35.8 കി.മീ. മൈലേജുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് ഹാച്ച്ബാക്ക് ഇന്ത്യയിൽ, ക്യാമറക്കണ്ണിൽ കുടുങ്ങിയ വണ്ടി മനസിലായോ
ഇന്ത്യക്കാരോട് പ്രത്യേക ഇഷ്‌ടമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. ക്വാളീസ് മുതൽ ഇങ്ങോട്ട് കൊണ്ടുവന്ന കിടിലം മോഡലുകളുടെ നിരയെടുത്താൽ ഇക്കാര്യം മനസിലാക്കാനാവും. അതുപോലെ തന്നെയാണ് തിരിച്ചും. വണ്ടി വാങ്ങിയാൽ കിട്ടുന്ന അടിപൊളി സർവീസും കാറുകളുടെ ക്വാളിറ്റിയുമെല്ലാം പകരംവെക്കാനില്ലാത്തതാണ്. ഇന്നോവയെന്ന ഇതിഹാസത്തെ ആധുനിക കാലത്തിനൊത്ത് പരിഷ്ക്കരിച്ചതും ഹൈറൈഡർ പോലൊരു ഹൈബ്രിഡ് എസ്‌യുവി കൊണ്ടുവന്നതുമെല്ലാം വാഹനപ്രേമികൾക്ക് സന്തോഷിക്കാനാവുന്ന കാര്യങ്ങളായിരുന്നു. എങ്കിലും ടൊയോട്ടയിൽ നിന്നും കൂടുതൽ വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അതും അന്താരാഷ്ട്ര വിപണികളിൽ തിമിർക്കുന്ന പല വണ്ടികളും ഇവിടെ കൊണ്ടുവന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ടൊയോട്ട പ്രേമികളുണ്ടാവില്ല.
അത്തരക്കാർക്ക് സന്തോഷിക്കാനാവുന്ന വകുപ്പുമായി നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ടൊയോട്ടയുടെ പുത്തനൊരു വാഹനം. ഏതാണന്നല്ലേ, അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്കിനെയാണ് ഇന്ത്യൻ നിരത്തുകളിൽ കമ്പനി ഇറക്കിയിരിക്കുന്നത്. എന്തിന് വേണ്ടിയുള്ള പരീക്ഷണയോട്ടമാണെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് വിപ്ലവമുണ്ടാക്കാൻ കഴിയുന്ന കൊച്ചൊരു വണ്ടിയാണിതെന്ന് നിസംശയം പറയാം.

ഇന്ത്യയിലെ ചെറുകാർ വിഭാഗത്തിൽ ടൊയോട്ട റീബ്രാൻഡഡ് ചെയ്ത മാരുതി സുസുക്കി വാഹനങ്ങൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന കാര്യമായിരുന്നു. ഇനി ഈയൊരു തന്ത്രം സൈഡിലേക്ക് മാറ്റിവെച്ച് തങ്ങളുടെ സ്വന്തം വണ്ടിയെ രാജ്യത്തിന് സമർപ്പിക്കുമോയെന്നത് ഇനി കണ്ടറിയണം. ടൊയോട്ടയ്ക്ക് ഇന്ത്യയിൽ അക്വാ ഹാച്ച്ബാക്ക് പുറത്തിറക്കുന്നതിൽ താൽപ്പര്യം കുറവായിരിക്കാം.
പകരം കമ്പനിയുടെ ഹൈബ്രിഡ് പവർട്രെയിനിന്റെ സാധ്യതാ വിശകലനം നടത്തുന്നതിനായാവും അക്വാ ഹാച്ചിനെ ടൊയോട്ട നിരത്തിലിറക്കി പരിശോധിക്കുന്നത്. ടൊയോട്ട ഇന്ത്യയിൽ ആഗോള വാഹനങ്ങൾ പരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതും വസ്‌തുതയാണ്. ഇന്ത്യയിൽ യാതൊരു മറകളും ഇല്ലാതെ ടൊയോട്ട അക്വായെ നിരത്തിലിറക്കിയതിന്റെ കാരണവും ഇതുതന്നെയാവാം.

2021-ൽ ജപ്പാനിൽ പുറത്തിറക്കിയ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ രണ്ടാം തലമുറ പതിപ്പാണിത്. യാരിസ്, യാരിസ് ക്രോസ്, സിയന്റ എന്നിവയ്ക്ക് സമാനമായി TNGA-B പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട അക്വാ ഹൈബ്രിഡ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതൊരു FWD മോഡൽ ആണെങ്കിലും റിയർ മോട്ടോറുള്ള ഇ-ഫോർ വകഭേദങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ വാഹനത്തിലെ 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും പ്രവർത്തിക്കുന്നുണ്ട്.
അങ്ങനെ ആകെ 116 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ടൊയോട്ട അക്വായ്ക്ക് കഴിയും. ഒരു ഇസിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ലിറ്ററിന് 35.8 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്. അക്വാ ഹൈബ്രിഡിന്റെ പ്രധാന പ്രത്യേകത ഇതൊന്നുമല്ല കേട്ടോ, വണ്ടി വേറൊരു സംഭവത്തിന് കൂടി പേരുകേട്ടതാണ്.

100V/1,500W ആക്‌സസറി പവർ ഔട്ട്‌ലെറ്റ് ഉപയോഗിച്ച് വാഹനത്തിനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പോലും പവർ നൽകാൻ കഴിയുന്ന ബൈപോളാർ നിക്കൽ ഹൈഡ്രജൻ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ വാഹനമായിരുന്നു അക്വാ എന്നതായിരുന്നു പ്രത്യേകത. എന്തായാലും അക്വാ ഇന്ത്യയിൽ എത്തുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം. പക്ഷേ ഈ കാറിൽ ഉപയോഗിച്ചിരിക്കുന്ന ഹൈബ്രിഡ് സിസ്റ്റം ഇന്ത്യൻ വാഹന വിപണിക്കൊരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയയൊന്നും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








