വാങ്ങാൻ ആരും ഷോറൂമിന്റെ പടികയറുന്നില്ല, മസ്ക്കുലാർ ലുക്കുള്ള ടിയാഗോ ഹാച്ച്ബാക്ക് നിർത്തലാക്കി ടാറ്റ
ഇൻഡിക്കയെന്ന മഹാത്ഭുതത്തിന് ശേഷം ടാറ്റയുടെ ഷോറൂമുകളിൽ സാധാരണക്കാരൻ എത്താൻ തുടങ്ങിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ടിയഗോ (Tata Tiago) എന്ന കൊച്ചുമിടുക്കൻ. കോംപാക്‌ട് രൂപവും നല്ല റിഫൈൻഡായിട്ടുള്ള എഞ്ചിനും ആവശ്യത്തിന് ഫീച്ചറുകളുമെല്ലാം കോർത്തിണക്കിയെത്തിയ ടാറ്റയുടെ ചെറുകാർ വളരെ വേഗമാണ് ആളുകളുടെ ഗുഡ് ബുക്കിൽ ഇടംനേടിയത്. പതിറ്റാണ്ടുകളായി ടാറ്റ മോട്ടോർസ് (Tata Motors) പിന്തുടര്‍ന്ന് വന്ന ഡിസൈന്‍ ശൈലി പൊളിച്ചെഴുതി ഇംപാക്ട് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കി ഒരുങ്ങിയ ടിയാഗോയുടെ 6 ലക്ഷത്തോളം യൂണിറ്റുകളാണ് ഇന്ന് നമ്മുടെ നിരത്തുകളില്‍ കുതിച്ചുപായുന്നത്.
ഡിസൈനിനൊപ്പം സേഫ്റ്റിയുടെ അകമ്പടിയും ടിയാഗോയുടെ ജനപ്രീതിക്ക് അടിത്തറ പാകിയിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ മോഡൽ ഈയൊരു കാരണം കൊണ്ട് മാത്രം വാങ്ങിയവരും അനേകമാണ്. ഇടയ്ക്ക് ഹാച്ച്ബാക്കുകളുടെ ക്രോസ്ഓവർ പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ സുലഭമാവാൻ തുടങ്ങിയൊരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എത്തിയോസ് ലിവയുടെ ക്രോസ്ഓവർ, i20 ക്രോസ് അങ്ങനെ നിരവധി ഉദാഹരണങ്ങൾ പിറന്ന മണ്ണാണിത്.

ഈയൊരു ട്രെൻഡ് പിടിച്ചാണ് ടാറ്റ ടിയാഗോയുടെ ക്രോസ്ഓവർ മോഡലായ NRG വിപണിയിലെത്തുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് അൽപം റഗ്ഗഡ് സ്റ്റൈലിൽ അവതരിപ്പിച്ച വാഹനം തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിഞ്ഞിരുന്നു. ഈ വർഷം മാർച്ചിൽ ഇതിന്റെ 2025 മോഡൽ വരെ കമ്പനി പുറത്തിറക്കിയിരുന്നു. എന്നാൽ വാങ്ങാൻ ആളിത്തതിനാൽ ടിയാഗോ NRG ക്രോസ്ഓവറിന്റെ വിൽപ്പന ടാറ്റ മോട്ടോർസ് അവസാനിപ്പിച്ചിരിക്കുകയാണ്.
X പ്ലാറ്റ്ഫോമിൽ വാഹൻവാർത്തയെന്ന പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ സ്റ്റാൻഡേർഡ് ടിയാഗോ ഹാച്ച്ബാക്കിന്റെ കൂടുതൽ കരുത്തുറ്റ, ക്രോസ്ഓവർ ഹാച്ച്ബാക്ക് പതിപ്പായി എത്തിയ ടിയാഗോ NRG ഇനി മുതൽ ആർക്കും വാങ്ങാനാവില്ലെന്ന് സാരം. സാധാരണ മോഡലിനെ അപേക്ഷിച്ച് ബോൾഡ്, ബുൾ-ബാർ-സ്റ്റൈൽ ലോവർ ബമ്പർ, റഗ്ഗഡ് സ്കിഡ് പ്ലേറ്റ്, ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളുള്ള ഇൻഫിനിറ്റി ബ്ലാക്ക് റൂഫ് എന്നിവയോടെയാണ് ഇതിനെ കമ്പനി വേറിട്ടുനിർത്തിയിരുന്നത്.

കൂടാതെ ഷാർക്ക് ഫിൻ ആന്റിന, സാറ്റിൻ സ്കിഡ് പ്ലേറ്റുള്ള മസ്ക്കുലാർ ടെയിൽഗേറ്റ് ഫിനിഷ്, ഒപ്റ്റിമൈസ് ചെയ്ത ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയുള്ള സവിശേഷ സവിശേഷതകളും ടാറ്റ ടിയാഗോ NRG മോഡലിന്റെ സവിശേഷതകളായിരുന്നു. സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 15 ഇഞ്ച് അലോയ് വീലുകളും ഏറ്റവും പുതിയ ടാറ്റ ടിയാഗോ NRG മോഡലിന് ലഭിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ കൂടുതൽ അഡ്വഞ്ചർ റെഡി രൂപത്തിലേക്ക് ക്രോസ്ഓവർ പതിപ്പിനെ ഒരുക്കുന്നതിൽ ബ്രാൻഡ് വിജയം കണ്ടിരുന്നു.
എക്സ്റ്റീരിയറിലേത് പോലെ ഇന്റീരിയറിലും ചില നവീകരണങ്ങളുണ്ടായിരുന്നു. ചാർക്കോൾ ബ്ലാക്ക് ഇന്റീരിയറുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള സ്മാർട്ട് ഡിജിറ്റൽ സ്റ്റിയറിംഗ് വീൽ, പുതിയ അഡ്വാൻസ്ഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, HD റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഫോൾഡ് ORVM-കൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിയെല്ലാമായിരുന്നു ടിയാഗോ NRG-യിലെ പ്രധാന ഫീച്ചറുകൾ.

ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ടിയാഗോ NRG ക്രോസിന്റെ ഭാഗമായിരുന്നു. എഞ്ചിനിലേക്ക് വന്നാൽ പഴയ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, റിവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2025 ടാറ്റ ടിയാഗോ NRG ക്രോസ്ഓവർ ഹാച്ച്ബാക്കിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 82 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും. വേരിയന്റ് വെട്ടിനിരത്തലിന്റെ ഭാഗമായി NRG നിർത്തിയതിനോടൊപ്പം സ്റ്റാൻഡേർഡ് ടിയാഗോയുടെ അരിസോണ ബ്ലൂ വേരിയന്റും ടാറ്റ നിർത്തലാക്കിയെന്നാണ് വിവരം.


Click it and Unblock the Notifications








