25.49 KM മൈലേജുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് കാറിന് പണികിട്ടി, വാങ്ങിയവർക്ക് ഫ്രീയായി നന്നാക്കി തരാമെന്ന് കമ്പനി
ഇന്ത്യക്കാർക്കിടയിൽ ഹൈബ്രിഡ് കാറുകളെ ജനപ്രിയമാക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. കാമ്രി, ഹൈക്രോസ്, ഹൈറൈഡർ തുടങ്ങിയ മോഡലുകളിലാണ് ഈയൊരു എഞ്ചിൻ ഘടിപ്പിച്ച് കമ്പനി പണംവാരുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലും പുതുതായി പുറത്തിറക്കിയ വിക്ടോറിസിലും വരെ ടൊയോട്ടയുടെ ഹൈബ്രിഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത് എന്നകാര്യം ഇപ്പോഴും പലർക്കും അറിയാൻ വയ്യ. എന്തായാലും ഈ ടെക്നോളജിയിൽ അഗ്രകണ്യൻമാരായ കമ്പനി തങ്ങളുടെ കാമ്രി ഹൈബ്രിഡ് കാറിന് തിരിച്ചുവിളിച്ചിരിക്കുകയാണ്. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മോഡൽ ആഡംബര കാർ വിഭാഗത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്നുണ്ട്.
ഇതിനിടയിലാണ് ചെറിയ തകരാർ വാഹനത്തെ ബാധിച്ചിരിക്കുന്നത്. പക്ഷേ എഞ്ചിനിലോ ഗിയർബോക്‌സിലോ ഒന്നുമല്ല നിർമാണ തകരാർ കണ്ടുപിടിച്ചിരിക്കുന്നത്. 360 ഡിഗ്രി ക്യാമറ സിസ്റ്റത്തിലെ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണ് പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാനെ തിരികെയെത്തിക്കാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ഒമ്പതാം തലമുറ ടൊയോട്ട കാമ്രിയുടെ 2,257 യൂണിറ്റുകളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്.

SIAM രേഖകളുടെ അടിസ്ഥാനത്തിൽ പനോരമിക് വ്യൂ മോണിറ്റർ (PMV) സിസ്റ്റത്തിലെ ഘടകമായ പാർക്കിംഗ് അസിസ്റ്റ് ഇസിയുവിലെ തകരാർ പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കൽ. ടൊയോട്ട തങ്ങളുടെ 360 ഡിഗ്രി ക്യാമറയെ വിളിക്കുന്ന പേരാണ് പനോരമിക് വ്യൂ മോണിട്ടർ. സോഫ്റ്റ്‌വെയറിലെ പിശക് കാരണം റിവേഴ്‌സ് ചെയ്യുമ്പോൾ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനിലെ ചിത്രം ഇടയ്ക്ക് ഹാങാവുന്ന പ്രശ്‌നം പല ഉടമകളും റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇത് പരിഹരിക്കാനാണ് കമ്പനി വാങ്ങിയവരെല്ലാം കാമ്രി തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തകരാർ കണ്ടെത്തിയാൽ ഫ്രീയായി തന്നെ പരിഹരിച്ച് നൽകുമെന്നും ജാപ്പനീസ് ബ്രാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്. കൂട്ടത്തിൽ അടുത്തിടെ ജിഎസ്‌ടി നിരക്ക് കുറച്ചതോടെ ടൊയോട്ട കാമ്രിയുടെ വിലയും കുറഞ്ഞിരുന്നു. എലഗന്റ്, കാമ്രി സ്പ്രിന്റ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന കാറിന് യഥാക്രമം 47.48 ലക്ഷം, 47.62 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

സെഡാന്റെ പുതിയ സ്‌പോർട്ടിയർ വേരിയന്റായ കാമ്രി സ്പ്രിന്റ് എഡിഷൻ അടുത്തിടെയാണ് വിപണിയിലെത്തിയത്. പുതുക്കിയ സ്റ്റൈലിംഗും പെർഫോമൻസ് നവീകരണങ്ങളുമുള്ള കാമ്രിയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് എഡിഷൻ നിർമിച്ചിരിക്കുന്നത്. ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക് ആക്‌സന്റുകളുള്ള ഡ്യുവൽ-ടോൺ എക്സ്റ്റീരിയറാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
പുതിയ മാറ്റ് ബ്ലാക്ക് അലോയ് വീലുകളും പ്രീമിയം സെഡാന്റെ ആകർഷണീയത വർധിപ്പിക്കുന്നുണ്ട്. ഫ്രണ്ട്, റിയർ ബോഡി കിറ്റുകളും റിയർ സ്‌പോയിലറും അടങ്ങുന്ന ഒരു എക്‌സ്‌ക്ലൂസീവ് സ്‌പോർട്‌സ് കിറ്റും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസയ്ക്ക് വാഹനം വസൂലാണ്. ബാക്കിയുള്ള ഡിസൈനെല്ലാം അതേപടിയാണ്. ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയുടെ പിന്തുണയോടെയുള്ള 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിയുടെ ഹൃദയം.

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 230 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ, നോർമൽ, സ്‌പോർട് എന്നീ ഡ്രൈവ് മോഡുകളും കാറിലുണ്ട്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ളതിനാൽ ലിറ്ററിന് 25.49 കിലോമീറ്റർ മൈലേജാണ് സെഡാനിൽ അവകാശപ്പെടുന്നത്. ഹൈബ്രിഡ് ബാറ്ററിക്ക് ടൊയോട്ട 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്‌ബോർഡ് ഡിസൈൻ, 9 സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നീ ഫീച്ചറുകളെല്ലാം കുത്തിനിറച്ചുള്ള ഇന്റീരിയറും കാമ്രിയുടെ പ്രത്യേകതയാണ്.


Click it and Unblock the Notifications








