ഇതിൽ ഡീസൽ അടിച്ചാൽ ഓടില്ല, 587 കിലോമീറ്റർ റേഞ്ചുള്ള ഹൈഡ്രജൻ പിക്കപ്പ് ട്രക്കുമായി ടൊയോട്ട
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ മാരുതി ഇ-വിറ്റാരയുടെ റീബാഡ്‌ജ് മോഡലായ അർബൻ ക്രൂയിസർ ഇവി മാത്രം പുറത്തിറക്കി ഒതുങ്ങിക്കൂടുകയായിരുന്നു ടൊയോട്ട. എന്നാൽ ചില കൺസെപ്റ്റ് മോഡലുകൾ കൂടി അണിനിരത്തി സ്റ്റോളിൽ ആളെക്കൂട്ടാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഹൈലക്‌സ് പിക്കപ്പ് ട്രക്കിന്റെ അനേകം വേരിയന്റുകളും 2025 ഓട്ടോ എക്സ്പോയിൽ കമ്പനി പരിചയപ്പെടുത്തുകയുണ്ടായി. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടുന്നത് FCEV എന്ന ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനമാണ്. രാജ്യത്ത് ഇവിക്കായുള്ള സാധ്യത തേടുന്ന ടൊയോട്ട ഭാവിയിൽ ഇത്തരം മോഡലുകളിലേക്ക് ചേക്കേറിയാലും ആശ്ചര്യപ്പെടേണ്ടതില്ല കേട്ടോ.
ഹൈലക്‌സ് പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പാണ് FCEV. പെട്രോൾ, ഡീസൽ മോഡലുകളിൽ കാണുന്ന അതേ ഡിസൈനാണ് ഫ്യുവൽ സെൽ ഇലക്ട്രിക് വേരിയന്റിലും ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഇവിയായതിനാൽ മുൻവശത്ത് അൽപം പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ടൊയോട്ട തയാറായിട്ടുണ്ട് കേട്ടോ. ഡ്രൈവർ സൈഡ് ഡോറിലും പിൻവശത്തും "FCEV" ലോഗോ ഇടംപിടിച്ചിട്ടുണ്ട്.

റിയർ വീൽ ഡ്രൈവായി പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് വൺ-പെഡൽ ഡ്രൈവിംഗ് മോഡിനായി റീജനറേറ്റീവ് ബ്രേക്കിംഗ് ഓപ്ഷനുകളും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്. BF ഗുഡ്‌റിച്ച് ടയറുകൾ, ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, അണ്ടർബോഡി പ്രൊട്ടക്ഷൻ തുടങ്ങിയ ഓഫ്-റോഡ്-ഫ്രണ്ട്‌ലി ഡിസൈനുകളുമായാണ് പിക്കപ്പ് വരുന്നത്. യുകെയിലാണ് ഈ മോഡൽ വികസിപ്പിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട പറയുന്നത്.
അഡ്വാൻസ്ഡ് പ്രൊപ്പൽഷൻ സെന്റർ വഴി ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഫണ്ട് കണ്ടെത്തിയാണ് ലൈഫ് സ്റ്റൈൽ മോഡലിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന് ടൊയോട്ട നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈലക്സിനെ ഹൈഡ്രജൻ പവറിലേക്ക് മാറ്റുന്നതിന് അതിന്റെ പരമ്പരാഗത 2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ കമ്പനിക്ക് പൂർണമായും ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്.

പകരം ടൊയോട്ട മിറായിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഫ്യുവൽ സെൽ എഞ്ചിനാണ് ഹൈലക്‌സ് ഫ്യുവൽ സെൽ ഇലക്ട്രിക് വേരിയന്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവ് ചെയ്യുമ്പോൾ, ഫ്യുവൽ സെൽ ശുദ്ധജലമല്ലാതെ മറ്റ് മലിനീകരണങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹൈലക്‌സിൽ മൂന്ന് ഹൈ-പ്രഷർ ഫ്യുവൽ ടാങ്കുകളാണ് ഉപയോഗിക്കുന്നത്. ആയതിനാൽ പിക്കപ്പ് ട്രക്കിന് 587 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിൽ 201 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഹൈലക്‌സിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനെ ആശ്രയിച്ച് ടോർക്ക് ഔട്ട്പുട്ട് 420 Nm അല്ലെങ്കിൽ 500 Nm ആയി മാറുകയും ചെയ്യുന്നു. ഇന്ത്യൻ വിപണിയിലെ ലൈഫ് സ്റ്റൈൽ പിക്കപ്പ് വിഭാഗത്തിൽ ഇസൂസു വി-ക്രോസുമായി മത്സരിക്കുന്ന ടൊയോട്ട ഹൈലക്‌സ് സ്റ്റാൻഡേർഡ്, ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണനത്തിന് എത്തുന്നത്.

നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ ഹൈലക്‌സിന്റെ ബ്ലാക്ക് എഡിഷൻ മോഡലിനേയും ടൊയോട്ട പ്രർദശിപ്പിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന പിക്കപ്പ് ട്രക്കിൽ ഗ്രിൽ, അലോയ് വീലുകൾ, സൈഡ് മിററുകൾ, സ്റ്റെപ്പുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ബ്ലാക്കിലാണ് തീർത്തിരിക്കുന്നത്. അങ്ങനെ വാഹനത്തെ കൂടുതൽ സ്പോർട്ടിയറാക്കാൻ ബ്രാൻഡിനായി.
ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ അകത്തളവും എക്സ്റ്റീരിയർ പോലെ തന്നെ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത് മാറ്റി നിർത്തിയാൽ അകത്തളം സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. എന്നിരുന്നാലും കൂടുതൽ ആകർഷണീയമാക്കാനായി സീറ്റ് അപ്ഹോൾസ്റ്ററിയും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനമായി വിപണിയിലെത്തിയാലും വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്നാണ് അനുമാനം.


Click it and Unblock the Notifications








