ബുള്ളറ്റിന്റെ മൈലേജുള്ള കാർ വാങ്ങണേൽ ഇനി പൈസ കൂടുതൽ വേണം, പാവങ്ങളുടെ ബേസ് വേരിയന്റിൽ തൊട്ടില്ല
പുതിയൊരു കാർ വാങ്ങുമ്പോൾ മാരുതിയെ വരെ ഒഴിവാക്കി പലരും ടാറ്റ തെരഞ്ഞെടുക്കുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് വിപണിയിലെ മത്സരത്തിനിടയിൽ ചെറുതായൊന്ന് കാലിടറി നിൽക്കുകയാണ് കമ്പനി. മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും പിന്നിലാണെങ്കിലും സാധാരണക്കാരോട് ചേർന്ന് നിൽക്കുന്ന വാഹന നിർമാതാക്കൾ കൂടിയാണ് ടാറ്റ. അതിന് കാരണം ടിയാഗോ എന്ന കുഞ്ഞൻ ഹാച്ച്ബാക്കാണ്. ആരും കയറാതിരുന്ന ഷോറൂമുകളിലേക്ക് ആളുകളെ കൂട്ടിയ കുട്ടിത്താരം ഇന്നും കച്ചോടം പിടിക്കുന്നതിൽ പല മാരുതി കാറുകളോടും മത്സരിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തരുന്ന ഇതുപോലൊരു മോഡൽ വേറെയുണ്ടോയെന്നും സംശയമാണ്.
നല്ല പെർഫോമൻസ് തരുന്ന എഞ്ചിനും തരക്കേടില്ലാത്ത മൈലേജും ആറ് എയർബാഗുമെല്ലാം ചെറിയ വിലയിൽ കിട്ടുമ്പോൾ ഇന്ത്യക്കാർ മുഖംതിരിക്കില്ലെന്ന് ടാറ്റ മോട്ടോർസിനറിയാം. പക്ഷേ ഇനി മുതൽ ഈ കുഞ്ഞൻ ഹാച്ച്ബാക്ക് പഴയ വിലയ്ക്ക് വാങ്ങാൻ ഒക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. കർവ് കൂപ്പെ എസ്‌യുവിയുടെ വില വർധിപ്പിച്ചതിനോടൊപ്പം തന്നെ ടിയാഗോ, ടിയാഗോ എൻആർജി, ടിഗോർ എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത മോഡലുകളുടെ വിലയിലും മാറ്റം വരുത്തിയിരിക്കുകയാണ് ബ്രാൻഡ്.

ടിയാഗോയെ സാധാരണക്കാരിലേക്ക് അടുപ്പിക്കാനായി ബേസ് XE പെട്രോൾ, XE ഐസിഎൻജി വേരിയന്റുകളുടെ വിലയിൽ ടാറ്റ മോട്ടോർസ് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതാണ് രസകരമായ കാര്യം. ഇവയ്ക്ക് ഇപ്പോഴും യഥാക്രമം 5 ലക്ഷം രൂപയും 6 ലക്ഷം രൂപയും വില മാത്രമാണുള്ളത്. അതേസംയം XM പെട്രോൾ, XZ പെട്രോൾ, XZ+ പെട്രോൾ, XZA പെട്രോൾ, XM സിഎൻജി, XZ സിഎൻജി, XZA സിഎൻജി വേരിയന്റുകൾക്ക് നിലവിലുള്ള വിലയേക്കാൾ 10,000 രൂപ അധികം മുടക്കേണ്ടി വരും.
അടുത്തതായി ടിയാഗോയുടെ XT പെട്രോൾ, XTA പെട്രോൾ, XT സിഎൻജി, XTA സിഎൻജി വകഭേദങ്ങൾക്ക് ഇനി മുതൽ 5,000 രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അങ്ങനെ ടാറ്റ ടിയാഗോയുടെ പുതുക്കിയ വില ഇപ്പോൾ 5 ലക്ഷം രൂപ മുതൽ 8.55 ലക്ഷം രൂപ വരെയാണ് വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലുടനീളം പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളും ടാറ്റയുടെ കോംപാക്‌ട് ഹാച്ചിലുണ്ട്.

1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 6,000 ആർപിഎമ്മിൽ 84 bhp കരുത്തും 3,300 ആർപിഎമ്മിൽ 113 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോൾ മോഡലിന് 19 കിലോമീറ്റർ മുതൽ 20.09 കിലോമീറ്റർ വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
അതേസമയം സിഎൻജിയിലേക്ക് വന്നാൽ 26.49 കിലോമീറ്റർ വരെ കിട്ടുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, കിടിലൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ട്വിൻ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ ആധുനിക കാലത്തിനൊത്ത ഫീച്ചറുകളും ഈ കുട്ടിക്കാറിലുണ്ട്.

ഇന്ത്യയിലെ ചെറുകാർ വിഭാഗത്തിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, റെനോ ക്വിഡ്, മാരുതി സെലേറിയോ, മാരുതി വാഗൺആർ, മാരുതി ഇഗ്നിസ്, മാരുതി എസ്-പ്രെസോ, മാരുതി സ്വിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന ഹാച്ച്ബാക്ക് നിരയുമായാണ് ടാറ്റ ടിയാഗോയുടെ മത്സരം. എങ്കിലും ഇതെല്ലാമായി താരതമ്യം ചെയ്യുമ്പോഴേക്കും ഈ നിരയിലെ ഏറ്റവും സേഫ്റ്റിയുള്ള മോഡൽ കൂടിയാണ് ഇതെന്നത് ആളുകൾക്ക് കൂടുതൽ ഇഷ്‌ടമാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications