സർപ്രൈസാണല്ലോ, മൈലേജ് കൂട്ടുന്ന ഹൈബ്രിഡ് എഞ്ചിനുമായി ഫോർച്യൂണർ വിപണിയിൽ! വില 44.72 ലക്ഷം മുതൽ
എല്ലാവർക്കും ഒരുപോലെ ഇഷ്‌ടമുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner SUV). ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ളത് മലയാളികൾക്കിടയിലാണെന്നതാണ് വേറൊരു സത്യം. വില അൽപം കൂടുതലാണെങ്കിലും പണം മുടക്കി വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് സത്യം. അധികം വൈകാതെ ഫോർച്യൂണറിന്റെ പുതുതലമുറ ആവർത്തനത്തെ ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിക്കുമെന്നതും കേട്ട് കൊതിയോടെ കാത്തിരിക്കുകയാണ് വണ്ടിഭ്രാന്തൻമാർ. ഇത്തവണത്തെ വരവിൽ ഇന്നോവ ഹൈക്രോസിലേത് (Innova Hycross) പോലെ ആധുനിക ഫീച്ചറുകളും ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമെല്ലാം ഉണ്ടാവുമെന്ന വാർത്തയാണ് കാത്തിരിപ്പിന് അത്രമേൽ പ്രാധാന്യം നൽകുന്നത്.
പക്ഷേ പുതുതലമുറയെ എന്ന് വിപണിയിലെത്തിക്കുമെന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടൊന്നുമില്ല. എന്നാൽ ഇപ്പോഴിതാ സർപ്രൈസായി ഫോർച്യൂണർ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. പക്ഷേ ഹൈക്രോസിലേത് പോലെ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമല്ല കേട്ടോ, പകരം മൈൽഡ് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ചാണ് ഫോർച്യൂണർ എസ്‌യുവിയെ പരിഷ്ക്കരിച്ചിരിക്കുന്നത്.

നിയോ ഡ്രൈവ് 48V വേരിയന്റ് എന്നറിയപ്പെടുന്ന ടൊയോട്ട ഫോർച്യൂണർ നിയോ ഡ്രൈവ് 48V, ലെജൻഡർ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വകഭേദങ്ങളിൽ മൈൽഡ് ഹൈബ്രിഡ് എസ്‌യുവി ലഭ്യമാവും. ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില അൽപം കൂടുതലാണോയെന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരവും ബ്രാൻഡ് നൽകുന്നുണ്ട്.
മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെർഫോമൻസ്, കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ വകഭേദങ്ങളിൽ നൂതമായ 48-വോൾട്ട് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ ഒന്നിലും ആശങ്കകളൊന്നും വേണ്ട. ഫോർച്യൂണർ, ലെജൻഡർ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂൺ 02 മുതൽ ആരംഭിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. അതേസമയം ഡെലിവറിയും ഈ മാസം തന്നെ നടക്കും.

കൃത്യമായി പറഞ്ഞാൽ ജൂൺ മൂന്നാം ആഴ്ച്ച മുതൽ ഫോർച്യൂണർ, ലെജൻഡർ നിയോ ഡ്രൈവ് വേരിയന്റുകളുടെ ഡെലിവറികൾ ആരംഭിക്കും.ടൊയോട്ട ഫോർച്യൂണർ നിയോ ഡ്രൈവ് 48V പതിപ്പിലും മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ എഞ്ചിൻ ഇപ്പോൾ 48-വോൾട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നുവെന്നതാണ് ഹൈലൈറ്റ്.
അതിൽ ബെൽറ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ലിഥിയം-അയൺ ബാറ്ററിയും ഉൾപ്പെടുന്നുവെന്നും ജാപ്പനീസ് ബ്രാൻഡ് പറയുന്നു. ഈ ഹൈബ്രിഡ് അസിസ്റ്റ് സുഗമമായ ലോ-എൻഡ് ആക്സിലറേഷൻ, നിശബ്ദ പ്രവർത്തനം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിന്റെ സവിശേഷതകളിലൊന്നിന് സമാനമായി വേഗത കുറയ്ക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യപ്പെടും.

വാഹനം നഷ്ടപ്പെടുന്ന ബ്രേക്കിംഗ് ഊർജ്ജം കാര്യക്ഷമമായി റീജനറേറ്റ് ചെയ്യുന്നതിനോടൊപ്പം അധിക ബ്രേക്കിംഗ് പെർഫോമൻസും മൈൽഡ് ഹൈബ്രിഡ് സംവിധാനം സമ്മാനിക്കുന്നുണ്ട്. പുതിയ സ്മാർട്ട് ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ ഫോർച്യൂണറിന്റെ മൈലേജ് കൂടുതൽ മെച്ചപ്പെടുത്തുകയും വണ്ടി നിൽക്കുമ്പോൾ എഞ്ചിൻ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു.
വിവിധ ഭൂപ്രദേശങ്ങളിൽ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ത്രോട്ടിൽ റെസ്പോൺസ്, ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ക്രമീകരിക്കുന്ന മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റവും എസ്‌യുവിലുണ്ട്. ഡിസൈനിൽ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോർച്യൂണർ നിയോ ഡ്രൈവ് 48V വേരിയന്റുകൾ എത്തുന്നത്. വൈറ്റും ബ്ലാക്കും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ, ഷാർപ്പ് ഹെഡ്‌ലാമ്പ് ഡിആർഎൽ, വ്യത്യസ്ത ബമ്പറുകൾ എന്നിവയോടെയാണ് ലെജൻഡർ മോഡൽ വരുന്നത്.

20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഫോർച്യൂണറിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്. ഡ്യുവൽ-ടോൺ ഇന്റീരിയറുകൾ, ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇൻഫോടെയ്ൻമെന്റിനായി ഒരു ഡിജിറ്റൽ സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സബ്‌വൂഫറും ആംപ്ലിഫയറും ഉള്ള 11 പ്രീമിയം JBL സ്പീക്കറുകൾ എന്നിവയാണ് ടൊയോട്ട ഫോർച്യൂണറിലെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








