28 KM മൈലേജും, 5.99 ലക്ഷം വിലയും! പക്ഷേ കഴിഞ്ഞ മാസം 1,000 പേർ പോലും ഈ കാർ വാങ്ങിയില്ല, കണ്ണീരോടെ ടാറ്റ
ഒരിടയ്ക്ക് ഇന്ത്യൻ വാഹന വിപണിയിൽ കുതിച്ചുകൊണ്ടിരുന്നവരായിരുന്നു ടാറ്റ മോട്ടോർസ്. എന്നാൽ ഇന്ന് ഒരൽപം കിതപ്പോടെയാണ് എതിരാളികൾക്ക് പിന്നിൽ ടാറ്റ മത്സരിക്കുന്നത്. പഴയ കച്ചോടം ഒന്നും പിടിക്കാനാവാത്തതിനാൽ ബ്രാൻഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു. ചെറിയ മാർജിനിലാണ് ഹ്യുണ്ടായിയോടും മഹീന്ദ്രയോടും മാറ്റുരയ്ക്കുന്നത് എന്നത് കമ്പനിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് എത്തുമ്പോഴേക്കും ഈ ഗ്യാപ്പ് കുറയ്ക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലും ടാറ്റയുടെ ആരാധകർക്കുണ്ട്. എട്ടോളം കാറുകളാണ് ടാറ്റ നിലവിൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. ഇതോടൊപ്പം 6 മോഡലുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാറുകളുടെ നിരയും വേറെയുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും കച്ചോടം കുറവുള്ള മോഡൽ ഏതാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലരും ഇങ്ങനൊരു കാർ വിപണിയിലുണ്ടെന്ന കാര്യം പോലും മറന്നിട്ടുണ്ടാവും. മറ്റേതുമല്ല, ടിയാഗോയുടെ സെഡാൻ പതിപ്പായ ടിഗോറാണ് നിലവിൽ ഏറ്റവും കച്ചോടം കുറവുള്ള ടാറ്റ കാർ. 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ടിഗോറിന്റെ വിൽപ്പന ആയിരത്തിൽ താഴെ മാത്രമായിരുന്നു.

2025 ജൂലൈയിൽ ടിഗോർ വാങ്ങാനെത്തിയത് വെറും 968 പേർ മാത്രമാണ്. 2024 ജൂലൈയിലെ 1,495 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 35 ശതമാനത്തിന്റെ നഷ്‌ടമാണ് കോംപാക്‌ട് സെഡാന്റെ വിൽപ്പനയിൽ ടാറ്റ നേരിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറായി മാരുതി സുസുക്കി ഡിസയർ പല മാസങ്ങളിൽ വരുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ സെഡാൻ ഇത്രയും പിന്നിലേക്ക് പോയിരിക്കുന്നത്.
ടാറ്റ മോട്ടോർസിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ എന്ന പേരുദദോഷം കേൾപ്പിച്ചുവെങ്കിലും ഡിസൈൻ നോക്കിയാലും ഫീച്ചറുകൾ നോക്കിയാലും സേഫ്റ്റി നോക്കിയാലും തരക്കേടില്ലാത്ത വണ്ടിയാണ് ടിഗോർ. XT, XZ പ്ലസ് ലക്‌സ്, XM, XZ, XZ പ്ലസ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ടിഗോർ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനിലും വാങ്ങാനാവും.

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ പാർക്കിംഗ് ക്യാമറ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ശക്തമായ ബോഡി ഘടന, ഒതുക്കമുള്ള ഡിസൈൻ, ഏകദേശം 419 ലിറ്ററിന്റെ വലിയ ബൂട്ട് കപ്പാസിറ്റി എന്നിവയാണ് ടാറ്റ കോംപാക്‌ട് സെഡാന്റെ പ്രത്യേകതകൾ.
1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. 86 bhp പവറിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയാണ് വിപണിയിലെത്തുന്നത്. ഈ കാറിൽ സിഎൻജി ഓപ്ഷനും ഉണ്ടെന്നത് മൈലേജ് ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമായുള്ള സംഗതിയാണ്. ഈ കാറിന്റെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്.

അതേസമയം ടാറ്റ ടിഗോറിന്റെ മാനുവൽ വേരിയന്റ് ലിറ്ററിന് 20.3 കിലോമീറ്ററും, സിഎൻജി മാനുവൽ വേരിയന്റ് ലിറ്ററിന് 26.49 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 28.06 കിലോമീറ്റർ ഇന്ധക്ഷമതയും നൽകുന്നുണ്ട്. നിലവിൽ 5.99 ലക്ഷം മുതൽ 9.50 ലക്ഷം വരെയാണ് ടിഗോറിന് വരുന്ന എക്സ്ഷോറൂം വില. എസ്‌യുവികളുടെ ട്രെൻഡ് വേറെ തലത്തിലേക്ക് നീങ്ങുന്നതിനാലാണ് ടിഗോറിന്റെ കച്ചോടം ഇത്രയും കുറയാൻ കാരണമായിരിക്കുന്നത്.
ഒപ്പം ഷോറൂമിലെത്തുന്നവർ ഇതേ ബജറ്റിൽ തന്നെ ടാറ്റ പഞ്ച് എസ്‌യുവി സ്വന്തമാക്കാനുള്ള അവസരം കൂടുതലായി ഉപയോഗിക്കുന്നുവെന്ന് വേണം പറയാൻ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള ഈ മോഡൽ എസ്‌യുവികളേക്കാൾ മികച്ച യാത്രാസുഖവും ലഗേജ് സ്പേസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതെല്ലാം പരിഗണിക്കുന്നവർക്ക് യാതൊരു സംശയവും കൂടാതെ വാങ്ങിക്കാം ടിഗോറിനെ.


Click it and Unblock the Notifications








