ഇനി നല്ല മൈലേജും കിട്ടും, ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ടയുടെ എസ്‌യുവി! ഇനി ഇന്ത്യയിലേക്ക് വന്നാൽ മതി
രാവണപ്രഭുവിൽ മോഹൻലാലിന്റെ ഇൻട്രോയിൽ പ്രത്യക്ഷപ്പെട്ട ഇടിവെട്ട് എസ്‌യുവിയെ വാഹനപ്രേമികൾ ഇന്നും മറന്നിട്ടുണ്ടാവില്ല. ടൊയോട്ടയുടെ ഐതിഹാസിക ഓഫ് റോഡർ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയാണ് ലാലേട്ടനൊപ്പം മാസ് എൻട്രി കൊടുത്തത്. ഇന്ത്യയിലേക്ക് പ്രാഡോ മറ്റൊരു വരവിന് ഒരുങ്ങുകയാണെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പരന്നതോടെ വണ്ടിഭ്രാന്തൻമാരെല്ലാം ആവേശത്തിലാവുകയും ചെയ്‌തിരുന്നു. മിക്കവാറും ഈ വർഷം അവസാനത്തോടെ നമ്മുടെ വിപണിയിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന പ്രാഡോ ഇപ്പോഴിതാ മൈലേജ് വർധിപ്പിക്കുന്ന സൂത്രപ്പണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവം വേറെയൊന്നുമല്ല, അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ലാൻഡ് ക്രൂയിസർ പ്രാഡോയിൽ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.
മൈൽഡ്-ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (MHEV) സിസ്റ്റം കാരണം മുമ്പത്തേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രാഡോയിലെ ഡീസൽ എഞ്ചിന് സാധിക്കും. നിലവിൽ യൂറോപ്യൻ വിപണിയിലെ എല്ലാ ലാൻഡ് ക്രൂയിസർ മോഡലുകൾക്കുമാണ് MHEV സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിൽ എത്തുമ്പോഴും ഇതേ ടെക്നോളജി എസ്‌യുവിയിൽ കമ്പനി ഉപയോഗിക്കും.

പ്രാഡോ എസ്‌യുവിയുടെ നിലവിലുള്ള 2.8 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനിലേക്കാണ് ടൊയോട്ട 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നത്. 7.6 കിലോഗ്രാം ഭാരമുള്ള ഹൈബ്രിഡ് സജ്ജീകരണത്തിൽ പരമ്പരാഗത ആൾട്ടർനേറ്ററിന് പകരം ഒരു ഇലക്ട്രിക് മോട്ടോർ-ജനറേറ്റർ, 48V 4.3Ah ലിഥിയം-അയൺ ബാറ്ററി, ഒരു DC-DC പവർ കൺവെർട്ടർ എന്നിവയാണ് ജാപ്പനീസ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നതും.
അങ്ങനെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp പവറിൽ 500 Nm ടോർക്ക് വരെ നിർമിക്കാനും സാധിക്കും. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നത് വഴി എസ്‌യുവിയുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും ബ്രാൻഡിനായിട്ടുണ്ട്. ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് പ്രാപ്തമാക്കുകയും സ്റ്റാർട്ട്-ഓഫിൽ 16 bhp പവറും 65 Nm ടോർക്കും അധികമായി നൽകുകയും ചെയ്യുന്നുവെന്നും ടൊയോട്ട അവകാശപ്പെടുന്നുമുണ്ട്.

ആൾട്ടർനേറ്ററിന് പകരമായി മോട്ടോർ-ജനറേറ്റർ പ്രവർത്തിക്കുകയും ബാറ്ററി ചാർജ് ചെയ്യാൻ എഞ്ചിൻ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. വേഗത കുറയ്ക്കുമ്പോഴും എഞ്ചിൻ ബ്രേക്കിംഗ് ചെയ്യുമ്പോഴും ഇത് എനർജി വീണ്ടെടുക്കും. ഹൈബ്രിഡ് സംവിധാനം യാതൊരു തരത്തിലും എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവിനെ ബാധിക്കുകയില്ലെന്നും ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ-ജനറേറ്റർ എഞ്ചിനിൽ ഉയരത്തിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ കുറഞ്ഞ വേഗതയിൽ വാഹനത്തിന് 700 മില്ലീമീറ്റർ വാട്ടർ-വേഡിംഗ് ഡെപ്ത് നിലനിർത്താൻ കഴിയും.
ടൊയോട്ട അടുത്തിടെ ഫോർച്യൂണർ നിയോഡ്രൈവ് മൈൽഡ്-ഹൈബ്രിഡ് പതിപ്പും ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. 2.8 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ അതേ 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമാണ് ഇതിലും സജ്ജീകരിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് അസിസ്റ്റ് സുഗമമായ ലോ-എൻഡ് ആക്സിലറേഷൻ, നിശബ്ദ പ്രവർത്തനം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിന്റെ സവിശേഷതകളിലൊന്നിന് സമാനമായി വേഗത കുറയ്ക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യപ്പെടുമെന്നതാണ്. ഫോർച്യൂണർ, ലെജൻഡർ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂൺ 02 മുതൽ ആരംഭിച്ചിട്ടുണ്ട്. ഡെലിവറിയും ഉടൻ തന്നെ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇനി പ്രാഡോയുടെ കാര്യത്തിലേക്ക് വന്നാൽ LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും ഇന്ത്യയിൽ പുറത്തിറക്കുകയെന്നാണ് വിവരം.
ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്ക് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ ഇന്ത്യയിലെ സ്ഥാനം. 7 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുന്ന വണ്ടിയുടെ വരവിനായി ഇന്ത്യക്കാരെല്ലാം ഒരുപോലെ കാത്തിരിക്കുകയാണിപ്പോൾ. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നുമുണ്ടാവില്ല. ഏകദേശം 1 കോടി രൂപയ്ക്ക് മുകളിൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








