ഒന്നാന്തരം വണ്ടികളുണ്ട്! 10 ലക്ഷത്തിനുള്ളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള കാറുകൾ നോക്കിയാലോ
നിലവിൽ ഓട്ടോമാറ്റിക് കാറുകളുടെ ജനപ്രീതി വർധിച്ചുവരികയാണ്. പല മാനുവൽ മോഡലുകളേക്കാൾ മൈലേജ് തരുമെന്നത് മാത്രമല്ല, ഓടിക്കാനും എളുപ്പമാണ് ഇവരെന്നതാണ് പലരേയും ഇതിലേക്ക് ആകർഷിക്കുന്നത്. വീട്ടിലെ സ്ത്രീകൾക്കും കൊണ്ടുനടക്കാമല്ലോയെന്ന ചിന്തയുള്ളതിനാൽ പുതിയൊരു വണ്ടിയെടുക്കുമ്പോൾ ഗിയർലെസ് മോഡലുകൾ തെരഞ്ഞെടുക്കുന്നവരാണ് അധികവും. പക്ഷേ ഇന്നും അതിനോട് അത്ര പ്രിയം ഇല്ലാത്തവരുമുണ്ട്. പ്രത്യേകിച്ച് പുരുഷൻമാരിൽ പലരും മാനുവൽ ട്രാൻസ്മിഷനുള്ള കാറുകളോടാണ് കൂടുതൽ താത്പര്യം കാണിക്കാറുള്ളത്. ക്ലച്ച് ചവിട്ടി ഗിയർ മാറി പോവുന്ന സുഖം അവർ ആസ്വദിക്കാറുണ്ട്.
പണ്ടൊക്കെ 4-സ്പീഡ് ഗിയർബോക്‌സായിരുന്നു അധികവും ഉണ്ടായിരുന്നതെങ്കിൽ പിന്നീടത് 5-സ്പീഡിലേക്ക് മാറി. ഈയടുത്ത് വരെ അഞ്ച് ഗിയറുകളായിരുന്നു കൂടുതൽ മോഡലുകളിലുമുണ്ടായിരുന്നത്. എന്നാൽ കാലത്തിനൊത്ത് കോലം മാറണമല്ലോയെന്ന് പറയുന്നത് പോലെ 6-സ്പീഡ് ഗിയർബോക്‌സാണ് ഇപ്പോൾ ട്രെൻഡിംഗ്. ഹൈവേ ഡ്രൈവിംഗിലും മറ്റും കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ ഇത് സഹായിക്കും. 10 ലക്ഷം ബജറ്റിൽ സിക്സ് സ്പീഡ് ട്രാൻസ്മിഷൻ ലഭിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?

ടാറ്റ നെക്സോൺ: ടാറ്റ മോട്ടോർസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് നെക്സോൺ. ശരിക്കും പറഞ്ഞാൽ കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പനയാണ് കമ്പനിയുടെ നട്ടെല്ല് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ വൈവിധ്യമാർന്ന ചോയ്‌സുകളും നെക്സോണിലുണ്ടെന്നത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്.
ഒപ്പം 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കുന്ന രാജ്യത്തെ ബജറ്റ് ഫ്രണ്ട്ലി എസ്‌യുവികളിൽ ഒന്ന് കൂടിയാണിത്. നെക്‌സോണിന്റെ സ്മാർട്ട്, സ്മാർട്ട് പ്ലസ്, പ്യുവർ, ക്രിയേറ്റീവ് വേരിയന്റുകളിലാണ് ലഭ്യമാവുകയെന്ന് മാത്രം. 9 ലക്ഷം മുതലാണ് ടാറ്റ മോട്ടോർസിന്റെ കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നതും. അതുകൊണ്ട് 6-സ്പീഡ് ട്രാൻസ്മിഷൻ നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷനായിരിക്കും ഇത്.

ഹ്യുണ്ടായി വെന്യു: അൽപ്പം കൂടി വിപുലമായ 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ഗിയർബോക്‌സ് (iMT) ഓപ്ഷൻ വേണമെന്നുള്ളവർക്ക് കണ്ണുംപൂട്ടി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വെന്യു സ്വന്തമാക്കാം. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമാകുന്ന iMT ഗിയർബോക്‌സിന് 10 ലക്ഷം രൂപയിൽ താഴെയാണ് എക്‌സ്ഷോറൂം വില വരുന്നത് എന്നതിനാൽ ഇതൊരു ആകർഷകമായ ഡീലായിരിക്കും. ക്ലച്ച് ചവിട്ടേണ്ട തലവേദനയില്ലാത്തതിനാൽ അക്കാര്യത്തലും എളുപ്പമുണ്ട്.
സ്കോഡ കൈലാക്: ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ എൻട്രി ലെവൽ എസ്‌യുവിയായ കൈലാക്കിനും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാണുള്ളത്. അതും 10 ലക്ഷം രൂപ വിലയിൽ താഴെ വണ്ടി കിട്ടുമെന്നത് ഡ്രൈവിംഗ് പ്രേമികളെ ഹരം കൊള്ളിക്കുന്ന കാര്യമാണ്. 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുമായി വരുന്ന കൈലാക് ഓടിക്കാനും വളരെ രസകരമായ മോഡലാണ്.

ഹ്യുണ്ടായി i20: വെന്യുവിലേതുപോലെ i20 പ്രീമിയം ഹാച്ച്ബാക്കിലും 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്. iMT ട്രാൻസ്മിഷനുമായി വരുന്ന വേരിയന്റിന് 8.80 ലക്ഷം മുതൽ 9.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈയൊരു സംവിധാനം ലഭ്യമാവുകയുള്ളൂ. വണ്ടിയുടെ മറ്റ് മോഡലുകളിൽ 5-സ്പീഡ് മാനുവലാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








