ലോകത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റവരിൽ ഒന്നാമനായി ടൊയോട്ട, അഞ്ചാം തവണയും പിന്നിലാക്കിയത് ഈ ജർമൻ കമ്പനിയെ
തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്ന (World's Largest Carmaker ) പദവി നിലനിർത്തി ടൊയോട്ട (Toyota). ഫോക്‌സ്‌വാഗൺ പോലുള്ള മറ്റ് ആഗോള ഭീമന്മാരെ പിന്തള്ളിയാണ് സുപ്രധാനമായ ഈ നേട്ടം ജാപ്പനീസ് ബ്രാൻഡ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒരു കോടിയിലധികം വാഹനങ്ങൾ വിറ്റഴിച്ചതോടെയാണ് ബഹുമതി ടൊയോട്ട മോട്ടോറിനെ തേടിയെത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത എതിരാളിയായ ഫോക്‌സ്‌വാഗനേക്കാൾ (Volkswagen) 10 ലക്ഷത്തിലധികം കാറുകൾ കൂടുതൽ വിപണനം ചെയ്‌താണ് ജാപ്പനീസ് ബ്രാൻഡ് കരുത്ത് കാട്ടിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാർ ബ്രാൻഡ് നിലയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടും, ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കാർ നിർമാതാക്കളായിട്ടാണ് ടൊയോട്ട പേരെടുത്തിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ 1 കോടിയലധികമായിരുന്നു ടൊയോട്ട ഗ്രൂപ്പിന്റെ മൊത്തവിൽപ്പന. ഇതിൽ ആഡംബര കാർ ബ്രാൻഡായ ലെക്സസ്, മിനി-വെഹിക്കിൾ നിർമാതാക്കളായ ഡൈഹാത്സു മോട്ടോർ, ട്രക്ക് നിർമാതാക്കളായ ഹിനോ മോട്ടോർസ് എന്നിവയുടെ കണക്കുകൾ ചേർന്നതാണ് നേട്ടം കൈവരിക്കാൻ കമ്പനിക്കായത്.

കഴിഞ്ഞ വർഷം ഗ്രൂപ്പ് വിറ്റ 1.08 കോടി കാറുകളിൽ ടൊയോട്ടയും ലെക്സസും ചേർന്ന് 1.02 കോടി വാഹനങ്ങൾ അല്ലെങ്കിൽ മൊത്തം വിൽപ്പനയുടെ 95 ശതമാനത്തോളം സംഭാവന ചെയ്തു. ജപ്പാൻ, ചൈന, തുടങ്ങിയ ആഗോള വിപണികളിൽ സംഭവിച്ച വിൽപ്പന ഇടിവില്ലായിരുന്നുവെങ്കിൽ ടൊയോട്ടയ്ക്ക് ബഹുദൂരം കുതിക്കാനാവുമായിരുന്നു. പോയ വർഷം ടൊയോട്ടയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ 3.7 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ടൊയോട്ട വിറ്റഴിച്ച കാറുകളിൽ ഭൂരിഭാഗവും പെട്രോളിലോ ഡീസലിലോ പ്രവർത്തിക്കുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളായിരുന്നു. കൂടെ പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് കാറുകൾ കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യുന്നു. നിലവിൽ ഹൈബ്രിഡ് കാറുകളിലൂടെ വലിയ നേട്ടമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ കൊയ്യുന്നത്. ഇന്ത്യയിൽ ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ ഹൈബ്രിഡ് മോഡലുകളും ജനപ്രിയരാണ്.

ആഗോള വിപണികളിലെ ടൊയോട്ടയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 40 ശതമാനവും ഹൈബ്രിഡ് കാറുകളാണ് സംഭാവന ചെയ്‌തിരിക്കുന്നത്. മൊത്തത്തിലുള്ള വിൽപ്പനയുടെ ഏകദേശം 1.5 ശതമാനം മാത്രമാണ് ഇവികളിൽ നിന്നും ലഭിക്കുന്നത്. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 3.26 ലക്ഷത്തിലധികം കാറുകളാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
ഇതിൽ മൊത്തം വിൽപ്പനയിൽ 3 ലക്ഷത്തിലധികം യൂണിറ്റുകൾ ഇന്ത്യയിൽ വിതരണം ചെയ്തപ്പോൾ 26,232 യൂണിറ്റുകൾ മറ്റ് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ 2023 കലണ്ടർ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ വിൽപ്പനയിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്താൻ കമ്പനിക്കായിട്ടുണ്ടെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.

ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായി ഇത്തവണയും മാറിയത്. 2024-ൽ കമ്പനി 90 ലക്ഷത്തിലധികം വാഹനങ്ങളാണ് ആഗോളതലത്തിൽ വിറ്റഴിച്ചത്. സ്കോഡ, ഫോക്‌സ്‌വാഗൺ, സീറ്റ്, കുപ്ര തുടങ്ങിയ കാർ ബ്രാൻഡുകളും ആഡംബര വാഹന ബ്രാൻഡായ ഔഡി, ലംബോർഗിനി, ബെന്റ്ലി, പോർഷ, ഡ്യുക്കാട്ടി എന്നിവയെല്ലാം ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ ഉൾപ്പെടുന്നവയാണ്.
2023 കലണ്ടർ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗ്രൂപ്പിന്റെ വിൽപ്പന 2.3 ശതമാനം കുറഞ്ഞു. എതിരാളികളിൽ നിന്ന് വിലയുദ്ധങ്ങൾ നേരിട്ട ചൈനയിലെ വിൽപ്പനയിലെ നഷ്‌ടമാണ് ഈ ഇടിവിന് ഒരു പ്രധാന കാരണം. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മോശമാക്കാതെ വിൽപ്പന പിടിക്കാനും കമ്പനിക്കാവുന്നുണ്ട്. നിലവിൽ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ തുടങ്ങിയ 3 മോഡലുകളാണ് ഫോക്‌സി ഇന്ത്യയിൽ പുറത്തിറക്കുന്നത്.


Click it and Unblock the Notifications








