26.11 കി.മീ. മൈലേജുള്ള 'ബേബി ക്രിസ്റ്റ' പഴയ വിലയ്ക്ക് വാങ്ങാൻ ഒക്കൂല്ല, പുതിയ വിലയും കൂടുതലല്ലെന്ന് ടൊയോട്ട
ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹനങ്ങളുടെ തലതൊട്ടപ്പൻമാരാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട. ക്വാളിസും ഇന്നോവയുമെല്ലാം പുറത്തിറക്കി രാജ്യംവെട്ടിപ്പിടിച്ച കമ്പനി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവികളിൽ ഒന്നായ എർട്ടിഗയെ കുപ്പായംമാറ്റി ടൊയോട്ടയുടെ ബാഡ്‌ജും വെച്ച് പുറത്തിറക്കിയിരുന്നു. മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ റീബാഡ്‌ജ് ചെയ്‌ത എർട്ടിഗയ്ക്ക് റൂമിയോൺ എന്നാണ് ബ്രാൻഡ് പേരിട്ടതും. ഇന്നോവയ്ക്ക് വില കൂടുതലാണെന്ന് പറഞ്ഞ് മാറിനിൽക്കുന്നവരെ ചാക്കിലാക്കാൻ പ്രയോഗിച്ച ഐഡിയ പക്ഷേ ക്ലിക്കായി. അങ്ങനെ സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാനും ടൊയോട്ടയ്ക്ക് സാധിച്ചു.
മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ സ്റ്റൈലിൽ പുറത്തിറങ്ങിയ റൂമിയോൺ വളരെ വേഗം ശ്രദ്ധിക്കപ്പെടാൻ കാരണമായത് 'ബേബി ക്രിസ്റ്റ' ലുക്കാണ്. ഒരെണ്ണം വാങ്ങിയാലോയെന്ന് ആലോചിച്ചിരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഇപ്പോൾ ടൊയോട്ടയിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, പഴയ വിലയിൽ 7-സീറ്റർ എംപിവി തരാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

S മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാവുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ വിപണിയിൽ എത്തുന്ന ടൊയോട്ട റൂമിയോണിന്റെ വില ഇന്ത്യയിൽ വർധിപ്പിച്ചിരിക്കുകയാണ്. എംപിവിയുടെ എല്ലാ വേരിയന്റുകൾക്കും 12,500 രൂപയോളമാണ് കൂട്ടിയിരിക്കുന്നത്. അങ്ങനെ മോഡലിന്റെ എക്സ്ഷോറൂം വില 10.66 ലക്ഷം രൂപയായി ഉയർന്നിരിക്കുകയാണ്.
അതേസമയം റൂമിയോണിന്റെ ടോപ്പ് വേരിയന്റിന്റെ എക്സ്ഷോറൂം വില 13.95 രൂപയുമായി മാറിയിട്ടുണ്ട്. വിലയിൽ മാറ്റമുണ്ടെങ്കിലും എർട്ടിഗയുടെ ടൊയോട്ട പതിപ്പിന് മെക്കാനിക്കലായും ഫീച്ചറുകളിലും ജാപ്പനീസ് ബ്രാൻഡ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണ് കാണാനാവുന്നത്.

അടിസ്ഥാന രൂപം അതേപടി നിലനിൽക്കുകയാണെങ്കിലും ഇന്നോവ ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് ടൊയോട്ട റൂമിയോണിന്റെ ഐഡന്റിറ്റി. ഒറ്റ നോട്ടത്തിൽ എർട്ടിഗയേക്കാൾ പ്രീമിയമാണെന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല. സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നിവയാണ് റൂമിയോണിലെ കളർ ഓപ്ഷനുകൾ.
ഇന്റീരിയറിലേക്ക് കയറിയാൽ സ്റ്റിയറിംഗ് വീലിയെ ടൊയോട്ട ബാഡ്‌ജ് ഒഴികെ വാഹനത്തിൽ യാതൊരു നവീകരണവും കാണാനില്ലെന്നതാണ് സത്യം. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള ഫീച്ചറുകളാണ് എംപിവിയിൽ ഒരുക്കിയിട്ടുള്ളത്.

സേഫ്റ്റിയിലും മോശക്കാരനല്ലാതെയാണ് എർട്ടിഗയുടെ പുനർനിർമിത വാഹനം വിപണിയിലെത്തുന്നത്. സ്റ്റാൻഡേർഡായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും പുതിയ 7 സീറ്റര്‍ റൂമിയോണിൽ അണിനിരത്തിയിട്ടുണ്ട്. മാരുതി എംപിവിയുടെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ടയുടെ 7-സീറ്റർ കാറിനും തുടിപ്പേകാൻ എത്തുന്നത്.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഇതിനോടൊപ്പം സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാനുള്ള അവസരം ആളുകൾക്കുണ്ട് കേട്ടോ.മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. അതേസമയം സിഎൻജിയിൽ 26.11 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ലഭിക്കുക.


Click it and Unblock the Notifications








