രണ്ട് കുടുംബത്തിന് കയറാം, 8 സീറ്റർ ഡീസൽ ഇന്നോവയ്ക്ക് 1.81 ലക്ഷം രൂപ വിലക്കുറച്ച് ടൊയോട്ട; വേഗം വാങ്ങിക്കോ
വന്നകാലം മുതൽ ദേ ഇന്നുവരെ വിപണിയിൽ ഒരേപോലെ സ്വീകാര്യതയുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ. ക്രിസ്റ്റയായും ഹൈക്രോസായും ഇന്നും വിപണിയിൽ വിറ്റഴിക്കുന്ന എംപിവി യാത്രാ സുഖത്തിലൂടെയാണ് ഇന്ത്യക്കാരുടെ പ്രിയങ്കരനായി മാറിയത്. കൂടെ ഡീസൽ എഞ്ചിന്റെ സാന്നിധ്യവും തരക്കേടില്ലാത്ത മൈലേജും കുറഞ്ഞ മെയിന്റനെൻസും ആയപ്പോൾ എല്ലാ യാത്രകളിലും ഇന്നോവയെ കൂടെക്കൂട്ടാൻ പലരും തയാറായി. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ മാർക്കറ്റുള്ള വണ്ടി പുതിയതൊന്ന് വാങ്ങാമെന്ന് തീരുമാനിച്ചാൽ 20 ലക്ഷത്തിന് മുകളിലാവും ചെലവാക്കേണ്ടി വരിക. അതോടെ മിക്കവരും യൂസ്‌ഡ് കാർ മാർക്കറ്റിലേക്ക് ഇറങ്ങുകയും ചെയ്യും.
എന്നാൽ ഇനി അങ്ങനെ റിസ്ക്കെടുത്ത് സെക്കൻഡ് ഹാൻഡ് ഒന്നും വാങ്ങേണ്ട. പുതിയ ജിഎസ്‌ടി പരിഷ്ക്കാരത്തോടെ ഇന്നോവ ക്രിസ്റ്റയുടെ വില കുറച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ജിഎസ്ടി കുറച്ചതോടെ ഡീസൽ 8-സീറ്റർ എംപിവിയുടെ വില ലക്ഷക്കണക്കിനാണ് കുറയുന്നത്. സെപ്റ്റംബർ 22 മുതൽ ഇന്ത്യയിലുടനീളം പുതിയ ജിഎസ്ടി നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വരും.

ഇതിന് ശേഷം ഷോറൂമിലെത്തിയാൽ എത്രത്തോളം ലാഭിക്കാനാവുമെന്ന കാര്യം പറഞ്ഞുതരാം. നിലവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 19.99 ലക്ഷം മുതൽ 26.82 ലക്ഷം വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിറ്റഴിക്കുന്നത്. 7 സീറ്റർ, 8 സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന ബേസ് GX വേരിയന്റിന് ജിഎസ്ടി നികുതി കുറച്ചതിനുശേഷം 1.33 ലക്ഷം രൂപയോളമാണ് കുറവ് വരാൻ പോവുന്നത്. അതായത് 18.66 ലക്ഷത്തിന് വാഹനം ഇനിയങ്ങോട്ട് സ്വന്തമാക്കാനാവുമെന്ന് ചുരുക്കം.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലെ GX പ്ലസ് വേരിയന്റിലെ 7 സീറ്റർ പതിപ്പിന് നിലവിൽ 21.71 ലക്ഷവും 8 സീറ്ററിന് 21.76 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ജിഎസ്ടിയിലെ പരിഷ്ക്കാരത്തിന് ശേഷം GX പ്ലസ് 7 സീറ്ററിന് 20,26,500 രൂപയും 8 സീറ്റർ പതിപ്പിന് 20,31,000 രൂപയുമാണ് വില വരിക. അതായത് സീറ്റർ അടിസ്ഥാനമാക്കി 1,44,500 രൂപയും 1,45,000 രൂപയും ഓരോ മോഡലുകൾക്കും വിലക്കുറവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം.

ഇന്നോവ ഡീസലിന്റെ സെക്കൻഡ് ടോപ്പ് വേരിയന്റായ VX വേരിയന്റും 7 സീറ്റർ, 8 സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്. നിലവിൽ ഇതിന്റെ വില 25.40 ലക്ഷം രൂപയും 8 സീറ്ററിന് 25.45 ലക്ഷം രൂപയുമാണ് മുടക്കേണ്ടതായി വരുന്നത്. പുതിയ നികുതി ഘടന നടപ്പിലാക്കിയതോടെ VX 7 സീറ്ററിന് 23.71 ലക്ഷമുണ്ടേൽ പോർച്ചിലെത്തിക്കാം. 8 സീറ്ററിന് 23.76 ലക്ഷവുമാണ് എക്സ്ഷോറൂം വില വരിക. അതായത് ഇരുപതിപ്പുകലിലും 1.69,000 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം.
എംപിവിയുടെ ഏറ്റവും ഉയർന്ന വേരിയന്റായ ZX സീററിന് മുമ്പത്തെ 27.08 ലക്ഷം രൂപയെ അപേക്ഷിച്ച് ഇപ്പോൾ 25.27 ലക്ഷമുണ്ടേൽ വീട്ടിലെത്തിക്കാം. 1,80,600 രൂപ വിലക്കുറവിലാണ് മോഡൽ വിപണനത്തിന് ഇനി മുതൽ എത്തുക. അന്യായ ഡിമാന്റുള്ളതിനാൽ പൊതുവെ ഇന്നോവ ക്രിസ്റ്റയ്ക്ക് ഓഫറുകളൊന്നും ലഭിക്കാറില്ല. ആയതിനാൽ ഈ സുവർണാവസരം മുതലാക്കാൻ ആളുകൾ തള്ളിക്കയറുമെന്ന് തന്നെയാണ് ടൊയോട്ടയുടെ അനുമാനം.

2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും. നിലവിൽ ഓട്ടോമാറ്റിക് വേരിയന്റ് എംപിവിയുടെ നിരയിൽ നിന്നും കമ്പനി നിർത്തലാക്കിയിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്.
റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളും ക്രിസ്റ്റയിലുണ്ട്.


Click it and Unblock the Notifications








