൊപ്പം ഇലക്ട്രിക് കാറുകൾക്കായി കമ്പനി സെലിബ്രേറ്ററി റിവാർഡ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൻ്റെ കീഴിൽ ഉപഭോക്താക്കൾക്ക് 1.86 ലക്ഷം രൂപയുടെ അധിക ഓഫറുകളും ലഭിക്കും.

ഇതിൽ 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബെനഫിറ്റുകൾ, ഫ്രീ ഹോം ചാർജറും ഇൻസ്റ്റാളേഷനും, 6 മാസത്തെ സൗജന്യ ചാർജിംഗ്, സീറോ ഡൗൺ പേയ്‌മെൻ്റ്, 100 ശതമാനം ഓൺ-റോഡ് ഫിനാൻസ്, നിലവിലെ ടാറ്റ ഇവി ഉടമകൾക്കും ടാറ്റ ICE എഞ്ചിൻ വാഹന ഉടമകൾക്കും ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കും പ്രത്യേക അപ്‌ഗ്രേഡ് ആനുകൂല്യങ്ങളുമാണ് മാർച്ച് മാസത്തെ സെലിബ്രേറ്ററി റിവാർഡ് പ്രോഗ്രാമിൽ അവതരിപ്പിച്ചിട്ടുള്ളത്.
ഇനി മോഡൽ തിരിച്ചുള്ള ഓഫറുകൾ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം. ടാറ്റയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ ടിയാഗോ ഇവി വാങ്ങാനെത്തുന്നവർക്ക് പരമാവധി 1.30 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. എന്നാൽ ഈ തുക വിവിധ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും കൃത്യമായി കമ്പനി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ 2024 മോഡൽ ഇയറുകൾക്കാവും കൂടുതൽ തുക ലഭിക്കുക.

19.2 kWh, 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനിലാണ് ടിയാഗോ ഇവി വിപണിയിൽ എത്തുന്നത്. സിംഗിൾ ചാർജിൽ 315 കിലോമീറ്റർ റേഞ്ച് നൽകുന്ന മോഡലിന് നിലവിൽ 7.99 ലക്ഷം മുതൽ 11.14 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കാനാവുന്നത്. അടുത്തിടെ ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ചില പരിഷ്ക്കാരങ്ങൾ കമ്പനി സമ്മാനിച്ചിരുന്നു. പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഗ്രില്ലും ഹെഡ്‌ലൈറ്റുകളും റീഡിസൈൻ ചെയ‌്ത 14 ഇഞ്ച് അലോയ് വീലുകളുമെല്ലാമാണ് ഇവിയിലേക്ക് എത്തിയിരിക്കുന്നത്.
പഞ്ച് ഇവി വാങ്ങാനെത്തുന്നവർക്കും സന്തോഷിക്കാൻ വകയുണ്ട് കേട്ടോ. ടാറ്റയുടെ സമർപ്പിത ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ പഞ്ചിന് 1.20 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 2014 മോഡലുകൾക്കാണിതെന്നതും പ്രത്യേകം ഓർമിക്കണേ. 9.99 ലക്ഷം മുതൽ 14.29 ലക്ഷം വരെയാണ് മൈക്രോ ഇലക്‌ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

നെക്സോൺ ഇവി നോക്കുന്നവർക്ക് 1.41 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഈ മാസം ഉപയോഗപ്പെടുത്താനാവും. എന്നാൽ ഇലക്ട്രിക് എസ്‌യുവിയുടെ 2024 മോഡലുകൾക്ക് മാത്രമേ ഓഫറുകൾ ഒരുക്കിയിട്ടുള്ളൂ. 12.49 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന നെക്സോൺ ഇവി 30 kWh, 46.08 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാങ്ങാനാവുക. 489 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിനൊപ്പം കമ്പനി അവകാശപ്പെടുന്നതും.
ടാറ്റയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ കർവ് ഇവിയുടെ ഓഫറുകളിലേക്ക് വന്നാൽ 2024 മോഡൽ ഇയർ വാഹനങ്ങൾക്ക് 1.71 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഇവി 45 kWh, 55 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് നിരത്തിലേക്ക് എത്തുന്നത്. സിംഗിൾ ചാർജിൽ കർവിന് 502 കിലോമീറ്റർ വരെ ഓടാനും സാധിക്കും.


Click it and Unblock the Notifications








