വില കേട്ടാൽ ഇനി കണ്ണുനിറയും, എല്ലാവർക്കും ഇഷ്‌ടമുള്ള 7-സീറ്റർ എസ്‌യുവിയുടെ വില കൂട്ടി ടൊയോട്ടയുടെ ഇരുട്ടടി
ഇന്ത്യയിലെ എസ്‌യുവി (SUV) മോഡലുകളുടെ വല്യേട്ടൻ ഇമേജുള്ള വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). പുതിയത് വാങ്ങണമെങ്കിൽ 60 ലക്ഷം രൂപയോളം മുടക്കേണ്ടതായി വരുമെന്നതിനാൽ പലരും ഫോർച്യൂണർ എന്ന സ്വപ്‌നം മനസിന്റെ കോണിൽ മറന്നിട്ടിരിക്കുകയാവും. ചിവരാവട്ടെ അങ്ങ് ഡൽഹിയിൽ പോയി സെക്കൻഡ് ഹാൻഡ് വാങ്ങി റീരജിസ്റ്റർ ചെയ്‌ത് കൊണ്ട് നടക്കാറുമുണ്ട്. ഏറ്റവും റീസെയിൽ വാല്യുവുള്ള എസ്‌യുവികളിൽ ഒന്നാണിത്. കുറഞ്ഞ മെയിന്റനെൻസും ടൊയോട്ടയുടെ വിശ്വാസവും നല്ല മൈലേജുള്ള ഡീസൽ എഞ്ചിനും ഓഫ്-റോഡ് കഴിവുകളുമെല്ലാമാണ് ഫോർച്യൂണറിന് ഇതിഹാസ പദവി നേടികൊടുത്തത്.
ഈ വർഷം പുതിയതൊന്ന് വാങ്ങണമെന്ന് ഓർത്തിരുന്നവർക്ക് അൽപം നിരാശ നൽകുന്ന വാർത്തയാണ് ടൊയോട്ടയിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല ഡിസംബറിൽ പ്രഖ്യാപിച്ചതനുസരിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇതിന്റെ ഭാഗമായി എസ്‌യുവിക്ക് ഇനി മുതൽ 50,000 രൂപ വരെ അധികം മുടക്കേണ്ടി വരും. സ്റ്റാൻഡേർഡ്, ലെജൻഡർ വേരിയന്റുകൾക്ക് പുതിയ വില ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് ശ്രേണിയിൽ നിന്ന് തുടങ്ങിയാൽ ടൊയോട്ട ഫോർച്യൂണറിന്റെ GR-S വകഭേദത്തിന് 50,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 2.8 ഡീസൽ മാനുവൽ 4x2, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x2, 2.8 ഡീസൽ മാനുവൽ 4x4, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x4 എന്നീ വേരിയന്റുകൾക്ക് 40,000 രൂപയുടെ ഏകീകൃത വില വർധനവും ഉണ്ടായിട്ടുണ്ട്.
അതുപോലെ ഫോർച്യൂണറിന്റെ 2.7 ലിറ്റർ പെട്രോൾ മാനുവൽ 4x2, 2.7 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് 4x2 വേരിയന്റുകൾ വാങ്ങാനെത്തുന്നവർ 35,000 രൂപ അധികം മുടക്കേണ്ടി വരും. ഇനി, ലെജൻഡർ ശ്രേണിയിലേക്ക് നോക്കിയാൽ 2.8 ഡീസൽ 4x2 ഓട്ടോമാറ്റിക്, 2.8 ഡീസൽ 4x4 ഓട്ടോമാറ്റിക് എന്നീ രണ്ട് വേരിയന്റുകളുടെയും വില 45,000 രൂപ വീതം ടൊയോട്ട വർധിപ്പിച്ചിട്ടുണ്ട്. വില പരിഷ്ക്കാരത്തിന് പുറമെ എസ്‌യുവിയിൽ മറ്റ് നവീകരണങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല.

ടൊയോട്ട ഫോർച്യൂണർ ഇപ്പോഴും 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ആദ്യത്തേതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് പരമാവധി 186 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോർച്യൂണറിലുള്ളത്. 204 bhp പവറിൽ 500 Nm torque നൽകാൻ കഴിയുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്.
33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഫോർച്യൂണർ ഫീച്ചറുകളാലും സമ്പന്നമാണ്. എസ്‌യുവിയിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 18 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, സുരക്ഷയ്ക്കായി വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. വില എത്ര കൂടിയാലും ഫോർച്യൂണർ വാങ്ങാൻ ആളുണ്ടെന്നത് കാലം തെളിയിച്ചിട്ടുണ്ട്.

അതിനാൽ വില വർധനവിനെ പറ്റി ടൊയോട്ടയ്ക്ക് ആകുലതകളൊന്നുമുണ്ടാവില്ല. 2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്. ഈ വർഷം പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ് ഫോർച്യൂണർ എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. എസ്‌യുവിക്ക് പുറമെ ഡിസംബറിൽ തന്നെ ഹൈക്രോസിന്റെ വിലയും കമ്പനി നവീകരിച്ചിരുന്നു.
ഇന്നോവ ഹൈക്രോസിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് പുതിയ വില. ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ZX, ZX(O) വേരിയൻ്റുകൾക്ക് 36,000 രൂപ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. അതേസമയം VX(O), VX വേരിയൻ്റുകൾക്ക് ഇനി മുതൽ യഥാക്രാമം 35,000 രൂപ, 34,000 രൂപ എന്നിങ്ങനെയാണ് അധികമായി മുടക്കേണ്ടി വരിക. മറുവശത്ത് ഹൈക്രോസിന്റെ GX, GX(O) വേരിയൻ്റുകൾക്ക് ഇപ്പോൾ 17,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.


Click it and Unblock the Notifications








