30.61 കി.മീ മൈലേജുണ്ടായിട്ടും ടൊയോട്ട കാറിന്റെ കച്ചോടം നഷ്‌ടത്തിൽ, കാരണം ആ മാരുതി കാർ തന്നെ
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾ അരങ്ങുവാഴുന്നിടത്താണ് മോഡൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഈ സെഗ്മെന്റിലെ എതിരാളികളുടെ എല്ലാം വിൽപ്പന നിരത്തിവെച്ചാൽ പോലും ബലേനോയെ മറികടക്കാനാവില്ലെന്നതാണ് സത്യം. എന്താണ് ബലേനോയ്ക്ക് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ നിരത്താൻ കാരണങ്ങളും ഒരുപാടുണ്ട്. മൈലേജ്, പെർഫോമൻസ്, സ്പേസ്, കുറഞ്ഞ വില എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കിയ കാര്യങ്ങളാണ്. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ബലേനോയെ മാരുതി പങ്കുവെച്ചിരുന്നു.
ഗ്ലാൻസ എന്ന പേരിൽ ടൊയോട്ടയുടെ ബാഡ്‌ജും അണിഞ്ഞ് വന്ന കാറിന് കൂടുതൽ പ്രീമിയം ഫീൽ ലഭിച്ചുവെന്നത് യാഥാർഥ്യം തന്നെയായിരുന്നുവെങ്കിലും ഒരിക്കലും ബലേനോയുടെ വിൽപ്പനയോട് കിടപിടിക്കാനായില്ലെന്നതാണ് സത്യം. ബലേനോയെ പോലെ തന്നെ കിടിലൻ ഡിസൈനും ഒട്ടനവധി ഫീച്ചറുകളുമായി ഗ്ലാൻസ വിപണിയിൽ എത്തിയപ്പോൾ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

2019 ജൂണിലാണ് ടൊയോട്ട ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ലോഞ്ച് ചെയ്തതിനുശേഷം ടൊയോട്ടയുടെ വിൽപ്പന ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കാനും ഇതിനായിട്ടുണ്ട്. ഏകദേശം 6 വർഷമായി വിൽപ്പനയിലുണ്ടെങ്കിലും ശ്രദ്ധേയമായ വിൽപ്പനയാണ് കൊണ്ടുവരുന്നത് എന്നത് കമ്പനിക്ക് ആശ്വാസമേകുന്ന കാര്യമായിരുന്നു. എന്നാൽ അടുത്തിടെയായുള്ള വിൽപ്പന കണക്കുകൾ ജാപ്പനീസ് വാഹന നിർമാതാക്കളെ ആശങ്കപ്പെടുത്തുന്നതാണെന്ന് വേണം പറയാൻ.
2024-25 സാമ്പത്തിക വർഷത്തിൽ ഗ്ലാൻസയുടെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ചെറിയ തോതിൽ ഇടിവ് നേരിട്ടതായി കാണാം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 48,839 യൂണിറ്റുകളുടെ കച്ചോടമാണ് ടൊയോട്ടയ്ക്ക് പിടിക്കാനായത്. മുൻ സാമ്പത്തിക വർഷത്തിലെ 2,262 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 7 ശതമാനം ഇടിവാണ് ഗ്ലാൻസ നേരിട്ടിരിക്കുന്നത്.

എസ്‌യുവികളുടെ പിന്നാലെ ഇന്ത്യക്കാർ പായുന്നത് വിൽപ്പന ഇടിയാനുള്ള പ്രാധന കാരണങ്ങളിൽ ഒന്നായി കണക്കാക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 ഹാച്ച്ബാക്കുകളിൽ ടൊയോട്ട ഗ്ലാൻസ എട്ടാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ബലേനോയുടെ വിൽപ്പന കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാരുതിയുടെ മോഡലിനേക്കാൾ വില കൂടുതലാണെങ്കിലും വാറണ്ടിയിലും സർവീസിലുമെല്ലാം ഗ്ലാൻസയ്ക്കാണ് മേൽകൈ.
മാരുതി സുസുക്കി ബലേനോയുടെ അതേ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഗ്ലാൻസയ്ക്കും തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവും.

എല്ലാ സിഎൻജി വാഹനങ്ങളേയും പോലെ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 76.43 bhp പവറിൽ 98.5 Nm torque മാത്രമാണ് ഗ്ലാൻസയ്ക്കും നൽകാനാവുകയുള്ളൂ. ഇതിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാവുക. മൈലേജിന്റെ കാര്യത്തിൽ പ്രീമിയം ഹാച്ച്ബാക്ക് പുലിയാണെന്ന് അറിയാമല്ലോ. ഗ്ലാൻസയുടെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം എഎംടി മോഡലുകൾ 22.94 കിലോമീറ്റർ മൈലേജും സിഎൻജി പതിപ്പിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടൊയോട്ട അവകാശപ്പെടുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ കാറഇന് 6.90 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. താരതമ്യപ്പെടുത്തുമ്പോൾ മാരുതി സുസുക്കി ബലേനോയുടെ വില 6.70 ലക്ഷം മുതൽ 9.92 ലക്ഷം രൂപ വരെയാണ്.

ഡിസൈനിലേക്ക് നോക്കിയാൽ ടൊയോട്ടയുടേതായ ഡിസൈൻ ശൈലി പിന്തുടർന്നാണ് ഗ്ലാൻസയിലും മാറ്റം വരുത്തിയിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രില്ലാണ് ബലേനോയിൽ നിന്നുമുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം. പിന്നെ അലോയ് വീലിന്റെ രൂപകൽപ്പനയിലും പരിഷ്ക്കാരങ്ങൾ കാണാം. ഇതൊഴികെ മാറ്റങ്ങളൊന്നും കാണാനാവില്ല. കളർ ഓപ്ഷന്റെ വശത്തും ചെറിയ മാറ്റങ്ങളുണ്ട്.
ഇൻസ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സിൽവർ, സ്പോർട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ടൊയോട്ട ഗ്ലാൻസ ലഭ്യമാവുക. മോഡേൺ കാറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള അകത്തളമാണ് മാരുതിയിൽ നിന്നും കടമെടുത്തിട്ടുള്ള വാഹനത്തിലും ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറിലേക്ക് നോക്കിയാൽ ബലേനോയിൽ നിന്നും കാര്യമായ ഒരു മാറ്റവും ഗ്ലാൻസയിൽ എടുത്ത് പറയാനില്ല.
9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ടൊയോട്ട ഐ-കണക്‌റ്റ് സപ്പോർട്ട്, ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, റിയർ എസി വെന്റുകളോടുകൂടിയ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രത്യേകതകളാണ്.
മുൻഗാമിയെ അപേക്ഷിച്ച് സേഫ്റ്റി ഫീച്ചേഴ്‌സിന്റെ കാര്യത്തിലും വാഹനം ഒരു മിടുക്കൻ തന്നെയാണെന്നു വേണം പറയാൻ. 6 വരെ എയർബാഗുകൾ, EBD ഉള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് (എഎംടിയിൽ മാത്രം), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയെല്ലാമാണ് ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിൽ ടൊയോട്ട ഒരുക്കിയിട്ടുള്ളത്.
ബലേനോയെ അപേക്ഷിച്ച് ഗ്ലാൻസിയിൽ ടൊയോട്ട കൂടുതൽ വിപുലമായ വാറണ്ടി പാക്കേജ് നൽകുന്നുണ്ട് എന്നാണ് കാറിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യം. ഇന്ത്യയിൽ മാരുതി ബലേനോയ്ക്ക് പുറമെ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, സിട്രൺ C3 തുടങ്ങിയ മോഡലുകളുമായാണ് ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മത്സരിക്കുന്നത്. ആധുനിക സൗകര്യങ്ങളും മികച്ച ഇന്ധനക്ഷമതയുമുള്ള പ്രീമിയം ഹാച്ച്ബാക്ക് തിരയുന്ന മിഡിൽ ക്ലാസിനെയാണ് ഗ്ലാൻസ ആകർഷിക്കുക.
ഇനി പോയ സാമ്പത്തിക വർഷത്തെ ടൊയോട്ടയുടെ മൊത്തം വിൽപ്പന നോക്കിയാൽ 1999-ൽ ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങൾ നിർമിക്കാൻ തുടങ്ങിയ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2025 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും മികച്ച ആഭ്യന്തര വിപണി വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 309,334 പാസഞ്ചർ വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ നിന്നും നേടിയെടുത്തത്.
2024 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ച 245,676 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വാർഷിക വളർച്ചയാണ് ബ്രാൻഡിന് നേടിയെടുക്കാനായത്. ഇതാദ്യമായാണ് ടൊയോട്ട ഇന്ത്യയിൽ 3 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് മറികടക്കുന്നതും. . മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വളരെ ഫലപ്രദമായിരുന്നുവെന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








