ഇനി 39 കിലോമീറ്റർ അധികം ഓടിക്കാം, മോഡൽ Y ഇവിയുടെ റേഞ്ച് സൈലന്റായി വർധിപ്പിച്ച് ടെസ്‌ല; അതും ഫ്രീയായി
നീണ്ട നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ എത്തിയത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു. മോഡൽ 3 ഇവിയുമായി എത്തിയ കമ്പനിക്ക് പ്രതീക്ഷിച്ചത്ര വരവേൽപ്പ് ലഭിച്ചില്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ ഇലോൺ മസ്ക്കിന്റെ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ. അടുത്തിടെ കാറിന്റെ ഇന്ത്യയിലെ ഡെലിവറിയും ടെസ്‌ല ആരംഭിച്ചിരുന്നു. പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം നമ്മുടെ രാജ്യത്തേക്ക് എത്തുന്നത്. ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിർമിച്ചാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സ്റ്റാൻഡേർഡ് RWD, ലോംഗ് റേഞ്ച് RWD എന്നീ രണ്ട് വേരിയന്റുകളിലായി അവതിപ്പിച്ചിരിക്കുന്നത്.
റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ഇലക്‌ട്രിക് കാറിന് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇലക്ട്രിക് കാർ സിംഗിൾ ചാർജിൽ പരമാവധി 622 കിലോമീറ്റർ വരെ റേഞ്ചാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ അമേരിക്കൻ ഇവി നിർമാതാക്കൾ മോഡൽ Y-യുടെ റേഞ്ച് വർധിപ്പിച്ച് പുറത്തിറക്കിയിരിക്കുകയാണ്.

ടോപ്പ്-സ്പെക്ക് ലോംഗ് റേഞ്ച് മോഡലിന്റെ WLTP സൈക്കിൾ പ്രകാരം അവകാശപ്പെടുന്ന റേഞ്ച് 661 കിലോമീറ്ററായാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. 2025 ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് മുതൽ ടെസ്‌ല 78.1 kWh ബാറ്ററി പായ്ക്കുള്ള ഫുള്ളി-ലോഡഡ് ലോംഗ് റേഞ്ച് RWD വേരിയന്റിന്റെ ഡെലിവറിയാണ് ആരംഭിച്ചത്. റേഞ്ച് വർധനവ് വലിയ 84.2kWh ബാറ്ററി പായ്ക്ക് വഴിയാണ് നേടിയതെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
എന്നിരുന്നാലും റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിൽ മാറ്റമില്ല. അതിനാൽ പെർഫോമൻസ് കണക്കുകളും നേരത്തേതു പോലെ തന്നെ തുടരുകയാണെന്നാണ് വിവര. ടെസ്‌ല മോഡൽ Y ഇവിയുടെ ഈ വേരിയന്റ് 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇവിയുടെ സ്റ്റാൻഡേർഡ് RWD ട്രിം 64kWh ബാറ്ററി പായ്ക്കും 500 കിലോമീറ്റർ (WLTP-റേറ്റഡ്) അവകാശപ്പെടുന്ന റേഞ്ചുമാണ് തരുന്നത്.

വലിയ ബാറ്ററി പായ്ക്കും അധികമായി അവകാശപ്പെടുന്ന റേഞ്ചും ഒഴികെ മോഡൽ Y-യിൽ മറ്റൊന്നും പരിഷ്ക്കരിച്ചിട്ടില്ല. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്. അലങ്കോലങ്ങളൊന്നുമില്ലാത്ത ഡിസൈൻ ആരേയും ആകർഷിക്കുന്നതാണ്. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ടെസ്‌ലയുടെ ഇലക്ട്രിക് എസ്‌യുവി കാണാൻ നല്ല ചന്തമായിട്ടുണ്ട്.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്റീരിയറും ഇന്ത്യക്കാർക്ക് പുതുമയുള്ളതായിരിക്കും. 15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ഇതിൽ കൊടുത്തിട്ടുണ്ട്.

വാങ്ങുന്നവർക്ക് ഓൾ ബ്ലാക്ക് അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എന്നീ രണ്ട് ഇന്റീരിയർ തീമുകളിൽ മോഡൽ Y സ്വന്തമാക്കാനാവും. 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നീ ഫീച്ചറുകളും ടെസ്‌ല ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ല.
എന്നാൽ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും. ചാർജിംഗിന്റെ കാര്യത്തിലും ആശാൻ മിടുമിടുക്കനാണ്. 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും. എന്തായാലും റേഞ്ച് 39 കിലോമീറ്ററോളം കൂടിയത് വിൽപ്പനയെ സ്വാധീനിക്കുമെന്ന് തന്നെ വിശ്വസിക്കാം.


Click it and Unblock the Notifications








