ഇസൂസുവിനെ ഒതുക്കണം, ഹൈലക്‌സിന്റെ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട... 5 പേർക്ക് സുഖമായി ട്രിപ്പ് പോവാം
രാജ്യത്ത് അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായിരുന്നു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ടാറ്റയും മഹീന്ദ്രയുമെല്ലാം പയറ്റി പരാജയപ്പെട്ട ശ്രേണിയിലേക്ക് കടന്നുവരാൻ അധികമാരും ശ്രമിച്ചിരുന്നില്ലെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു ഇവിടുത്തെ വണ്ടിഭ്രാന്തൻമാരുടെ അടുത്തേക്ക് ഡി-മാക്‌സ് മോഡലുകൾ കൊണ്ടുവന്ന് കളംപിടിക്കുകയായിരുന്നു. പിന്നീട് നമ്മുടെ സ്വന്തം ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവന്ന് സെഗ്മെന്റ് കളറാക്കി. ലോകവിപണി കീഴടക്കിയ ഹൈലക്‌സ് ഇന്ത്യയിലെത്തിയപ്പോൾ ചെറുതായൊന്ന് പതറിയെന്ന് വേണം പറയാൻ. എന്നാൽ വരുംകാലങ്ങളിൽ വണ്ടിയെ തേടി ആളുകളെത്തുമെന്ന് ടൊയോട്ടയ്ക്ക് ഉറപ്പുണ്ട്.
അതിന്റെ ഭാഗമായി ബ്രാൻഡ് പുതിയ പദ്ധതികളൊക്കെ ആവിഷ്ക്കരിക്കുന്നുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ സജീവമായ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട 2025 ഓട്ടോ എക്‌സ്‌പോയിൽ ഹൈലക്‌സ് പിക്കപ്പ് ട്രക്കിന്റെ ഒരു സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കമിട്ടിരിക്കുന്നത്. ടാറ്റയുടെ നിരയിൽ കാണുന്നതുപോലെ ബ്ലാക്ക് എഡിഷനുമായിട്ടാണ് ടൊയോട്ടയുടെ വരവ്.

ഹൈലക്‌സിന്റെ ബ്ലാക്ക് എഡിഷൻ അധികം വൈകാതെ വിണിയിൽ എത്തുമെന്നതിന്റെ സൂചനയാണിത്. നിലവിൽ ഒരുപാട് കച്ചോടം നടക്കുന്ന സെഗ്മെന്റ് ഒന്നുമല്ല ഇതെങ്കിലും വെറൈറ്റി ഐഡിയകളിലൂടെ ആളുകളെ കൈയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട. ഗ്രിൽ, അലോയ് വീലുകൾ, സൈഡ് മിററുകൾ, സ്റ്റെപ്പുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയുൾപ്പെടെയുള്ള ബ്ലാക്ക്-ഔട്ട് ഘടകങ്ങളുടെ സമഗ്രമായ ഉപയോഗത്തിലൂടെ ഹൈലക്‌സിനെ സ്പോർട്ടിയറാക്കാൻ ബ്രാൻഡിനായിട്ടുണ്ട്.
ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ ഇന്റീരിയർ എക്സ്റ്റീരിയറിന്റെ മാതൃകയാണ് പിന്തുടർന്നിരിക്കുന്നത്. പൂർണമായും കറുപ്പിലൊരുക്കിയിരിക്കുന്ന അകത്തളത്തിൽ വേറെ നവീകരണങ്ങളൊന്നുമില്ല. ക്യാബിന്റെ ഡിസൈൻ സ്റ്റാൻഡേർഡ് ഹൈലക്‌സിന്റെ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. പക്ഷേ കൂടുതൽ ആകർഷണീയമാക്കാനായി ബ്ലാക്ക് സീറ്റ് അപ്ഹോൾസ്റ്ററി ഉപയോഗിച്ച് മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് ഹൈലക്സ് ബ്ലാക്ക് എഡിഷനിലെ ചില ശ്രദ്ധേയമായ ഫീച്ചറുകൾ. മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ഉള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മോശമാക്കാതെ പിക്കപ്പ് ട്രക്കിനെ ഒരുക്കാൻ ബ്രാൻഡിനായിട്ടുണ്ട്.
ഏഴ് എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ് ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷനിൽ ലഭ്യമാവുന്നത്. 2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ കറുപ്പഴകനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുമ്പോൾ എഞ്ചിന് 204 bhp പവറിൽ 420 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇനി 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റാണ് വരുന്നതെങ്കിൽ 204 bhp കരുത്തിൽ വാഹനത്തിന് 500 Nm torque വരെ നൽകാനാവും. ലോ-ഹൈ ട്രാൻസ്ഫർ കെയ്‌സും A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഫീച്ചറും ഹൈലക്‌സിൽ ലഭ്യമാണ്. മൊത്തത്തിൽ 5325 mm നീളവും 1855 mm വീതിയും 1865 mm ഉയരവും 3085 mm വീൽബേസുമുള്ള പിക്കപ്പിന് 279 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








