27 KM മൈലേജിനൊപ്പം സേഫ്റ്റിയും ഗ്യാരണ്ടി, 7-സീറ്റർ എംപിവിയിലേക്ക് 6 എയർബാഗ് ചേർത്ത് ടൊയോട്ട! വില 10.44 ലക്ഷം
മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ടിൽ റീബാഡ്‌ജ് മോഡലുകൾ പുറത്തിറക്കി സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഗ്ലാൻസ, റൂമിയോൺ, ടൈസർ തുടങ്ങിയ മോഡലുകളിലൂടെ പണംവാരാനും കമ്പനിക്കാവുന്നുണ്ട്. അടുത്തിടെ വാഹന നിരയിലാകെ 6 എയർബാഗുകൾ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു ടൊയോട്ടയുടെ കൂട്ടുകാരനായ മാരുതി. എർട്ടിഗ, ബലേനോ തുടങ്ങിയ വണ്ടികൾക്കാണ് അവസാനമായി ഈയൊരു സേഫ്റ്റി ഫീച്ചർ ബ്രാൻഡ് കൂട്ടിച്ചേർത്തത്. പിന്നാലെയിതാ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഫാമിലി എംപിവിയായ റൂമിയോണിന്റെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡാക്കിയിരിക്കുകയാണ്.
ഈ നീക്കം കമ്പനിയുടെ സുരക്ഷയ്ക്ക് പ്രഥമസ്ഥാനം എന്ന തത്ത്വചിന്തയെ അടിവരയിടുകയും വർധിച്ചുവരുന്ന ഉപഭോക്തൃ പ്രതീക്ഷകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതാണ്. പുതിയ അപ്‌ഗ്രേഡിലൂടെ എല്ലാ റൂമിയോൺ വേരിയന്റുകളിലും ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ ഷീൽഡ് എയർബാഗുകളാണ് സേഫ്റ്റി വർധിപ്പിക്കാനായി വന്നെത്തിയിരിക്കുന്നത്. യാത്രക്കാർക്ക് 360 ഡിഗ്രി സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനാൽ വാഹനം തേടി കൂടുതൽ ആളുകൾ എത്തുമെന്നാണ് വിലയിരുത്തലും.

കൂടാതെ റൂമിയോണിന്റെ ടോപ്പ്-സ്പെക്ക് V വേരിയന്റിൽ ടൊയോട്ട ഇപ്പോൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതൊഴികെ വാഹനത്തിൽ മറ്റ് നവീകരണങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. പുതുതായി 6 എയർബാഗുകൾ അണിനിരത്തിയതിന് പുറമെ വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ്-സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകൾ എംപിവിയിൽ തുടർന്നും ലഭ്യമാവും.
ടൊയോട്ട 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും ഒരുക്കിയിട്ടുണ്ട്. ഇതുപോരാത്തവർക്ക് 5 വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും ചെറിയ പൈസയ്ക്ക് വാങ്ങാനാവുന്നതാണ്. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ ബേബി ക്രിസ്റ്റയ്ക്ക് നൽകുന്നുണ്ടെന്നതും ആശ്വാസകരമായ കാര്യമാണ്.

ടൊയോട്ട റൂമിയോണിന് നിലവിൽ 10.44 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കൂടുതൽ എയർബാഗുകളോടെ വരുന്ന 7 സീറ്റർ എംപിവി വാങ്ങാൻ താത്പര്യമുള്ളവർക്കായുള്ള ബുക്കിംഗും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഓൺലൈനായും രാജ്യവ്യാപകമായി ടൊയോട്ട ഡീലർഷിപ്പുകളിലും ലഭ്യമാണ്. ക്രോം നിറത്തിലുള്ള ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ-ടോൺ മെഷീൻഡ് അലോയ് വീലുകൾ എന്നിവയാണ് റൂമിയോണിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
അകത്തളത്തിലേക്ക് കയറിയാലും ആരും നിരാശപ്പെടേണ്ടി വരില്ലെന്ന കാര്യം ടൊയോട്ട ഉറപ്പുവരുത്തിയിട്ടുണ്ട്. ഡ്യുവൽ-ടോൺ ക്യാബിൻ, സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, റിക്ലൈനബിൾ മൂന്നാം നിര സീറ്റുകൾ, പിൻവശത്തേക്ക് പ്രത്യേക എസി വെന്റുകൾ എന്നിവയുള്ള 7 സീറ്റർ ലേഔട്ടാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്. അതായത് എട്ടിഗയിൽ കാണുന്നതിന് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളതെന്ന് സാരം.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, വോയ്‌സ് അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ആർക്കാമിസ് ട്യൂൺ ചെയ്ത ഓഡിയോ എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും റൂമിയോണിലുണ്ട്. എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റേയും ഹൃദയം.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മാരുതിയുടെ പെട്രോൾ എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ റൂമിയോൺ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.
ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനും എംപിവിയുടെ ഭാഗമാണ്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ടൊയോട്ട റൂമിയോണിന്റെ പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഒപ്പം പവർഔട്ട്പുട്ട് 87 bhp കരുത്തിൽ 121 Nm torque ആയി മാറുകയും ചെയ്യും. ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണ് കാണാനാവുന്നത്.


Click it and Unblock the Notifications








