മാരുതി കാർ വിറ്റ് കാശുണ്ടാക്കി ടൊയോട്ട, 6.39 ലക്ഷത്തിൻ്റെ ഹാച്ച്ബാക്ക് പോയമാസം വാങ്ങിപ്പോയത് 6,162 പേർ
ടൊയോട്ടയെന്ന ബ്രാൻഡിനോട് ഏവർക്കും വല്ലാത്തൊരു സ്നേഹമാണ്. എത്ര ലക്ഷം കിലോമീറ്റർ വേണമെങ്കിലും തകരാർ ഒന്നുമില്ലാതെ ഓടുന്ന എഞ്ചിനും കുറഞ്ഞ മെയിൻ്റനെൻസും നല്ല സർവീസും എല്ലാം കൂടിയാവുമ്പോൾ ആളുകൾക്ക് എങ്ങനെ ഈ ജാപ്പനീസ് വാഹന നിർമാതാക്കളെ സ്നേഹിക്കാതിരിക്കും അല്ലേ. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായി കൂട്ടുകൂടിയതിൽ പലർക്കും നിരാശയുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തിലൂടെ പണംവാരുകയാണ് ടൊയോട്ട. ബലേനോ ഗ്ലാൻസയാക്കിയും എർട്ടിഗ റൂമിയോണാക്കിയും ബ്രാൻഡ് സാധാരണക്കാരിലേക്ക് അടുത്തു. വലിയ ചിലവൊന്നുമില്ലാതെ ഇങ്ങനെ ശോഭിക്കാൻ ടൊയോട്ടക്കായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
2025 ഒക്‌ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മാരുതി കാറുകൾ വിറ്റ് പണംവാരുന്ന ടൊയോട്ടയെ ആണ് കാണാൻ സാധിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ബലേനോയുടെ അപരനായ ഗ്ലാൻസയാണ്. കഴിഞ്ഞ മുപ്പത് ദിവസത്തിൽ മാത്രം പ്രീമിയം ഹാച്ച്ബാക്കിൻ്റെ 6,162 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഉത്സവ സീസൺ കൃത്യമായി വിനിയോഗിക്കാൻ ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ടെന്ന് ചുരുക്കം.

2024 ഒക്ടോബർ മാസം വിറ്റഴിച്ച 4,273 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ടൊയോട്ട ഗ്ലാൻസയുടെ വിൽപ്പനയിൽ 44 ശതമാനത്തിൻ്റെ വർധനവാണുണ്ടായിരിക്കുന്നത്. വിൽപ്പനയുടെ ഈ വേഗം നിലനിർത്തുവാനായി നവംബർ മാസത്തേക്കായി കിടിലൻ ഓഫറുകളും കമ്പനി മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് നവംബറിൽ വാങ്ങാനെത്തുന്നവർക്ക് 1.27 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.
എന്നാൽ ഡിസ്‌കൗണ്ടുകൾ സ്ഥലം, സ്റ്റോക്ക് എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടുമെന്നത് പ്രത്യേകം എടുത്ത് പറഞ്ഞേക്കാം കേട്ടോ. കൃത്യമായ വേരിയന്റ് തിരിച്ചുള്ള കണക്കുകൾക്കായി നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ് കേട്ടോ. E, S, G, V ട്രിമ്മുകളിൽ വിൽക്കുന്ന ഗ്ലാൻസയ്ക്ക് നിലവിൽ 6.39 ലക്ഷം മുതൽ 9.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്.

മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും ടൊയോട്ടയുടെ രീതിയിൽ മോഡലിനെ പരിഷ്ക്കരിച്ചാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രില്ലാണ് ബലേനോയിൽ നിന്നുമുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം. പിന്നെ അലോയ് വീലിന്റെ രൂപകൽപ്പനയിലും പരിഷ്ക്കാരങ്ങൾ കാണാം. ബാക്കിയെല്ലാം മാരുതി കാറിലേത് പോലെ തന്നെയാണ്. ഇൻസ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സിൽവർ, സ്പോർട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ടൊയോട്ട ഗ്ലാൻസ ലഭ്യമാവുക.
മോഡേൺ കാറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള അകത്തളമാണ് മാരുതിയിൽ നിന്നും കടമെടുത്തിട്ടുള്ള വാഹനത്തിലും ഒരുക്കിയിരിക്കുന്നത്. ഇൻ്റീരിയറിലേക്ക് നോക്കിയാൽ ബലേനോയിൽ നിന്നും കാര്യമായ ഒരു മാറ്റവും ഗ്ലാൻസയിൽ എടുത്ത് പറയാനില്ല. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെൻ്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്സ് അസിസ്റ്റൻ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയ കാര്യങ്ങളെല്ലാം കാറിലുണ്ട്.

90 bhp കരുത്തിൽ 113 Nm ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബലേനോയുടെ റീബാഡ്ജ് പതിപ്പിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കിൽ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും പ്രീമിയം ഹാച്ചിലുണ്ട്. പെട്രോളിന് പുറമെ, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനിലും ടൊയോട്ട ഗ്ലാൻസ വാങ്ങാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന്റെ പവര്‍ കുറയുമെങ്കിലും അന്യായ മൈലേജാണ് ലഭിക്കുക.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 77.5 bhp പവറാണ് നൽകാനാവുക. ഗ്ലാന്‍സ സിഎന്‍ജിക്ക് കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. പെട്രോളിലേക്ക് വന്നാൽ ഗ്ലാന്‍സ ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ് മൈലേജ് നൽകുക. ഐഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫീച്ചറും ഗ്ലാൻസയിലുണ്ട്. എന്തായാലും മാരുതി കാർ വിറ്റ് കാശ് വാരുന്ന ടൊയോട്ടയുടെ ബുദ്ധി സമ്മതിച്ചേ മതിയാവൂ.


Click it and Unblock the Notifications








