ഇന്നോവയുള്ളവർ സാധാരണ പെട്രോൾ അടിക്കുന്നത് നിർത്തിക്കോ, ഇത് ശ്രദ്ധിച്ചില്ലേൽ പണികിട്ടുമെന്ന് ടൊയോട്ട
യാതാസുഖത്തിന്റെ കാര്യത്തിൽ പകരംവെക്കാനില്ലാത്ത എംപിവിയാണ് ടൊയോട്ട ഇന്നോവ. ഏതൊരു വണ്ടിഭ്രാന്തനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്നോവ മൂന്നാംതലമുറ ആവർത്തനങ്ങളിലും സൂപ്പർഹിറ്റാണ്. ഇപ്പോൾ വിൽക്കുന്ന ക്രിസ്റ്റ ആയാലും ഹൈക്രോസ് ആയാലും ഒന്നിനൊന്നിന് മെച്ചമാണ്. ഡീസൽ വേണ്ടവർക്ക് ക്രിസ്റ്റയും ആധുനിക കാലത്തിനൊത്ത പെട്രോൾ ഹൈബ്രിഡ് വേണ്ടവർക്ക് ഹൈക്രോസും വിൽക്കുന്ന രീതിയാണ് ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പിന്തുടരുന്നത്. മുൻഗാമികളേക്കാൾ ഏറെ പ്രീമിയമായി പുറത്തിറക്കിയ ഹൈക്രോസ് ഇന്ത്യക്കാരുടെ മനംകവർന്ന് മുന്നേറുകയാണ്. അസാമാന്യ വലിപ്പവും കിടിലൻ സ്പേസും അന്യായ മൈലേജും മോഡേൺ ഫീച്ചറുകളുമെല്ലാമായി എത്തിയ വണ്ടിയെ നെഞ്ചോട് ചേർത്തില്ലെങ്കിൽ മാത്രമേ അതിശയിക്കാനുള്ളൂ.
എന്നാൽ ഇന്നോവ വാങ്ങിയവർക്കും വാങ്ങാനിരിക്കുന്നവരും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. മറ്റൊന്നുമല്ല, വാഹന ഉടമകൾ നിറയ്ക്കുന്ന ഇന്ധനത്തെ കുറിച്ചുള്ള സംഭവമാണിത്. ഏതെങ്കിലും പമ്പിൽ കയറി കാണുന്ന പെട്രോൾ ഒന്നും അടിക്കരുതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ കാറുകൾക്ക് 95 ഒക്ടെയ്ൻ അല്ലെങ്കിൽ RON 95 ഇന്ധനം ഉപയോഗിക്കാനാണ് ടൊയോട്ട ശുപാർശ ചെയ്യുന്നത്.

പ്രത്യേകിച്ച് ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് പോലുള്ള കാറുകൾക്കാണ് ഈയൊരു കാര്യം ബാധകമാവുക. ഇന്നോവ ക്രിസ്റ്റ പോലുള്ള പെട്രോൾ വണ്ടികളുള്ളവർ ഈ വാർത്ത അറിഞ്ഞിരുന്നാൽ മാത്രം മതിയാവും കേട്ടോ. പകരം പുതിയ ഹൈക്രോസുള്ളവർ ഇനിയെങ്കിലും സാധാരണ പെട്രോളുകൾ ഉപയോഗിക്കുന്നത് ഇനിയെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. ഓണേഴ്‌സ് മാനുവലിലും ഇക്കാര്യം കമ്പനി പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.
കാറുകളുടെ എഞ്ചിൻ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനാലാണ് ഈയൊരു കാര്യം കമ്പനി ശുപാർശ ചെയ്യുന്നത്. ഈ അപ്‌ഡേറ്റ് ഹൈബ്രിഡ് കാറുകൾക്കാണോ അതോ ഹൈബ്രിഡ് അല്ലാത്ത കാറുകൾക്കാണോ എന്ന് ടൊയോട്ട ഇതുവരെ പരാമർശിച്ചിട്ടില്ല. ആയതിനാൽ ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് എഞ്ചിൻ കണക്കാക്കാതെ തന്നെ ഉടമകൾ 95 ഒക്ടേൻ ഇന്ധനം ഉപയോഗിക്കണം എന്നാണ്.

ഹൈറൈഡർ ഹൈബ്രിഡ് പതിപ്പിന് പ്രീമിയമായ RON 95 ഗ്രേഡ് പെട്രോൾ ആവശ്യമാണെന്ന് പലർക്കും അറിയില്ലാത്തൊരു സംഗതിയാണ്. അതേസമയം K15C സീരീസ് എഞ്ചിൻ ഉപയോഗിക്കുന്ന നോൺ-ഹൈബ്രിഡ് പതിപ്പിന് 91 ഒക്ടേൻ ഗ്രേഡ് ഇന്ധനത്തിൽ ശരിയായി പ്രവർത്തിക്കാൻ കഴിയും. ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഹൈറൈഡർ മോഡലുകൾക്ക് മാത്രമല്ല 2025 മാർച്ചിന് ശേഷം നിർമിച്ച ഹൈക്രോസിന്റെ ബാഡ്ജ്-എൻജിനീയറിംഗ് പതിപ്പായ മാരുതി സുസുക്കി ഇൻവിക്റ്റോ എംപിവിക്കും ഇതേ അപ്‌ഡേറ്റ് ബാധകമാണ്.
കുറഞ്ഞ ഒക്ടേൻ റേറ്റുള്ള ഇന്ധനം അതായത് 95 ഒക്ടേനിൽ താഴെയുള്ളത് സ്ഥിരമായി ഉപയോഗിക്കുമ്പോൾ വാഹനത്തിലെ കാറ്റലറ്റിക് കൺവെർട്ടർ തകരാറിലാവാൻ സാധ്യതയുണ്ട്. അതിനാലാണ് ഇപ്പോൾ ടൊയോട്ട ഇത്തരമൊരു അപ്‌ഡേറ്റുമായി മുന്നോട്ടുവരാൻ കാരണമായിരിക്കുന്നത്. സാധാരണ 91 ഒക്ടേനിലുള്ള പെട്രോൾ ഉപയോഗിക്കുന്നത് വലിയൊരു പ്രശ്‌നത്തിലേക്ക് നയിച്ചേക്കില്ലെങ്കിലും ഇത് കാറ്റലറ്റിക് കൺവെർട്ടറിന്റെ ആയുസ് കുറയ്ക്കുന്ന കാര്യമാണ്.

ടൊയോട്ട ഹൈറൈഡർ എസ്‌യുവിയുടെ കാറ്റലറ്റിക് കൺവെർട്ടറിന് 50,000 രൂപയോയിൽ കൂടുതലാണ് മാറാനായി ചെലവ് വരുന്നത്. ആയതിനാൽ ഭാവിയിൽ പണികിട്ടാതിരിക്കാൻ ഹൈറൈഡർ, ഹൈക്രോസ് പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാപ്പനീസ് ബ്രാൻഡ് ശുപാർശ ചെയ്യുന്നതുപോലെ അവരുടെ കാറുകളിൽ 95 ഒക്ടേൻ ഇന്ധനം നിറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പോക്കറ്റ് കീറുന്ന വഴി കാണില്ല കേട്ടോ.
ഇനി എന്താണ് 95 ഒക്ടേൻ ഫ്യുവൽ എന്നറിയാത്തവർക്കായി ചെറിയൊരു വിവരണം നൽകാം. ഉയർന്ന ഒക്ടേൻ റേറ്റിംഗുള്ള പ്രീമിയം ഗ്രേഡ് പെട്രോളാണ് 95 ഒക്ടേൻ. ഇത് സാധാരണ പെട്രോളിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനവും എഞ്ചിൻ സംരക്ഷണവും വാഗ്ദാനം ചെയ്യും. ഹൈ-പെർഫോമൻസ് എഞ്ചിനുകൾ, ടർബോചാർജ്ഡ് എഞ്ചിനുകൾ, ഉയർന്ന ഒക്ടേൻ ശുപാർശ ചെയ്യുന്നതോ ആവശ്യമുള്ളതോ ആയ ആഡംബര വാഹനങ്ങൾ എന്നിവയ്ക്കായാണ് ഇത്തരം പെട്രോൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് പറയാം.


Click it and Unblock the Notifications








