ടൊയോട്ടയുടെ വണ്ടിയുള്ളവർക്ക് കോളടിച്ചു, ഇല്ലാത്തവർക്ക് കിടിലൻ ഓഫറിൽ യൂസ്‌ഡ് കാർ തരാമെന്നും കമ്പനി
ഇന്ത്യയിൽ ഹേറ്റേഴ്‌സില്ലാത്ത വാഹന നിർമാതാക്കളാണ് ടൊയോട്ട. മാരുതി സുസുക്കിയുമായി ചങ്ങാത്തം കൂടിയതിൽ പലർക്കും പരിഭവം ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ റീബാഡ്‌ജിംഗിലൂടെ പണംവാരുകയാണ് കമ്പനിയിപ്പോൾ. സെയിൽസ്, സർവീസിന്റെ കാര്യത്തിലും ടൊയോട്ടയെ കവച്ചുവെക്കാൻ മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയമാണ്. ആർക്കും പരാതിയൊന്നും പറയാനില്ലാത്ത ജാപ്പനീസ് ബ്രാൻഡിന്റെ പ്രവർത്തനം അത്രയ്ക്ക് അടിപൊളിയാണെന്ന് വെറുതേ പറയുന്നതല്ല കേട്ടോ. ടൊയോട്ടയുടെ ഒരു വണ്ടി ഉപയോഗിച്ച ആരെങ്കിലും മറ്റേതെങ്കിലും ബ്രാൻഡിലേക്ക് മാറിയതായി അധികമാരും കേട്ടിട്ടുമുണ്ടാവില്ല. ഇപ്പോഴിതാ ടൊയോട്ട കാർ ഉടമകൾക്ക് സന്തോഷം നൽകുന്നൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.
നിലവിലുള്ള ടൊയോട്ട കാർ ഉടമകൾക്കായി ദക്ഷിണേന്ത്യയിലെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും 'മെഗാ സമ്മർ സെലിബ്രേഷൻ' ക്യാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർസിൽ നിന്നും വരുന്നത്. ഇതിന്റെ ഭാഗമായി 2025 മെയ്, ജൂൺ മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ ഡീലുകളും ആനുകൂല്യങ്ങളുമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിവെച്ച് കാത്തിരിക്കുന്നത്.

പുതിയ കാർ വിൽപ്പന, സർവീസിംഗ്, സർട്ടിഫൈഡ് യൂസ്‌ഡ് കാറുകൾ, ആക്‌സസറികൾ എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളാണ് മെഗാ സമ്മർ സെലിബ്രേഷൻ ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ടൊയോട്ടയുടെ കസ്റ്റമർ ഫസ്റ്റ് എന്ന തത്ത്വചിന്തയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഉടമസ്ഥാവകാശം എളുപ്പമാക്കാനും കൂടിയാണ് ക്യാമ്പയിന്റെ ഉദ്ദേശം.
പുതിയ ടൊയോട്ട കാറുകൾക്ക് പ്രത്യേകമായ സമ്മർ സ്‌കീമുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, പരിമിതകാല ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഈ ക്യാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാവും. ഇതുകൂടാതെ നിലവിലെ ഉടമകൾക്ക് സൗജന്യമായി 20-പോയിന്റ് വെഹിക്കൾ ഹെൽത്ത് ചെക്കപ്പും വേൽക്കാലത്തേയും ചൂടിനേയും നേരിടാനായി പ്രത്യേകം ചിട്ടപ്പെടുത്തിയെടുത്ത സമ്മർ സർവീസ് പാക്കേജുകളും ലഭിക്കും.

ടൊയോട്ട യു ട്രസ്റ്റ് സർട്ടിഫൈഡ് യൂസ്‌ഡ് കാറുകൾക്ക് ആകർഷകമായ ഓഫറുകളാണ് മെഗാ സമ്മർ സെലിബ്രേഷൻ ക്യാമ്പയിനിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ കാർ വാങ്ങുന്നവർക്ക് T GLOSS പെയിന്റ് പ്രൊട്ടക്ഷൻ ട്രീറ്റ്മെന്റുകളും അനുബന്ധ ഉപകരണങ്ങളും ഉറപ്പായ സമ്മാനങ്ങളും ഡിസ്കൌണ്ടുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഡീലർഷിപ്പിലേക്ക് കൊണ്ടുവരുന്ന ഉപഭോക്താക്കൾക്ക് ടൊയോട്ട റഫറൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്ങനെ മൊത്തത്തിൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള എല്ലാത്തരം സംഗതികളും ഈ ക്യാമ്പയിന്റെ ഭാഗമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിക്ക് പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എക്സ്ക്ലൂസീവ് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 32.58 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഹൈക്രസിന്റെ ZX (O) വേരിയന്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡൽ സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്. റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയിലെല്ലാം കറുപ്പ് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് സ്കിഡ് പ്ലേറ്റും ഗ്രിൽ ഗാർണിഷും ചേർത്താണ് മോഡലിനെ കളറാക്കിയിരിക്കുന്നത്.
എക്സ്റ്റീരിയറിലേത് പോലെ തന്നെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷന്റെ ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. ഇൻസ്ട്രുമെന്റ് പാനൽ, ഡോർ ഫാബ്രിക്, സീറ്റ് മെറ്റീരിയൽ, സെന്റർ കൺസോൾ ലിഡ് എന്നിവ ഡ്യുവൽ-ടോൺ തീമിലാണ് ഒരുക്കിയിരിക്കുന്നത്. മെയ് മുതൽ ജൂലൈ വരെ മാത്രമേ ഈ ലിമിറ്റഡ് എഡിഷൻ വാങ്ങാനാവൂ എന്നതും പ്രത്യേകം കമ്പനി പറയുന്നുണ്ട്.


Click it and Unblock the Notifications








