പെട്രോൾ തീർന്നാൽ അറിയില്ല, 28 KM മൈലേജുള്ള ടൊയോട്ട എസ്‌യുവി വാങ്ങിയവർക്ക് പണികിട്ടും! തിരിച്ചുവിളിച്ച് കമ്പനി
കാറുകളിലെ അപരൻമാർ ഏറ്റവും കൂടുതലുള്ള നാടാണ് നമ്മുടെ ഇന്ത്യ. പല രൂപങ്ങളും ഭാവങ്ങളുമെല്ലാം ആവാഹിക്കുന്നുണ്ടെങ്കിലും എഞ്ചിനും പ്ലാറ്റ്ഫോമും മറ്റ് പാർട്‌സുകളുമെല്ലാം ഒരുപോലെ പങ്കിടുന്ന നിരവധി മോഡലുകളെ കാണിച്ച് തരാനാവും. ടൊയോട്ട, മാരുതി, ഹ്യുണ്ടായി, കിയ, റെനോ, നിസാൻ അങ്ങനെ ഇന്ത്യയിലെ മിക്ക വമ്പൻമാരും റീബാഡ്‌ജ് കാറുകൾ വിറ്റ് പണമുണ്ടാക്കുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും പണംവാരുന്നത് ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള കൂട്ടുകെട്ടാണ് കേട്ടോ. ഇരുബ്രാൻഡുകളും സംയുക്തമായി വികസിപ്പിച്ചെടുത്ത ഗ്രാൻഡ് വിറ്റാരയും അർബൻ ക്രൂയിസർ ഹൈറൈഡറും തന്നെയാണ് നഗരത്തിലെ പ്രധാന അപരൻമാർ.
രണ്ടും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വലിയ ഹിറ്റാണുണ്ടാക്കിയെടുത്തിരിക്കുന്നത്. തുടക്കകാലത്ത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയാണ് കൂടുതൽ വിറ്റഴിഞ്ഞിരുന്നത് എങ്കിൽ കുറച്ച് മാസങ്ങളായി ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങാനാണ് ആളുകൾക്ക് കൂടുതലായി എത്തുന്നത്. ഒക്ടോബറിൽ സാക്ഷാൽ ഇന്നോവയെ വരെ മറികടന്ന് ടൊയോട്ടയ്ക്കായി ഏറ്റവും കൂടുതൽ കച്ചോടം നേടുന്ന മോഡലായി ഹൈറൈഡർ മാറിയിരുന്നു.

എന്നാൽ വിൽപ്പന വാനോളം ഉയർന്നപ്പോൾ ചെറിയൊരു നിർമാണ തകരാർ ബാധിച്ചിരിക്കുകയാണ് ടൊയോട്ടയുടെ എസ്‌യുവിയെ. അടുത്തിടെ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് സംഭവിച്ച അതേ പ്രശ്‌നം കാരണം ഹൈറൈഡറിനെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. പ്രശ്‌നം ഗുരുതരമല്ലെങ്കിലും ബാധിച്ച മോഡലുകൾ എത്രയും വേഗം സർവീസ് സെൻ്ററിൽ എത്തിക്കാനാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
ഹൈറൈഡറിലെ ഫ്യുവൽ ലെവൽ ഇൻഡിക്കേറ്ററിൽ (അനലോഗ് ടൈപ്പ്) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ടൊയോട്ട ഇന്ത്യ തങ്ങളുടെ അർബൻ ക്രൂയിസർ ഹൈറൈഡറിനെ സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുന്നത്. എസ്‌യുവിയുടെ കോമ്പിനേഷൻ മീറ്ററിൽ തകരാർ കണ്ടെത്തിയാൽ അത് പരിശോധിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് ബ്രാൻഡിൻ്റെ ഉദ്ദേശം. മാരുതി ഗ്രാൻഡ് വിറ്റാരയുടെ ബാഡ്ജ്-എഞ്ചിനീയറിംഗ് മോഡലാണെന്ന കാര്യം പലർക്കും അറിയാവുന്ന കാര്യമാണല്ലോ.

സമാനമായ ഒരു പ്രശ്നത്തിന്റെ പേരിൽ ഗ്രാൻഡ് വിറ്റാരയും ഇക്കഴിഞ്ഞ ദിവസം 39,506 യൂണിറ്റുകൾ തിരിച്ചുവിളിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങിയ ഇത്രയധികം ആളുകളെ തകരാർ ബാധിക്കില്ല. 2024 ഡിസംബർ ഒമ്പതിനും 2025 ഏപ്രിൽ 29-നും ഇടയിൽ നിർമിച്ച 11,529 ഹൈറൈഡർ യൂണിറ്റുകളെയാണ് ഏറ്റവും പുതിയ തിരിച്ചുവിളിക്കൽ ബാധിക്കുന്നതെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അറിയിച്ചിട്ടുണ്ട്.
ചില സാഹചര്യങ്ങളിൽ വാഹനത്തിലെ ഫ്യുവൽ ഗേജ് ടാങ്കിലെ ശരിയായ ഫ്യുവൽ നില ക്ലസ്റ്ററിൽ കാണിച്ചേക്കില്ല. തൽഫലമായി ടാങ്കിലെ ഫ്യുവൽ ഗേജ് രൂപകൽപ്പന ചെയ്ത പരിധിക്ക് താഴെയാകുമ്പോൾ പോലും ലോ ഫ്യുവൽ ഇൻഡിക്കേറ്റർ പ്രകാശിക്കില്ല. ഇത് ഉപഭോക്കാക്കൾക്ക് കൃത്യമായ രീതിയിൽ വാഹനം കൊണ്ടുനടക്കുന്നതിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കിയേക്കാം. ഈയൊരു ബുദ്ധിമുട്ട് ഒഴിവാക്കാനായാണ് തകരാർ പരിഹരിക്കാൻ ഉടനടിയുള്ള വിളബരം പുറപ്പെടുവിച്ചിരിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (SIAM) വെബ്‌സൈറ്റിലെ വോളണ്ടറി റീകോൾ ഇൻഫർമേഷൻ വിഭാഗത്തിലാണ് ഇക്കാര്യം ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. തകരാറുള്ള ഹൈറൈഡർ ഉടമകളെ ടൊയോട്ട ഡീലർഷിപ്പുകൾ നേരിട്ട് ബന്ധപ്പെടുകയും തകരാറുണ്ടെന്ന് കണ്ടെത്തിയാൽ സൗജന്യമായി ഈയാരു ഭാഗം മാറ്റി നൽകുകയും ചെയ്യും. ഉടമകൾക്ക് toyotabharat.com/q-service/safety-recall/ എന്ന വെബ്സൈറ്റിൽ കയറി ലോഗിൻ ചെയ്‌ത് VIN നൽകി അവരുടെ വണ്ടിക്ക് തകരാർ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.
ഇനി എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഹൈറൈഡർ ഉടമകൾക്കുണ്ടെങ്കിൽ 1800-309-0001 എന്ന നമ്പറിൽ വിളിക്കാം. മാരുതി സുസുക്കിയുമായി ചേര്‍ന്ന് ടൊയോട്ട വികസിപ്പിച്ച വാഹനം ഓരോ മാസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണിപ്പോൾ. ഒക്ടോബറില്‍ 11,555 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ഹൈറൈഡര്‍ ഇന്നോവയെ വരെ ഓവര്‍ടേക്ക് ചെയ്തതിരിക്കുന്നത്. 2022 സെപ്റ്റംബറിലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഹൈറൈഡര്‍ മിഡ്‌സൈസ് എസ്‌യുവി വിപണിയില്‍ എത്തുന്നതും. അതിന് ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച വിൽപ്പന കണക്കുകളൊന്നാണിത്.


Click it and Unblock the Notifications








