കാർ വാങ്ങിക്കോ, പൈസ 3 മാസം കഴിഞ്ഞ് മതി! കൂടെ 5 സർവീസും ഫ്രീ! അന്യായ ഓഫറിൽ ടൊയോട്ട ഗ്ലാൻസയും ഹൈറൈഡറും
മാരുതി സുസുക്കി (Maruti Suzuki) കഴിഞ്ഞാൽ അല്ലെങ്കിൽ മാരുതിയേക്കാൾ ഇന്ത്യക്കാർക്ക് വിശ്വാസമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട (Toyota). പണിയൊന്നും തരാതെ ലക്ഷക്കണക്കിന് കിലോമീറ്ററുകളോളം ഓടിക്കാനാവുന്നതും മെയിന്റനെൻസ് കുറഞ്ഞതുമായ വണ്ടികളാണ് ജാപ്പനീസ് ബ്രാൻഡിന്റെ മുഖമുദ്ര. തുടക്കത്തിൽ അൽപം പണംമുടക്കേണ്ടതായി വരുമെങ്കിലും വാങ്ങിക്കഴിഞ്ഞാൽ സർവീസിന്റെ പേരിലൊന്നും കാര്യമായ പണം വാങ്ങാത്ത കമ്പനിയാണ് ടൊയോട്ട. ഇടയ്ക്ക് മാരുതിയുമായി പങ്ക് കച്ചവടം തുടങ്ങി പണം വാരാനും ബ്രാൻഡിനായിട്ടുണ്ട്. ഇതിൽ പല ഫാൻസിനും അതൃപ്ത്തിയുണ്ടെങ്കിലും അധികം മൂലധനമില്ലാതെ ലാഭം മാത്രമാണ് ഈ പങ്കാളിത്തത്തിലൂടെ കമ്പനിക്കുണ്ടായിരിക്കുന്നത്.
ടൊയോട്ട ഗ്ലാൻസയായാലും (Toyota Glanza) അർബൻ ക്രൂയിസർ ഹൈറൈഡർ (Urban Cruiser Hyryder) ആയാലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനങ്ങളായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ഈ രണ്ട് മോഡലുകൾക്കും ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട. ഗ്ലാൻസയിലും ഹൈറൈഡറിലും അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക ഓഫറുകൾ എന്തെല്ലാമെന്ന് വിശദമായി പറഞ്ഞുതരാം.

ഈ രണ്ട് വാഹനങ്ങളും ഇപ്പോൾ വാങ്ങൂ നവരാത്രിയിൽ പണമടയ്‌ക്കൂ (Buy Now, Pay in Navratri) എന്ന ലിമിറ്റഡ് പിരീഡ് ക്യാമ്പയിനാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഫിനാൻഷ്യൽ സർവീസസുമായി (TFS) സഹകരിച്ച് പ്രത്യേകം തയാറാക്കിയ ഡിലൈഡ് ഇഎംഐകളും ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നൽകുന്നു. ഉത്സവകാല ഓഫറുകളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ഡിസ്കൌണ്ട് ഷോറൂമിലേക്ക് ആളുകളെ എത്തിക്കുമെന്നാണ് അനുമാനം.
ഇപ്പോൾ ഗ്ലാൻസ അല്ലെങ്കിൽ ഹൈറൈഡർ വാങ്ങുന്നവർക്ക് അവരുടെ ആദ്യ ഇഎംഐ മൂന്ന് മാസത്തിന് ശേഷം തുടങ്ങിയാൽ മതിയാവും. വടക്കേ ഇന്ത്യയിലെ ടൊയോട്ടയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയാണ് ഈ പദ്ധതി ഉപയോഗപ്പെടുത്താനാവുക. 2025 ജൂൺ 30 വരെ സാധുതയുള്ള ഓഫറുകളാണിത്. ആദ്യ മൂന്ന് മാസത്തേക്ക് ഉപഭോക്താക്കളിൽ നിന്ന് 99 എന്ന നാമമാത്ര ഇഎംഐ ഈടാക്കാനാണ് തീരുമാനം. അതിനുശേഷം സാധാരണയായുള്ള പ്രതിമാസ ഇഎംഐകൾ ആരംഭിക്കുകയും ചെയ്യും.

ടൊയോട്ട ഗ്ലാൻസ അല്ലെങ്കിൽ അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ച് സൗജന്യ സർവീസുകൾ, അഞ്ച് വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടി, കോർപ്പറേറ്റ്, എക്സ്ചേഞ്ച് ബോണസ്, പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ഓഫറുകൾ ഉൾപ്പെടെ 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായി വിപണനത്തിന് എത്തുന്ന മാരുതി ബലേനോയുടെ റീബാഡ്‌ജ് പതിപ്പാണ് ഗ്ലാൻസ.
5-സ്പീഡ് മാനുവൽ, എഎംടി എന്നിവയുമായി ജോടിയാക്കിയ ബലേനോയിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവും. സിഎൻജി വാഹനങ്ങളേയും പോലെ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 76.43 bhp പവറിൽ 98.5 Nm torque മാത്രമാണ് ഗ്ലാൻസയ്ക്കും നൽകാനാവുകയുള്ളൂ.

ഇതിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാവുക. മൈലേജിന്റെ കാര്യത്തിൽ പ്രീമിയം ഹാച്ച്ബാക്ക് പുലിയാണെന്ന് അറിയാമല്ലോ. ഗ്ലാൻസയുടെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എഎംടി മോഡലുകൾ 22.94 കിലോമീറ്റർ മൈലേജും സിഎൻജി പതിപ്പിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.
വിലയുടെ കാര്യത്തിലേക്ക് വന്നാൽ കാറഇന് 6.90 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വിപണിയിലെത്തുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന് 11.34 ലക്ഷം മുതൽ 20.39 ലക്ഷം വരെയാണ് മുടക്കേണ്ടതായി വരുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാം. 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കുന്നത്. ഇതൊരു ഇ-ഡ്രൈവ് ട്രാൻസ്മിഷൻ യൂണിറ്റുമായാണ് ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








