അവസാനം അത് സംഭവിച്ചു, ടെസ്‌ലയുടെ ആദ്യ കാർ ഇന്ത്യയിൽ! 15 മിനിറ്റ് ചാർജിൽ 267 കിലോമീറ്റർ വരെ ഓടിക്കാം
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് സാക്ഷാൽ ടെസ്‌ല കാറുകൾ ഇന്ത്യയിൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ. ടെസ്‌ലയുടെ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വർഷങ്ങളുടെ കണക്കുണ്ട്. എന്തായാലും ഏറെ വൈകിയിട്ടാണെങ്കിലും ഇലോൺ മസ്ക്കിന്റെ വണ്ടിക്കമ്പനി നമ്മുടെ രാജ്യത്തും കാലുകുത്തിയതിൽ ഏവർക്കും സന്തോഷിക്കാം. നമ്മുടെ നിരത്തുകളിലും ഇനി ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ ചീറിപ്പായുന്നത് കാണാം. മോഡൽ Y എസ്‌യുവിയാണ് ആഭ്യന്തര വിപണിയിൽ ടെസ്‌ല പുറത്തിറക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ആദ്യ ഡീലർഷിപ്പ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (BKC) ഉദ്ഘാടനം ചെയ്തതോട് അനുബന്ധിച്ചാണ് കാറിന്റെ അവതരണവും നടന്നിരിക്കുന്നത്.
റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും.

നിലവിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഫീച്ചറുകൾക്ക് ഡ്രൈവറിന്റെ മേൽനോട്ടം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു നിരാകരണവും ടെസ്‌ല അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ സെൽഫ് ഡ്രൈവിംഗ് സവിശേഷതകൾ വികസിക്കുന്നതിനനുസരിച്ച് കാറിന് ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ലഭിക്കും. ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ വരവ് എന്തായാലും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഊർജമാവുമെന്നതിൽ സംശയമൊന്നും വേണ്ട.
ഇന്ത്യയിൽ ഇതുവരെ അങ്ങനെ കണ്ടിട്ടില്ലെങ്കിലും ടെസ്‌ലയുടെ മോഡൽ Y ആഗോള പ്രശസ്‌തമാണ്. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്. ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്.

ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്ത്യയിൽ മോഡൽ Y ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും ലഭ്യമാകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ.
15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവയെല്ലാമാണ് ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്. കാറിലെ യാത്രകളെല്ലാം നല്ല സുഖകരമായിരിക്കുമെന്നതിലും സംശയമൊന്നും വേണ്ട.

ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.
അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.


Click it and Unblock the Notifications








