ഇന്ത്യക്കാർക്ക് കിട്ടാക്കനിയായ ടൊയോട്ടയുടെ ഹൈബ്രിഡ് എസ്‌യുവി, പുതിയ രൂപത്തിൽ വിപണിയിലേക്ക്
ലോകത്തിന്റെ ഏത് കോണിലായാലും ടൊയോട്ടയെന്ന വാഹന നിർമാതാക്കൾക്ക് എന്നും ഒരു പ്രത്യേക ഇമേജ് തന്നെയാണുള്ളത്. ഇന്ത്യക്കാർക്കിടയിൽ ടൊയോട്ടയ്ക്ക് പ്രത്യേക പരിഗണന തന്നെ ലഭിക്കാറുണ്ട്. ഒരു സ്റ്റാറ്റസ് സിമ്പലായി കാണുന്നതിനാൽ തന്നെ മാരുതി റീബാഡ്‌ജ് ചെയ്‌തിറക്കുന്ന ടൊയോട്ടയുടെ വണ്ടികൾക്ക് വരെ ഇവിടെ ഫാൻസ് ഏറെയാണ്. അങ്ങനെയുള്ള രാജ്യത്ത് ഒറിജിനൽ കാറുകൾ കൊണ്ടുവന്നാൽ എന്താവും സ്ഥിതിയെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ. ഇവിടെ മാരുതി കാറുകളെ സ്വന്തം ബാഡ്‌ജ് ഘടിപ്പിച്ച് പുറത്തിറക്കുന്ന തിരക്കിലാണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ കമ്പനി നല്ല കിണ്ണംകാച്ചിയ വണ്ടികളൊക്കെ പുറത്തിറക്കുന്നുണ്ട് കേട്ടോ.
അന്താരാഷ്‌ട്ര വിപണികളിൽ കമ്പനി പുറത്തിറക്കുന്ന മോഡലുകൾ കണ്ടാൽ ഇന്നോവ വരെ എടുത്ത് കിണറ്റിലാൻ തോന്നിപ്പേയേക്കാം. വിദേശ രാജ്യങ്ങളിലിറക്കുന്ന പല മോഡലുകളും ഇന്ത്യയിൽ ഇറക്കിയിരുന്നുവെങ്കിൽ എന്നാശിച്ച് എത്രയോ ആരാധകർ കാത്തിരിപ്പുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു മോഡൽ കൂടി എത്തിയിരിക്കുകയാണിപ്പോൾ. മറ്റേതുമല്ല നമ്മുടെ കൊറോള ക്രോസ് എന്ന എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ആ കക്ഷി.

യൂറോപ്യൻ വിപണികൾക്കായാണ് ടൊയോട്ട പുതുക്കിയ കൊറോള ക്രോസ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഡിസൈൻ മാറ്റങ്ങൾ, ഇന്റീരിയർ മെച്ചപ്പെടുത്തലുകൾ, ഒരു പുതിയ ജിആർ സ്‌പോർട്ട് ട്രിം എന്നിവയെല്ലാം നൽകിയാണ് എസ്‌യുവിക്ക് ഇത്തവണ മുഖംമിനുക്കൽ കമ്പനി സമ്മാനിച്ചിരിക്കുന്നതും. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ നേരത്തെ വിപണനത്തിന് എത്തിയ മോഡൽ അതിസുന്ദരനാണ്.
ജാപ്പനീസ് ബ്രാൻഡിന്റെ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനം പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്. അന്താരാഷ്ട്ര വിപണികളിൽ എൻട്രി ലെവൽ കോംപാക്‌ട് എസ്‌യുവിയായി പ്രവർത്തിക്കുന്ന കൊറോള ക്രോസ് ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനംമയക്കുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ബോഡി-കളർ ഹണികോമ്പ് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം.

ഹെഡ്‌ലൈറ്റുകളിൽ പുതിയ ഇല്യൂമിനേറ്റഡ് സ്ട്രിപ്പ്, അഡാപ്റ്റീവ് എൽഇഡി സാങ്കേതികവിദ്യ, സിഗ്നേച്ചർ എൽ-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുക്കിയ ബംബറുകൾ എന്നിവയാണ് കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻവശത്ത് ഒരുക്കിയിരിക്കുന്ന പ്രധാന നവീകരണങ്ങൾ. വശക്കാഴ്ച്ചയിൽ കാര്യമായ പൊളിച്ചെഴുത്തുകളൊന്നും ഇല്ലെങ്കിലും 18 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈൻ പുതുക്കിയിട്ടുണ്ട്.
പിന്നിലെ പരിഷ്ക്കാരങ്ങൾ ടെയിൽ ലൈറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം പുതിയ GR സ്‌പോർട് വേരിയന്റിന് ഷാർപ്പ് ഫ്രണ്ട് ഫാസിയ, 19 ഇഞ്ച് ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, എക്‌സ്‌ക്ലൂസീവ് സ്ട്രോം ഗ്രേ കളർ ഓപ്ഷൻ എന്നിവയുൾപ്പെടെയുള്ള ചില സ്‌പോർട്ടി ടച്ചുകളാണ് നൽകിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാലും സംഗതി അടിപൊളിയാണെന്ന് ഊഹിക്കാമല്ലോ.

യുഎസ്ബി-സി പോർട്ട്, ക്വി വയർലെസ് ചാർജർ, സ്ലൈഡിംഗ് സ്റ്റോറേജ് ബോക്സ്, അപ്ഡേറ്റ് ചെയ്ത കപ്പ് ഹോൾഡറുകൾ തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള വിശാലമായ സെന്റർ കൺസോളാണ് ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ ഇപ്പോൾ 1.5 മടങ്ങ് വേഗതയുള്ളതും ആപ്പിൾ കാർപ്ലേയ്ക്ക് തുല്യവുമായതിനാൽ കണക്റ്റിവിറ്റിയും അടിപൊളിയാണ്.
ഗിയർ സെലക്ടറും കൂടുതൽ മനോഹരമായി റീഡിസൈൻ ചെയ്തിട്ടുണ്ട്. 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ടൊയോട്ട സ്മാർട്ട് കണക്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. മഴയും റോഡിലെ മറ്റ് ശബ്ദങ്ങളും കുറയ്ക്കുന്നതിന് റൂഫിൽ ഉയർന്ന ഡാമ്പിംഗ് ബോണ്ടിംഗ് മെറ്റീരിയലുകളാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. റിയർ വെന്റിലേറ്റർ ഏരിയയ്ക്ക് സമീപം കൂടുതൽ നോയിസ് ഇൻസുലേഷനും ഉയർന്ന വകഭേദങ്ങൾക്കായി ത്രീ-ലെയർ ഇന്നർ ഡാഷ് സൈലൻസറും ടൊയോട്ട ചേർത്തിട്ടുണ്ട്.

കൊറോള ക്രോസിന്റെ എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ 169 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഫ്രണ്ട്-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകൾ എന്നിവയിലും ലഭ്യമാണ്. മറുവശത്ത് ഹൈബ്രിഡ് വേരിയന്റ് ഹൈബ്രിഡ് 140, ഹൈബ്രിഡ് 200 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണനത്തിന് എത്തുന്നത്.
കൊറോള ക്രോസിന്റെ ഹൈബ്രിഡ് 140 പതിപ്പിന് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.8 ലിറ്റർ ഫോർ-പോട്ട് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 138 bhp പവറോളും നൽകാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ ഹൈബ്രിഡ് 200 വേരിയന്റ് 194 bhp ഉത്പാദിപ്പിക്കുന്ന ഒരു വലിയ ഡിസ്പ്ലേസ്മെന്റ് 2.0 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഇലക്ട്രിക് മോട്ടോറുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
യൂറോപ്യൻ വിപണികളിൽ ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുത്തൻ മോഡൽ ഈ വർഷം മധ്യത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മറ്റ് രാജ്യങ്ങളും വിൽപ്പനയ്‌ക്കെത്തുമെങ്കിലും മുഖംമിനുക്കിയെത്തിയ പുതിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഉദ്ദേശമൊന്നും ടൊയോട്ടയ്ക്ക് ഇതുവരെയില്ലെന്ന് വേണം പറയാൻ.
യൂറോപ്യൻ വിപണികളിൽ ആദ്യമായാണ് കൊറോള ക്രോസിന്റെ GR സ്‌പോർട് പതിപ്പ് അവതരിപ്പിക്കുന്നത്. മുമ്പ് വിവിധ ആസിയാൻ രാജ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്ന GR സ്‌പോർട് ട്രിമിൽ നിന്ന് കാര്യമായി വ്യത്യാസങ്ങളുമായാണ് ഇത് യൂറോപ്പിലെത്തുന്നത്. കൂടുതൽ സ്പോർട്ടിയറായ മുൻവശം, വലിയ അഷ്ടഭുജാകൃതിയിലുള്ള ലോവർ ഗ്രിൽ, ഏറ്റവും പുതിയ GR യാരിസിനെ അനുസ്മരിപ്പിക്കുന്ന ചതുരാകൃതിയിലുള്ള ഔട്ടർ ഇൻടേക്കുകളും ഉണ്ട്.
യുണീക്കായ 19 ഇഞ്ച് വൈ-സ്‌പോക്ക് അലോയ് വീലുകളും ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് GR സ്പോർട്ടിന്റെ പ്രത്യേകതയാണ്. കൂടാതെ ഗ്ലോസ് ബ്ലാക്ക് ബാഡ്ജുകളും ഈ വേരിയന്റിന് മാത്രമുള്ള സ്റ്റോം ഗ്രേ എക്സ്റ്റീരിയർ നിറവും വാഹനത്തിന് പ്രീമിയം ലുക്കും സമ്മാനിക്കുന്നുണ്ട്. അകത്തളത്തിൽ GR സ്‌പോർട്ടിന് റെഡ് സ്റ്റിച്ചിംഗ്, GR എംബ്രോയ്ഡറി ഹെഡ്‌റെസ്റ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും കമ്പനി സമ്മാനിച്ചു.
കൂടുതൽ എഞ്ചിൻ ബ്രേക്കിംഗിനായി ഐഡിൽ സ്പീഡ് വർധിപ്പിക്കുന്ന പ്രത്യേക സ്‌പോർട് മോഡും ഈ വേരിയന്റിന്റെ ഗമ കൂട്ടുന്ന കാര്യങ്ങളാണ്. പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾ, മെച്ചപ്പെട്ട ക്യാബിൻ സവിശേഷതകൾ, സ്‌പോർട്ടിയർ GR സ്‌പോർട്ട് വേരിയന്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത കൊറോള ക്രോസ് വിപണിയിൽ ചലനങ്ങളുണ്ടാക്കുമെന്നാണ് അനുമാനം. എന്തായാലും ഇതെല്ലാം കണ്ട് മോഹത്തോടെ കാത്തിരിക്കാനുള്ള വിധിയാണ് ഇന്ത്യക്കാർക്കുള്ളത്.
ഇന്ത്യക്കാരെ സന്തോഷിപ്പിക്കാൻ അടുത്തിടെ ഇന്നോവ ഹൈക്രോസിലേക്ക് ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കിയിരുന്നു. എക്സ്ക്ലൂസീവ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് 2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ വിപണനത്തിന് ഉണ്ടാവൂ. വാഹനത്തിനായി 32.58 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ZX (O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നതും.
ലിമിറ്റഡ് എഡിഷൻ മോഡൽ സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ബ്ലാക്ക്-ഔട്ട് ഘടകങ്ങളാൽ സമ്പന്നമാണ് ഹൈക്രോസിന്റെ സ്പെഷ്യൽ എഡിഷൻ. റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഫ്രണ്ട് സ്കിഡ് പ്ലേറ്റും ഗ്രിൽ ഗാർണിഷും ചേർത്ത് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടുനിൽക്കാനും ശ്രമമുണ്ടായിട്ടുണ്ടെന്ന് വേണം പറയാൻ.


Click it and Unblock the Notifications








