ഉത്സവത്തിരക്കിൽ ഷോറൂമുകൾ കാലിയാവുന്നത് വേഗത്തിൽ, പോയമാസം ടൊയോട്ട വിറ്റത് 31,091 കാറുകൾ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ബലത്തിൽ ഇന്ത്യയിൽ നിന്നും പണംവാരുകയാണ് ടൊയോട്ട. ഓരോ മാസവും വിൽപ്പന കൂടിക്കൂടി വരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ 2025 സെപ്റ്റംബർ മാസത്തിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൊത്തം 31,091 കാറുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് കച്ചോടത്തിൽ നേടിയെടുത്തിരിക്കുന്നതെന്ന് സാരം. ആഭ്യന്തര വിപണിയിൽ മാത്രം 27,089 യൂണിറ്റുകളും കയറ്റുമതിയിൽ 4,002 യൂണിറ്റുകളും ഉൾപ്പെടുത്തിയാണ് മൊത്തക്കണക്കുകൾ മുപ്പതിനായിരത്തിന് മുകളിൽ എത്തിയിരിക്കുന്നത്.
കയറ്റുമതിയിൽ കൈവരിച്ചിരിക്കുന്ന ഈ നമ്പർ അന്താരാഷ്ട്ര വിപണികളിൽ പ്രാദേശികമായി നിർമിച്ച കാറുകൾക്ക് വർധിച്ചുവരുന്ന ആവശ്യകതയെ ആണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരിലേക്ക് എത്താൻ വേണ്ടി മാരുതിയുമായി കൈകോർത്ത് ബാഡ്ജ് എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത് വഴി വലിയ നേട്ടം ടൊയോട്ട നേടിയിട്ടുണ്ട്. ഇത്തരം കാറുകൾക്ക് വർധിച്ചുവരുന്ന സ്വീകാര്യതയാണ് ജാപ്പനീസ് ബ്രാൻഡിന്റെ 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ പ്രകടനത്തിന് പ്രോത്സാഹജനകമായത്.

2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഇന്ത്യ 1,84,959 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ വിപണനം ചെയ്‌ത 1,62,623 യൂണിറ്റുകളെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ്. ജിഎസ്ടി 2.0 പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് വിപണിയിലെ അനുകൂല സാഹചര്യങ്ങളാണ് വിൽപ്പന സംഖ്യകളുടെ വർധനവിന് പിന്തുണച്ച മറ്റൊരു ഘടകം.
പുതിയ ജിഎസ്ടി നടപ്പിലാക്കിയതോടെ കാറുകളുടെ വിലയിൽ കുത്തനെ കുറയാൻ കാരണമായി. ഉപഭോക്താക്കൾക്ക് മുഴുവൻ ആനുകൂല്യങ്ങളും കൈമാറുന്നതിലൂടെ ടൊയോട്ട അതിന്റെ ശ്രേണിയിലുടനീളം വിലകൾ ഫലപ്രദമായി കുറച്ചു. ഇതിലൂടെ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിലും പണംവാരാനാവുമെന്നാണ് വിശ്വാസം. ഗ്ലാൻസയ്ക്ക് ഇപ്പോൾ 85,300 രൂപ വരെയും അർബൻ ക്രൂയിസർ ടൈസറിന് 1,11,100 രൂപ വരെയും വിലക്കുറവുണ്ട്.

മറുവശത്ത് റൂമിയോൺ എംപിവിക്ക് 48,700 രൂപ വരെയും അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങുന്നവർക്ക് 65,400 രൂപ വരെയും ലാഭിക്കാനാവുമെന്നാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇന്നോവ ഹൈക്രോസിന് ഇപ്പോൾ 1,15,800 രൂപ കുറവാണ് സംഭവിച്ചിരിക്കുന്നതും. എംപിവികളിൽ ഇന്നോവ ക്രിസ്റ്റയ്ക്കാണ് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത്.
1,80,600 രൂപ വരെ വിലക്കുറവാണ് ഇതിഹാസ 7 സീറ്ററിന് ടൊയോട്ട നടപ്പിലാക്കിയത്. ഹൈലക്സ് പിക്കപ്പ് നിരയിൽ 2,52,700 രൂപ വരെ വിലക്കുറവ് ഉണ്ടായപ്പോൾ ഫോർച്യൂണറിന് ഇപ്പോൾ 3,49,000 രൂപയും ലെജൻഡർ വേരിയന്റിന് 3,34,000 രൂപയും വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രീമിയം ഹൈബ്രിഡ് സെഡാനായ കാമ്രിയുടെ വില 1,01,800 രൂപയും വെൽഫെയറിന് 2,78,000 രൂപയും കുറഞ്ഞു.

കഴിഞ്ഞ മാസം ടൊയോട്ട റൂമിയോൺ എന്ന വാഹനത്തിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരുന്നു. 6 എയർബാഗുകൾ പോലുള്ള സുരക്ഷാ നവീകരണങ്ങളുമായാണ് എംപിവി അവതരിപ്പിച്ചത്. ബേസ് മോഡൽ മുതലുള്ള എല്ലാ വകഭേദങ്ങളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസം ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളിയായ ഹൈറൈഡർ എസ്‌യുവിയുടെ പുതിയൊരു വേരിയന്റും കമ്പനി വിപണിയിലെത്തിക്കും.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ എഡിഷൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നവംബറിൽ ടൊയോട്ടയുടെ ഡ്രം ടാവോ മ്യൂസിക്കൽ ഇവന്റിനിടെയായിരിക്കും മോഡൽ ലോഞ്ച് ചെയ്യുകയെന്നാണ് വിവരം. ഇഹൈലക്സ് ബ്ലാക്ക് എഡിഷനിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ നവീകരണങ്ങളാവും എസ്‌യുവിയിലുണ്ടാവുക. എന്തായാലും ഇതുകൂടി എത്തുന്നതോടെ കച്ചോടം പൊടിപൊടിക്കും.


Click it and Unblock the Notifications








