ഇലക്‌ട്രിക് കാറുകൾ നിർമിക്കാൻ ടെസ്‌ല കൂട്ടുപിടിക്കുന്നത് ടാറ്റയെ; ഒന്നിച്ചാൽ പിന്നെ സംഭവിക്കുന്നത് അറിയാല്ലോ
ലോകത്തെ ഏറ്റവും സമ്പന്ന വ്യവസായിയായ ഇലോൺ മസ്ക്കിന്റെ (Elon Musk) ഇലക്‌ട്രിക് വാഹന വിഭാഗമായ ടെസല ഇന്ത്യയിലേക്ക് വരുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇതുവരെ കാര്യമായ പുരോഗതിയൊന്നുമില്ലാതെ കിടക്കുകയായിരുന്ന ടെസ്‌ലയുടെ വരവ് പലരും മറക്കാനും തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന വ്യക്തമായ സൂചനകളുമായി ടെസ്‌ല മുമ്പോട്ടു വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ജോലിക്ക് ആളെ വിളിച്ച് അമേരിക്കൻ ഇവി നിർമാതാക്കൾ എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ ഡീലർഷിപ്പുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുകയാണിപ്പോൾ.
പൂർണമായും വിദേശത്ത് നിർമിച്ച വാഹനങ്ങളായിരിക്കില്ല ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുക എന്നതാണ് ഏറ്റവും പുതിയ വാർത്ത. പകരം ഇവികൾ രാജ്യത്ത് തന്നെ പണികഴിപ്പിക്കാനാണ് ഇലോൺ മസ്ക്കിന്റെ തീരുമാനം. ഇലക്ട്രിക് കാറുകൾ പ്രാദേശികമായി പണികഴിപ്പിക്കുന്നതിനായി ഇന്ത്യയിൽ ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്. നിർമാണത്തിൽ പങ്കാളികളാവാൻ രാജ്യത്തെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ സഹായവും ടെസ്‌ല തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ശതകോടീശ്വരനായ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇൻകോർപ്പറേറ്റഡ് ഇന്ത്യയിൽ തങ്ങളുടെ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം തിരകയുകയാണിപ്പോൾ. 2021 ജനുവരിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗം ബെംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് അമേരിക്കൻ ബ്രാൻഡിന് പ്രവർത്തിക്കാൻ താത്പര്യമെന്നാണ് വിവരം.
മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹീരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചകൻ, ചിഖാലി തുടങ്ങിയ സ്ഥലങ്ങളിൽ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ഓട്ടോമോട്ടീവ്, മെർസിഡീസ് ബെൻസ്, ഫോക്‌സ്‌വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളുടെ സാന്നിധ്യമുണ്ട്. കൂടാതെ, മഹാരാഷ്ട്ര തിരഞ്ഞെടുക്കാനുള്ള മറ്റൊരു പ്രധാന കാരണം തുറമുഖത്തിന്റെ സാമീപ്യമാണ്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതി കേന്ദ്രമാക്കി ഇന്ത്യൻ നിർമാണശാലയെ മാറ്റാൻ പദ്ധതിയിടുന്നതിനാൽ ഇതും കമ്പനിക്ക് സഹായകരമാവും.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. തുടക്കത്തിൽ പറഞ്ഞതുപോലെ നിർമാണ പിന്തുണയ്ക്കായി ടെസ്‌ല ഇൻകോർപ്പറേറ്റഡ് ടാറ്റ മോട്ടോർസുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റയ്ക്ക് വിതരണ ശൃംഖലയിലും ഘടക സ്രോതസ്സിംഗിലും കമ്പനിയെ സഹായിക്കാനാവും. ഇതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളിലും ടാറ്റ മോട്ടോർസിന് ടെസ്‌ലയെ സഹായിക്കാനാകും. എന്തായാലും ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഇക്കൂട്ടത്തിൽ ടാറ്റയുടെ പങ്കാളിത്തം കൂടിയുണ്ടെങ്കിൽ വിപണിയിലെ എതിരാളികൾക്ക് കനത്ത തിരിച്ചടി നൽകാൻ ഇരുകമ്പനികൾക്കുമാവും. നിലവിൽ ഇന്ത്യയില്‍ ആകെ 13 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ടെസ്‌ല ക്ഷണിച്ചിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ഇലോൺ മസ്ക്കിന്റെ സ്വന്തം കമ്പനിയുടെ പ്രവർത്തനവും വികസനവും സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








