ഇപ്പോൾ വില വെറും 4.57 ലക്ഷം മുതൽ, സേഫ്റ്റിയും 27 KM മൈലേജുമുള്ള കുഞ്ഞൻ ടാറ്റ കാറിന്റെ കച്ചോടം ഇരട്ടിയായി
സേഫ്റ്റി എന്നൊരു ഒറ്റക്കാര്യം കൊണ്ട് ആളുകളുടെ മനസിൽ കയറിപ്പറ്റിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ, ടിയാഗോ തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ശക്തിയായി മാറിയ കമ്പനി ഇപ്പോൾ വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡാണ്. ഹ്യുണ്ടായി, മഹീന്ദ്ര എന്നിവരെ ഓവർടേക്ക് ചെയ്‌ത് 2025 സെപ്റ്റംബർ മാസത്തിലാണ് കമ്പനി ഈയൊരു നേട്ടത്തിലേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എതിരാളികൾക്ക് പിന്നിൽ നിൽക്കാനായിരുന്നു യോഗമെങ്കിലും ഉത്സവ സീസണിന് കൊടിയേറിയതോടെ ആളുകളെല്ലാം ടാറ്റ ഷോറൂമുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
പുതിയൊരു കാർ വാങ്ങുമ്പോൾ മാരുതിയെ വരെ ഒഴിവാക്കി പലരും ടാറ്റ തെരഞ്ഞെടുക്കുകയാണ്. ബിൽഡ് ക്വാളിറ്റിയും ഫീച്ചറുകളും താങ്ങാനാവുന്ന വിലയും സേഫ്റ്റിയും എല്ലാം ഒത്തുചേർന്ന് കിട്ടണമെങ്കിൽ ടാറ്റ കാറുകൾ സ്വന്തമാക്കണമെന്നാണ് ആളുകളുടെ പക്ഷം. സാധാരണക്കാരോട് ചേർന്ന് നിൽക്കുന്ന വാഹന നിർമാതാക്കൾ പോയമാസം ടിയാഗോയുടെ വിൽപ്പനയിലൂടെ വലിയ നേട്ടം തന്നെയാണുണ്ടാക്കിയത്.

നെക്സോണും പഞ്ചും കഴിഞ്ഞാൽ ടാറ്റ മോട്ടോർസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടിഗായോ പോയമാസം മാറി. 2025 സെപ്റ്റംബർ മാസത്തിൽ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 8,322 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 4,225 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി ലാഭമാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.
അതായത് ടിയാഗോയുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 97 ശതമാനത്തോളം ഉയർന്നുവെന്ന് സാരം. ആരും കയറാതിരുന്ന ഷോറൂമുകളിലേക്ക് ആളുകളെ കൂട്ടിയ കുട്ടിത്താരം ഇന്നും കച്ചോടം പിടിക്കുന്നതിൽ പല മാരുതി കാറുകളോടും മത്സരിക്കുന്നുണ്ട്. ആൾട്ടോ, സെലേറിയോ, ഇഗ്നിസ്, എസ്-പ്രെസോ തുടങ്ങിയ വമ്പൻമാരെയെല്ലാം പോയമാസം തൂക്കിയെറിയാനും ടിയാഗോയ്ക്കായി. മുന്നിൽ സ്വിഫ്റ്റും വാഗൺആറും മാത്രമാണുള്ളത്.

കുറഞ്ഞ വിലയിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തരുന്നതും കിടിലൻ ഇന്റീരിയറും ഡ്രൈവിംഗ് കംഫർട്ടുമാണ് ടാറ്റ ടിഗായോയുടെ മുഖമുദ്ര. നല്ല പെർഫോമൻസ് തരുന്ന എഞ്ചിനും തരക്കേടില്ലാത്ത മൈലേജും ആറ് എയർബാഗുമെല്ലാം ചെറിയ വിലയിൽ കിട്ടുമ്പോൾ ഇന്ത്യക്കാർ മുഖംതിരിക്കില്ലെന്ന് ടാറ്റ മോട്ടോർസിന് നല്ലതുപോലെ അറിയാം. അടിക്കടി ഹാച്ച്ബാക്കിലേക്ക് നവീകരണങ്ങൾ കൊണ്ടുവരുന്നതിലും കമ്പനി മടിയൊന്നും കാണിക്കാറില്ല.
ഉത്സവ സീസണിലെ കച്ചോടം പൊടിപൊടിക്കുവാനായി ടിയാഗോ വാങ്ങാനെത്തുന്നവർക്ക് സെപ്റ്റംബർ 20 വരെ 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 75,000 രൂപ വരെ എക്സ്ഷോറൂം വിലക്കുറവും 45,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഉൾപ്പെടുന്നത്. ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷമുള്ള ടിയാഗോയുടെ വില 4.57 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 7.82 ലക്ഷവും മുടക്കിയാൽ മതിയാവും. 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോയ്ക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 6,000 ആർപിഎമ്മിൽ 84 bhp കരുത്തും 3,300 ആർപിഎമ്മിൽ 113 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇന്ധനക്ഷമതയിലും ആള് മിടുക്കനാണ്. പെട്രോൾ മോഡലിന് 19 കിലോമീറ്റർ മുതൽ 20.09 കിലോമീറ്റർ വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഇനി ഇതുപോരാത്തവർക്ക് സിഎൻജി ബൈഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 26.49 കിലോമീറ്റർ വരെ കിട്ടുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, കിടിലൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ട്വിൻ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ ആധുനിക കാലത്തിനൊത്ത ഫീച്ചറുകളും ടാറ്റ ടിഗായോ എന്ന കുട്ടിക്കാറിലുണ്ട്.


Click it and Unblock the Notifications








