ഇന്നോവ വാങ്ങുന്ന പൈസയില്ല, 9 പേർക്ക് അടിച്ചുപൊളിച്ച് പോവാൻ ടാറ്റയുടെ 9-സീറ്റർ! വിലയും കൊള്ളാം
ബാച്ചിലർ പാർട്ടിയെന്ന അമൽ നീരദ് ചിത്രത്തിലൂടെ മിക്കവർക്കും സുപരിചിതമായ വാഹനമായിരിക്കും ടാറ്റ വിംഗർ. ഫ്രണ്ട്‌സും ഫാമിലിയുമെല്ലാമായി അടിച്ചുപൊളിച്ച് ട്രിപ്പ് പോവാൻ പലരും വാങ്ങണമെന്ന് മനസിൽ കോറിയിട്ടിരിക്കുന്ന വണ്ടികൂടിയാണിത്. യാത്രാ, ടൂറിസം മേഖലയ്ക്കും വേണ്ടി ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന വിഭാഗം പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന 9 സീറ്റർ വാനിന്റെ പുത്തൻ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 20.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിംഗർ പ്ലസ് എന്നുപേരിട്ടിരിക്കുന്ന മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പഴയ പതിപ്പിനെ അപേക്ഷിച്ച് ധാരാളം പുതുകളോടെയാണ് ആശാൻ രംഗത്തെത്തിയിരിക്കുന്നത്.
കിടിലൻ ഡിസൈൻ, ഫീച്ചറുകൾ, ടെക്നോളജി എന്നിവയുടെ സംയോജനത്തിലൂടെ ഈ സെഗ്മെന്റിൽ ടാറ്റ വിംഗർ പണ്ടേ വലിയൊരു മാനദണ്ഡം സൃഷ്ടിച്ചിട്ടുണ്ട്. ആംറെസ്റ്റുകളുള്ള റിക്ലൈനബിൾ ക്യാപ്റ്റൻ സീറ്റുകൾ, പേഴ്‌സണൽ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, പേഴ്‌സണൽ എസി വെന്റുകൾ, വിശാലമായ ലെഗ്‌റൂം, വിശാലമായ ക്യാബിൻ, വിശാലമായ ലഗേജ് ഏരിയ എന്നിവയിലൂടെ മികച്ച ഇൻ-ക്ലാസ് സുഖസൗകര്യങ്ങളാണ് ടാറ്റ മോട്ടോർസിന്റെ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനം സമ്മാനിക്കുന്നത്.

മോണോകോക്ക് ഷാസിയിൽ നിർമിച്ചിരിക്കുന്ന ഈ വാൻ ഉയർന്ന സേഫ്റ്റി, സ്റ്റെബിലിറ്റി, കാറിലേത് പോലെയുള്ള യാത്രാ സുഖം എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. 100 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് നൽകുന്ന 2.2 ലിറ്റർ ഡൈകോർ (Dicor) ഡീസൽ എഞ്ചിനാണ് പുതിയ ടാറ്റ വിംഗറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. വിംഗർ പ്ലസിൽ ടാറ്റ മോട്ടോർസിന്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്.
ഇത് ഓപ്പറേറ്റർമാർക്ക് ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, ഫ്ലീറ്റ് ഒപ്റ്റിമൈസേഷൻ എന്നിവ സാധ്യമാക്കുന്നതിന് സഹായിക്കും. യാത്രക്കാർക്ക് പ്രീമിയം അനുഭവവും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ആകർഷകമായ മൂല്യവും നൽകുന്നതിനാണ് വിംഗർ പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ മോട്ടോർസിന്റെ വൈസ് പ്രസിഡന്റും കൊമേഴ്‌സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു.

മികച്ച യാത്രാ സുഖം, മികച്ച ഇൻ-ക്ലാസ് കംഫർട്ട് ഫീച്ചറുകൾ, സെഗ്‌മെന്റ്-ലീഡിംഗ് മൈലേജ് എന്നിവയാൽ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ ലാഭവും ടാറ്റ വിംഗർ പ്ലസിന് നൽകാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തുടനീളമുള്ള വിനോദ സഞ്ചാരത്തിനുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ എന്തുകൊണ്ടും യോഗ്യനാണ് പുതിയ മോഡൽ.
വാണിജ്യ പാസഞ്ചർ വാഹന വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിനായാണ് വിംഗർ പ്ലസ് നിർമിച്ചിരിക്കുന്നത് എന്നുകൂടി ആനന്ദ് എസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലായി 9 സീറ്റർ വാനുകൾ മുതൽ 55 സീറ്റർ ബസുകൾ വരെ ഉൾപ്പെടുന്ന ടാറ്റ മോട്ടോർസിന്റെ വിപുലമായ പാസഞ്ചർ കൊമേഴ്‌സ്യൽ വാഹന ശ്രേണിക്ക് പുതിയ വിംഗർ പ്ലസിന്റെ വരവ് കരുത്താവും.
ഗ്യാരണ്ടീഡ് ടേൺഅറൗണ്ട് സമയം, AMC ഓപ്ഷനുകൾ, ജെനുവിൻ സ്പെയറുകളിലേക്കുള്ള ആക്‌സസ്, രാജ്യവ്യാപകമായ ബ്രേക്ക്ഡൗൺ സഹായം എന്നിവ ഉറപ്പാക്കുന്ന കമ്പനിയുടെ വെഹിക്കിൾ ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് പ്രോഗ്രാമായ സമ്പൂർണ സേവ 2.0 സർവീസും ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ വിംഗർ പ്ലസ് 9 സീറ്റർ വാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്ത്യയിലുടനീളമായി 4,500-ലധികം സെയിൽസ്, സർവീസ് ടച്ച്‌പോയിന്റുകളുടെ വലിയ ശൃംഖല തന്നെയുള്ള ടാറ്റ മോട്ടോർസ് കൊമേഴ്സ്യൽ പാസഞ്ചർ വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന വിംഗർ പ്ലസ് എന്ന പുതുമോഡൽ വരും ദിവസങ്ങളിൽ വലിയ ചർച്ചയാവുമെന്നതിൽ സംശയമൊന്നും വേണ്ട. താരതമ്യേന കുറഞ്ഞ വില ആളുകളെ ആകർഷിക്കാൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








