26.11 കി.മീ. മൈലേജുള്ള ടൊയോട്ടയുടെ 7-സീറ്റർ ഫാമിലി കാർ, വില കൂടിയിട്ടും 10.54 ലക്ഷത്തിന് വാങ്ങിക്കാം
മാരുതി സുസുക്കിയെ (Maruti Suzuki) കൂട്ടുപിടിച്ച് ചീത്തപ്പേര് വാങ്ങിയവരാണ് ടൊയോട്ടയെങ്കിലും (Toyota) തങ്ങളുടെ ഇമേജിന് ഇന്നും കോട്ടംതട്ടാതെ മുമ്പോട്ട് പോവാൻ കാരണം ഇന്നോവയും ഫോർച്യൂണറും ഉള്ളതുകൊണ്ടാണെന്ന് നിസംശയം പറയാം. മാരുതിയുടെ വാഹനങ്ങളെ തങ്ങളുടെ കുപ്പായമിടീപ്പിച്ച് ഷോറൂമിൽ എത്തിച്ചത് ഫാൻസിന് ഇഷ്‌ടമായില്ലെങ്കിലും സാധാരണക്കാരിലേക്ക് അധികം പണംമുടക്കാതെ ഇറങ്ങിച്ചെല്ലാൻ ടൊയോട്ടക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. മാത്രമല്ല, ഇതിലൂടെ നല്ലപോലെ പണംവാരാനും ജാപ്പനീസ് ബ്രാൻഡിനാവുന്നുണ്ടെന്നതാണ് സത്യം. ഇന്നോവ വാങ്ങാൻ കാശില്ലാതിരുന്നവരെ പ്രലോഭിപ്പിക്കാൻ സാക്ഷാൽ എർട്ടിഗയുടെ റീബാഡ്‌ജ് മോഡലിനെ വരെ കമ്പനി അവതരിപ്പിക്കുകയുണ്ടായി.
റൂമിയോൺ എന്നുപേരിട്ടിരിക്കുന്ന കോംപാക്‌ട് എംപിവി എന്തായാലും ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്. അതാണ് ടൊയോട്ടയുടെ ബാഡ്‌ജിന്റെ വില. മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ തനതായ ശൈലി കോർത്തിണക്കി പുറത്തിറക്കിയ റൂമിയോൺ വളരെ വേഗം ശ്രദ്ധിക്കപ്പെടാൻ കാരണമായത് 'ബേബി ക്രിസ്റ്റ' ലുക്കിൽ പണിതിറക്കിയത് തന്നെയാണ്. ഒപ്പം പെട്രോൾ, സിഎൻജി കോമ്പിനേഷൻ കൂടിയായതോടെ സംഭവം അടിപൊളിയായി.

റൂമിയോൺ വാങ്ങാൻ പ്ലാനിട്ടിരുന്നവരെ നിരാശപ്പെടുത്തുന്നൊരു വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, ഇനി മുതൽ ടൊയോട്ടയുടെ ഈ 7-സീറ്റർ എംപിവി പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ബ്രാൻഡ്. അടുത്തിടെ എട്ടിഗയ്ക്ക് വില കൂട്ടിയതിന് പിന്നാലെ ടൊയോട്ട റൂമിയോണിന്റെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. പക്ഷേ കുത്തനെയുള്ള വിലക്കയറ്റമല്ലെന്നത് പലർക്കും ആശ്വാസമായേക്കും.
S മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാവുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ വിപണിയിൽ എത്തുന്ന ടൊയോട്ട റൂമിയോണിന് 10,000 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ കോംപാക്‌ട് എംപിവിയുടെ പ്രാരംഭ വില 10.54 ലക്ഷം രൂപയായി ഉയർന്നു. അതേസമയം ടോപ്പ് എൻഡ് മോഡലിന് 13.83 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

വില വർധനവിന് പുറമെ റൂമിയോണിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും സംഭവിച്ചിട്ടില്ല. എർട്ടിഗയുടെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ടയുടെ 7-സീറ്ററിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
എംപിവിയിൽ ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റും ലഭ്യമാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും വമ്പൻ മൈലേജാണ് കിട്ടുന്നത്. സിഎൻജിയിൽ ടൊയോട്ട റൂമിയോണിലെ എഞ്ചിന് 87 bhp പവറിൽ 121 Nm torque ആണ് നൽകാനാവുക. ഒപ്പം കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജും കിട്ടുമെന്നതാണ് അതിശയകരമായ വസ്‌തുത.

അതേസമയം റൂമിയോണിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് 20.51 കിലോമീറ്ററും പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജും നൽകും. ഡിസൈനിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് ടൊയോട്ട റൂമിയോൺ എംപിവിയെ വേറിട്ടുനിർത്തുന്നത്.
ഇന്റീരിയറിലെ ലേഔട്ടും ഫീച്ചറുകളമെല്ലാം സമാനമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ, 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള ഫീച്ചറുകളെല്ലാമാണ് ടൊയോട്ട റൂമിയോണിലുള്ളത്.


Click it and Unblock the Notifications








