യാത്രാ സുഖം വേണേൽ കാശ് കൂടുതൽ കൊടുക്കണം, ഫോർച്യൂണറിന് പിന്നാലെ റിച്ചായി ഡീസൽ ഇന്നോവ
ഇന്ത്യൻ വിപണിയിലെ എംപിവി (MPV) സെഗ്മെന്റിലെ മുടിചൂടാമന്നനാണ് ടൊയോട്ട ഇന്നോവ (Toyota Innova). ക്വാളിസിന്റെ പിൻഗാമിയായി എത്തിയത് മുതൽ ആളുകളുടെ മനസിൽ കയറിക്കൂടിയ മൾട്ടി പർപ്പസ് വാഹനം ഇപ്പോഴും ആളുകളുടെ നെഞ്ചിൽ കുടിയിരിപ്പാണ്. എന്നെങ്കിലും ഒരു ഇന്നോവ വാങ്ങണമെന്ന സ്വപ്‌നവും പേറി നടക്കുന്നവരും അനേകമാണ്. പുതിയത് വാങ്ങാൻ കാശില്ലാത്തവരെല്ലാം സെക്കൻഡ് ഹാൻഡ് വാങ്ങുന്നതിലും കൈയും കണക്കും ഒന്നുമില്ല. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ ഹൈക്രോസായി നിറഞ്ഞാടുകയാണെങ്കിലും ഇന്നോവ ക്രിസ്റ്റയെന്ന (Innova Crysta) മോഡൽ സ്വന്തമാക്കാനായി ആയിരങ്ങൾ വരി നിൽപ്പുണ്ട്.
നിർത്തലാക്കുന്നതിന് മുമ്പ് എങ്ങനെയെങ്കിലും ഒന്ന് വാങ്ങിയേക്കാം എന്നുകരുതിയിരുന്നവരുടെ തലക്കടിച്ചിരിക്കുകയാണ് ടൊയോട്ട. ഫോർച്യൂണറിനും ഹൈക്രോസിനും ശേഷം ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഇന്നോവ ക്രിസ്റ്റ എംപിവിയുടെ വില പരിഷ്ക്കരിച്ചതാണ് സംഭവം. ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരുന്നതിനാൽ മോഡലിന് 27,000 രൂപ വരെ വില കൂടുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയുടെ ZX വേരിയന്റിന് 27,000 രൂപയുടെ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഡീസൽ എംപിവിയുടെ VX വേരിയന്റിന് ഇപ്പോൾ 25,000 രൂപയും കമ്പനി വർധിപ്പിക്കുകയുണ്ടായി. എന്നാൽ GX പ്ലസ് മോഡൽ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലയേക്കാൾ 22,000 രൂപ കൂടുതൽ നൽകേണ്ടിവരും. ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ GX വേരിയന്റിന്റെ വിലയിൽ ടൊയോട്ട ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
പുതുക്കിയ വില പ്രകാരം 19.99 ലക്ഷം മുതൽ 26.82 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. GX, GX+, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളും എംപിവിയിലുണ്ട്. 2025 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നതും.

2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 343 Nm torque വരെ ഉത്പാദിപ്പിക്കാനാവും. നിലവിൽ ഓട്ടോമാറ്റിക് വേരിയന്റ് എംപിവിയുടെ നിരയിൽ നിന്നും കമ്പനി നിർത്തലാക്കിയിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്.
റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈനിലേക്ക് വന്നാൽ മുമ്പുണ്ടായിരുന്ന അതേ മോഡലിന്റെ രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലിലും മറ്റും ചില പരിഷ്ക്കാരങ്ങളുമായാണ് വണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ ക്രിസ്റ്റകൾക്ക് സമാനമായ ശൈലി തന്നെയാണ് കാണാനാവുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, 7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം ലഭിക്കും. അടുത്തിടെ ക്രിസ്റ്റയുടെ കൂടുതൽ പരുക്കനാക്കായ തഷാൻ എഡിഷനും ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. അധിക ആക്‌സസറികൾ നൽകി എംപിവിയെ കളറാക്കിയിരിക്കുന്ന മോഡലാണിത്.


Click it and Unblock the Notifications








