ബേസ് മോഡൽ വേണേൽ കാത്തിരിക്കേണ്ടത് ഒന്നര വർഷം! ഥാർ റോക്‌സിന്റെ വെയിറ്റിംഗ് പിരീഡ് കണ്ടോ
മഹീന്ദ്രയുടെ എക്കാലത്തേയും ഐക്കണിക് വാഹനങ്ങളിൽ ഒന്നാവും ഥാർ (Mahindra Thar). എസ്‌യുവിയെന്ന വിശേഷണത്തിന് ശരിക്കും അർഹനായിരുന്ന മോഡൽ 3-ഡോർ പതിപ്പായിരുന്നതിനാൽ പ്രായോഗികതയുടെ കാര്യത്തിൽ ഏറെ പിന്നിലായിരുന്നുവെന്നതാണ് ശരി. അതിനാൽ തന്നെ ഫാമിലി എസ്‌യുവിയെന്ന വിശേഷണം ഥാറിന് ഒരിക്കലും ചേരുന്നതായിരുന്നില്ല. വണ്ടിയെ കുറിച്ച് ആർക്കെങ്കിലും കുറ്റം പറയണമെങ്കിൽ ആകെയുണ്ടായിരുന്ന കാരണവും ഇതായിരുന്നു. എന്നാൽ ഥാർ റോക്‌സിന്റെ വരവോടെ കുറ്റം പറയുന്ന ആളുകളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-ന് വിപണിയിലെത്തിച്ച എസ്‌യുവിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചതും.
വില പ്രഖ്യാപനത്തിൽ ആളുകളെല്ലാം ഫ്ലാറ്റായപ്പോൾ വണ്ടി ബുക്ക് ചെയ്യാൻ ഫാൻസെല്ലാം ക്യൂ നിൽക്കുകയായിരുന്നു. ഇപ്പോഴും വരി നിൽക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം. 2024 ഓഗസ്റ്റിൽ പുറത്തിറങ്ങി 6 മാസത്തിലേറെയായിട്ടും മഹീന്ദ്ര ഥാർ റോക്‌സിന്റെ ജനപ്രീതി കുറയുന്നില്ല. ഡിമാൻഡ് നിലനിർത്തുന്നതിനായി ഫെബ്രുവരിയിൽ ഥാർ, ഥാർ റോക്‌സ് എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനും കമ്പനി തയാറായിരുന്നു.

രണ്ട് എസ്‌യുവികളുടെയും 9,000-ത്തിലധികം യൂണിറ്റുകൾ ഇപ്പോൾ എല്ലാ മാസവും 30:70 എന്ന അനുപാതത്തിൽ നിർമിച്ച് പുറത്തിറക്കുന്നുമുണ്ട്. മിക്ക ഥാർ റോക്‌സ് വേരിയന്റുകളുടെയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ ഇത് സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ചില ട്രിമ്മുകളുടെ ഡെലിവറി സമയം അതേപടി തുടരുകയോ ഉയരുകയും ചെയ്‌തിട്ടുണ്ടെന്നതും പ്രത്യേകം എടുത്ത് പറയേണ്ട വിഷയമാണ്.
മഹീന്ദ്ര ഥാർ റോക്സ് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് 5-ഡോർ എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വെയിറ്റിംഗ് പിരീഡ് എങ്ങനെയാണെന്ന് പറഞ്ഞുതരാം. ഡീസൽ മാനുവൽ, ഡീസൽ ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭ്യമായതും 21.59 ലക്ഷം മുതൽ 23.09 ലക്ഷം രൂപ വരെ വിലയുള്ളതുമായ ടോപ്പ്-സ്പെക്ക് ഥാർ റോക്സ് AX7L 4x4 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 12 മാസമായി കുറഞ്ഞിട്ടുണ്ട് ഇപ്പോൾ.

ഫെബ്രുവരിയിലെ ഡെലിവറി സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ 6 മാസത്തോളം കുറവ് വന്നിട്ടുണ്ടെന്ന് സാരം. പക്ഷേ 12.99 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെ വിലയുള്ള പെട്രോൾ മാനുവൽ, ഡീസൽ മാനുവൽ രൂപങ്ങളിൽ ലഭ്യമായ ബേസ് സ്പെക്ക് ഥാർ റോക്സ് MX1 വാങ്ങാനാണ് പ്ലാനിട്ടിരിക്കുന്നതെങ്കിൽ ബുക്ക് ചെയ്‌ത് ഏകദേശം 18 മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്.
മിഡ്-സ്പെക്ക് MX3, AX3L, MX5, AX5L എന്നീ വേരിയന്റുകൾ തെരഞ്ഞെടുക്കുന്നവർക്ക് 4 മാസത്തിൽ വണ്ടി കൈയിൽ കിട്ടുമെന്നും പറയുന്നു. അതേസമയം ഥാർ റോക്സ് AX7L 4x2, MX5 ഡീസൽ-മാനുവൽ 4x4 എന്നീ വകഭേദങ്ങൾ വാങ്ങുന്നവർക്ക് 10 മാസം വരെയാണ് ബുക്കിംഗ് പിരീഡായി ഡീലർഷിപ്പുകൾ ചോദിക്കുന്നത്. ഥാർ 3-ഡോർ 4WD കൺവെർട്ടബിൾ ഹാർഡ് ടോപ്പ് ട്രിം വെയിറ്റിംഗ് പിരീഡ് 9 മാസം വരെയാണ്.

ഫെബ്രുവരിയിലെ ഡെലിവറി സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ 4 മാസത്തിന്റെ വർധനവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം. 4WD ഹാർഡ് ടോപ്പ് പെട്രോൾ, ഡീസൽ ട്രിമ്മുകൾക്ക് 3 മാസം വരെയാണ് ബുക്കിംഗ് പിരീഡ് വരുന്നത്. ഇത് RWD ഹാർഡ് ടോപ്പ് ഡീസലിനും ബാധകമാണ്. RWD രൂപത്തിൽ ഥാർ ഹാർഡ് ടോപ്പ് പെട്രോൾ വാങ്ങുന്നവർ ഡെലിവറിക്ക് കുറഞ്ഞത് 2 മാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
ആരേയും മോഹിപ്പിക്കുന്ന വിധത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു. മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്.

177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
അതുകൂടാതെ ഇക്കഴിഞ്ഞ ദിവസം മഹീന്ദ്ര ഥാർ റോക്‌സിന്റെ 2025 മോഡൽ ഇയറും പുറത്തിറക്കിയിരുന്നു. എസ്‌യുവിയിലെ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള ചെറിയ ഫീച്ചർ അപ്‌ഗ്രേഡുകളാണ് 5-ഡോർ ഥാറിലേക്ക് എത്തിയിരിക്കുന്നത്. എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയാണ് എസ്‌യുവിയിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പ് ലഭ്യമായിരുന്നത് പോലെ തന്നെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഥാറിൽ എല്ലാ ഫീച്ചറുകളും തുടർന്നും ലഭ്യമാവും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാൽ സമ്പന്നമാണ് നമ്മുടെ ഥാർ റോക്സ്.
ഇതോടൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ളതിനാൽ മഹീന്ദ്ര ഥാർ റോക്‌സിന്റെ സേഫ്റ്റിയെ കുറിച്ച് അധികം പറയേണ്ടതില്ലല്ലോ.
സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ADAS എന്നീ സുരക്ഷാ സന്നാഹങ്ങളാണ് 5-ഡോർ ഥാർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത്.
ഇനി അധികം വൈകാതെ 3-ഡോറിലേക്കും എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ എത്തുമോയെന്ന കാര്യവും വരും ദിവസങ്ങളിൽ അറിയാനാവും. അങ്ങനെയെങ്കിൽ ഥാർ റോക്‌സ് വാങ്ങാനെത്തുന്നവർ ചെറിയ മോഡലിലേക്കും ആകൃഷ്ടരാവും. മിക്കവാറും മോഡലിന് ഒരു മുഖംമിനുക്കൽ സമ്മാനിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടിപ്പോൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








