8 പേർക്ക് ഉല്ലസിച്ച് പോവാൻ പഴയ പണം മതിയാവില്ല! ബേസ് മോഡലിൽ തൊടാതെ ഡീസൽ ഇന്നോവയുടെ വില കൂട്ടി ടൊയോട്ട
എല്ലാ വണ്ടിഭ്രാന്തൻമാരും ഒരുപോലെ വാങ്ങാൻ കൊതിക്കുന്ന ഒരു വാഹനമുണ്ടെങ്കിൽ അത് ടൊയോട്ട ഇന്നോവയായിരിക്കും. കിലിടിൻ യാത്രാസുഖത്തിന്റെ പേരിൽ രാജ്യത്ത് പ്രശസ്‌തിയാർജിച്ച ഈ 8-സീറ്റർ കാലങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനങ്ങളിൽ ഒന്നുകൂടിയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ മാർക്കറ്റുള്ള വണ്ടി പുതിയതൊന്ന് വാങ്ങാമെന്ന് വെച്ചാൽ നല്ല കാശ് വേണ്ടിവരും. ഡീസൽ പവറിലെത്തുന്നത് തന്നെയാണ് ഇന്നോവയുടെ ഏറ്റവും വലിയ വിജയം. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ ഹൈക്രോസായി മാറിയപ്പോൾ ഡീസൽ എഞ്ചിനും ഒഴിവാക്കാൻ ടൊയോട്ട ധൈര്യം കാണിച്ചിരുന്നു. എന്നിട്ടും ഡീസൽ എഞ്ചിനോടെ ക്രിസ്റ്റ നിലനിർത്താൻ കാരണവും ഇന്ത്യക്കാരുടെ സ്നേഹമാണ്.
എന്നാൽ ഈയൊരു സ്നേഹം തിരിച്ചുകാട്ടുന്നില്ലെന്ന പരാതി പലരും പറയാറുണ്ട്. ഇപ്പോഴിതാ ഇന്നോവ ക്രിസ്റ്റയുടെ വില വീണ്ടും വർധിപ്പിച്ച് വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. വില ഉയർത്തുന്നതിന്റെ കൃത്യമായ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്തിടെ ടൈസർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളുടെ വിലയും ബ്രാൻഡ് വർധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഡീസൽ ഇന്നോവയുടെ വിലയിലും പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിലയിൽ 27,000 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ടോപ്പ്-എൻഡ് ZX പതിപ്പിന് ഇനി 26.82 ലക്ഷം രൂപ എക്സ്ഷോറൂം വില നൽകിയാൽ മാത്രമേ വാങ്ങാനാവൂ. അതേസമയം എംപിവിയുടെ VX വേരിയന്റിന് 25,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
ഇന്നോവ ക്രിസ്റ്റയുടെ GX+ വേരിയന്റിന് 22,000 രൂപയോളം വില വർധിച്ചിട്ടുണ്ട്. എന്നിരുന്നാലും ബേസ് GX വേരിയന്റിന്റെ വിലയിൽ കൈതൊടാതെയാണ് പുതിയ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത് എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. ഇതിന് ഇപ്പോഴും 19.99 ലക്ഷം രൂപയായാണ് എക്സ്ഷോറൂം വില തുടരുന്നത്. അങ്ങനെ ഇന്നോവ ക്രിസ്റ്റയുടെ പുതുക്കിയ വില 19.99 ലക്ഷം മുതൽ 26.82 ലക്ഷം വരെയായി മാറി.

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, കർശനമായ നിയന്ത്രണങ്ങൾ, കറൻസി മൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ കാരണമായിരിക്കാം വാഹന നിർമാതാക്കൾ അടിക്കടി തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിക്കാറുള്ളത്. ഫോർച്യൂണർ എസ്‌യുവി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വില ക്രമീകരിക്കാനുള്ള ടൊയോട്ടയുടെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാരണങ്ങളും ഇതൊക്കെ തന്നെയാവാം.
വില പരിഷ്ക്കാരത്തിന് പുറമെ ജനപ്രിയ ഡീസൽ എംപിവിയിൽ യാതൊരു വിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും. നിലവിൽ ഓട്ടോമാറ്റിക് വേരിയന്റ് എംപിവിയുടെ നിരയിൽ നിന്നും കമ്പനി നിർത്തലാക്കിയിരുന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്. റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്.
സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റയിലുള്ളത്. ഡിസൈൻ നോക്കിയാൽ മുമ്പുണ്ടായിരുന്ന അതേ മോഡലിന്റെ രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലിലും മറ്റും ചില പരിഷ്ക്കാരങ്ങളുമായാണ് വണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ ക്രിസ്റ്റകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടരുന്നത്.


Click it and Unblock the Notifications








