പഞ്ചറായാൽ എന്തുചെയ്യും? ഈ കാറുകളിൽ സ്പെയർ വീൽ കിട്ടത്തില്ല കേട്ടോ, ഇവരെ നോക്കി വേണം വാങ്ങാൻ
യാത്രകളിൽ പലരുടേയും പേടിസ്വപ്‌നമാണ് പഞ്ചർ. വാഹനം ഉപയോഗിക്കുന്നവരിൽ പലരും ഒരു തവണയെങ്കിലും നേരിട്ടിട്ടുണ്ടാവുന്ന പ്രശ്‌നമായിരിക്കും ഇത്. ഇത്തരമൊരു സന്ദർഭം നേരിട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുക സ്റ്റെപ്പിനി ടയറിനെയാവും. സാധാരണയായി നാല് ടയറുകളും ഒരു സ്‌പെയര്‍ ടയറും അടക്കം കാറുകളിൽ 5 വീലുകളാണ് വരുന്നത്. പഞ്ചർ പോലെ എന്തെങ്കിലും സന്ദർഭങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ അതിനെ നേരിടാനായാണ് വാഹന നിർമാതാക്കൾ ഈയൊരു കാര്യം പണ്ടുമുതലേ കൊടുക്കാറുള്ളത്. പൊതുവേ ഡിക്കിയുടെ അടിയിലാണ് സ്‌പെയര്‍ വീൽ കൊടുക്കാറുള്ളത്. സാധാരണ ടയറുകളില്‍ ഒന്ന് പഞ്ചര്‍ ആകുമ്പോഴോ, കേടാകുമ്പോഴോ ഉപയോഗിക്കുന്നതിനായി വാഹനത്തില്‍ സൂക്ഷിക്കുന്ന ഒരു എക്‌സ്ട്രാ വീലാണിത്.
കേടായ ടയര്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യുന്നത് വരെ അടിയന്തിര ഉപയോഗത്തിന് ഇവ ഉപകാരപ്പെടും. അതിനാൽ ഇവയുടെ കണ്ടീഷനും മികച്ചതായി തന്നെ സൂക്ഷിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുകാലത്ത് ഏതൊരു പുതിയ കാറിന്റെയും വളരെ അത്യാവശ്യ ഘടകമായിരുന്ന സ്പെയർ വീലുകൾ ഇപ്പോൾ പല ബ്രാൻഡുകളും ഒഴിവാക്കി തുടങ്ങിയിട്ടുണ്ടെന്നതാണ് നിരാശകരമായ കാര്യം.

പുതിയ കാറുകളിൽ ഇവയ്ക്ക് പകരം പഞ്ചർ റിപ്പയർ കിറ്റാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ സ്പെയർ വീലുകൾ നല്‍കണമെന്നായിരുന്നു നിയമം. എന്നാല്‍ 2020-ല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് ഒരു വാഹനത്തില്‍ ട്യൂബ്‌ലെസ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവയുണ്ടെങ്കില്‍ സ്‌പെയര്‍ വീല്‍ നല്‍കേണ്ടതില്ലെന്നതായി.
ഇതോടെ ചിലവ് കുറയ്ക്കാൻ ബ്രാൻഡുകൾ ഇത് ഒഴിവാക്കിയും തുടങ്ങി. അതിനാൽ ഇനി പുത്തനൊരു കാർ വാങ്ങാൻ പോവുമ്പോൾ ഡിക്കി തുറന്ന് ഒന്ന് നോക്കിയേക്കണേ. അല്ലെങ്കിൽ വാഹനം ബുക്ക് ചെയ്യുന്നതിന് മുമ്പ് ഡീലർഷിപ്പിൽ കാര്യം തിരക്കി ഉറപ്പ് വരുത്തുകയും വേണം. ഫാക്ടറിയിൽ നിന്ന് സ്പെയർ ടയർ ഇല്ലാതെ ഇന്ത്യയിൽ നിലവിൽ ഏതൊക്കെ ബജറ്റ് ഫ്രണ്ട്ലി കാറുകളാണ് വിൽക്കുന്നതെന്ന് നോക്കിലായോ?

കോമെറ്റ് ഇവി: നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി. അതിനാൽ ഒരു ഫുൾ സൈസ് സ്പെയർ ടയർ ഉൾക്കൊള്ളിക്കാൻ വാഹനത്തിൽ മതിയായ ഇടമില്ലെന്നത് ഊഹിക്കാനാവുമല്ലോ അല്ലേ. എങ്കിലും വാങ്ങുന്നവർ ആശങ്കപ്പെടേണ്ട കാര്യമില്ല. എക്സ്ട്രാ വീലിന് പകരം ഇവിയിൽ ഒരു ടയർ സീലന്റ് ജെൽ, ടയർ ഇൻഫ്ലേറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നുണ്ട്.
ടിയാഗോ ഇവി: ടാറ്റ മോട്ടോർസിന്റെ വൈദ്യുത വാഹന നിരയിലെ ഏറ്റവും ചെറിയ കാറായ ടിയാഗോ ഇവി സ്പെയർ ടയർ ഇല്ലാതെ വിപണിയിലെത്തിയ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് ഫ്രണ്ട്ലി കാറുകളിൽ ഒന്നായിരുന്നു. സ്പെയർ ടയർ ഇല്ലാതാക്കിയതിന് പിന്നിലെ പ്രധാന കാരണം ബാറ്ററി മൊഡ്യൂളുകൾ ഉപയോഗിക്കുന്ന സ്പേസായിരുന്നു. സ്പെയർ ടയറിന് പകരം ഇവിയിൽ ഒരു പഞ്ചർ റിപ്പയർ കിറ്റും പോർട്ടബിൾ ടയർ ഇൻഫ്ലേറ്ററുമാണ് ടാറ്റ ലഭ്യമാക്കിയത്. ഒപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും കാറിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.

പഞ്ച് ഇവി: സ്പെയർ വീൽ ഒഴിവാക്കിയ ടിയാഗോ ഇവിയിലെ അതേ തന്ത്രം ടാറ്റ മോട്ടോർസ് അവരുടെ മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിലും ഉപയോഗിച്ചു. എങ്കിലും പഞ്ചറായി വഴിയിൽ കിടക്കാതിരിക്കാൻ സ്പെയർ വീലിന് പകരം വണ്ടിയിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും പഞ്ചർ റിപ്പയർ കിറ്റും ടയർ ഇൻഫ്ലേറ്ററും ഉൾപ്പെടുത്തി കമ്പനി ഉപഭോക്താതക്കളെ തൃപ്ത്തിപ്പെടുത്തി.
ഫ്രോങ്ക്സ്: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ സ്പെയർ ടയർ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫ്രോങ്ക്‌സിന്റെ ടർബോ വകഭേദങ്ങളിൽ പഞ്ചർ റിപ്പയർ കിറ്റും ടയർ ഇൻഫ്ലേറ്ററും മാത്രമേ ലഭിക്കൂ. അതേസമയം നോൺ-ടർബോ പതിപ്പുകളിൽ ചിലതിൽ കമ്പനി സ്പെയർ വീലുകൾ ഉൾപ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്.
ഗ്രാൻഡ് വിറ്റാര: ഫ്രോങ്ക്സിലേത് പോലെ തന്നെ മാരുതി സുസുക്കിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങളിലാണ് സ്പെയർ ടയറുകൾ ലഭിക്കാത്തത്. ഹൈബ്രിഡ് സിസ്റ്റത്തിനായുള്ള ബാറ്ററി പായ്ക്കാണ് ഈ എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് കവരുന്നതിനാലാണ് എക്സ്ട്രാ വീൽ ഒഴിവാക്കിയിരിക്കുന്നത്. പകരം ടിപിഎംഎസ്, പഞ്ചർ റിപ്പയർ കിറ്റ്, ടയർ ഇൻഫ്ലേറ്റർ എന്നിവയെല്ലാം കമ്പനി നൽകുന്നുണ്ട്.
വിക്ടോറിസ്: ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി പുതുതായി പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവി വിക്ടോറിസിന്റെ ഒരു വേരിയന്റിലും സ്പെയർ ടയർ ലഭിക്കുന്നില്ലെന്നതാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സ്പെയർ ടയർ നീക്കം ചെയ്യുന്നത് കെർബ് വെയ്റ്റ് കുറയ്ക്കുന്നതിനും മൈലേജ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.


Click it and Unblock the Notifications








