ഇന്നോവയ്ക്ക് ഒപ്പം മാരുതി കാറുകളും വിറ്റ് കാശുണ്ടാക്കി ടൊയോട്ട, ജൂലൈയിൽ നിരത്തിലെത്തിച്ചത് 32,575 വണ്ടികൾ
ഇന്ത്യക്കാർക്കിടയിൽ പ്രത്യേക താരപരിവേഷമുള്ള വണ്ടിക്കമ്പനിയാണ് ടൊയോട്ട. ക്വാളിസ് മുതൽ ഇങ്ങ് ഹൈലക്‌സ് വരെ ബ്രാൻഡ് പുറത്തിറക്കിയ എല്ലാ മോഡലുകൾക്കും വലിയ ഫാൻസ്ബേസാണ് രാജ്യത്തുള്ളത്. കാർ വിറ്റിട്ട് സർവീസ് ചെയ്യാൻ വരുമ്പോൾ നിരാശപ്പെടുത്തുന്ന ചില കമ്പനികളെ പേലെയൊന്നുമല്ല ടൊയോട്ട. ഇതുതന്നെയാണ് പ്രത്യേക പരിഗണനയും ഇമേജും നേടിയെടുക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളെ സഹായിച്ചതും. മാരുതിയുടെ കാര്യത്തിൽ വരെ പരാതികൾ കേട്ടിട്ടുണ്ടെങ്കിലും നാളിതുവരെ ടൊയോട്ടയുടെ സർവീസ് ക്വാളിറ്റിയെ പറ്റി ആരും അങ്ങനെ പരാതിയോ പരിഭവങ്ങളോ പറഞ്ഞുകേട്ടിട്ടില്ല. ഇടയ്ക്ക് മാരുതിയുമായി കൂട്ടുകെട്ടിൽ പോയതിൽ പലർക്കും നിരാശയുണ്ടെങ്കിലും പണംവാരുകയാണ് ബ്രാൻഡ്.
ഇപ്പോഴിതാ 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ടൊയോട്ടയുടെ മുഖത്ത് പുഞ്ചിരിയാണ്. ഇക്കഴിഞ്ഞ 31 ദിവസത്തിൽ 32,575 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചിതും കയറ്റുമതി വിപണിക്കായി അയച്ചതും കൂട്ടിയാണ് ആകെ 32,575 യൂണിറ്റുകളിൽ വിൽപ്പന അവസാനിപ്പിക്കാൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിരിക്കുന്നത്.

29,159 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചപ്പോൾ 3,416 എണ്ണം വിദേശ വിപണിയിലേക്കാണ് കയറ്റിയയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, അതായത് 2024 ജൂലൈയിലെ 31,656 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് 3 ശതമാനം വാർഷിക വളർച്ചയും കൈവരിക്കാനായിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ജാപ്പനീസ് ഓട്ടോ കമ്പനിയായ ടൊയോട്ടയുടെ വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട്.
2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ടൊയോട്ടയുടെ മൊത്തം വിൽപ്പന 1,19,632 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,04,861 യൂണിറ്റായിരുന്നു കച്ചോടം. കലണ്ടർ വർഷത്തിലെ ട്രെൻഡ് സമാനമായ വേഗതയിൽ തന്നെയാണ്. 2025 ജനുവരി മുതൽ ജൂലൈ വരെ, ടൊയോട്ടയുടെ മൊത്തം വിൽപ്പന 2,07,460 യൂണിറ്റായിരുന്നു. ഇത് 2024 ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 1,81,906 വാഹനങ്ങളെ അപേക്ഷിച്ച് 14 ശതമാനം പുരോഗതിയാണുള്ളത്.

കഴിഞ്ഞ മാസം അർബൻ ക്രൂയിസർ ഹൈറൈഡറും ഗ്ലാൻസയും പ്രത്യേക പ്രസ്റ്റീജ്-തീം ആഡ്-ഓണുകളോടെ ടൊയോട്ട പുറത്തിറക്കിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഉത്സവകാലത്തെ വരവേൽക്കാനായിട്ടാണ് പ്രത്യേക പതിപ്പുകൾ കമ്പനി അവതരിപ്പിച്ചിിക്കുന്നത്. ഡീലർ ഫിറ്റഡ് ജെനുവിൻ ആക്‌സസറീസ് ഉൾക്കൊള്ളുന്ന പ്രസ്റ്റീജ് പായ്ക്കാണ് മിഡ്-സൈസ് എസ്‌യുവിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഡോർ വൈസർ, ഹുഡ് എംബ്ലം, റിയർ ഡോർ ലിഡ് ഗാർണിഷ്, ഫെൻഡർ ഗാർണിഷ്, ബോഡി ക്ലാഡിംഗ്, ഫ്രണ്ട് ബമ്പർ ഗാർണിഷ്, ഹെഡ് ലാമ്പ് ഗാർണിഷ്, റിയർ ബമ്പർ ഗാർണിഷ്, റിയർ ലാമ്പ് ഗാർണിഷ്, ബാക്ക് ഡോർ ഗാർണിഷ് എന്നിവ ഉൾപ്പെടുന്ന 10 പ്രസ്റ്റീജ് പായ്ക്ക് ആക്‌സസറികളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലേക്ക് എത്തിയിരിക്കുന്നത്. ഹൈറൈഡർ പുതുതായി വാങ്ങാനെത്തുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും പ്രസ്റ്റീജ് പായ്ക്ക് ഡീലർ ഫിറ്റഡ് ജെനുവിൻ ആക്‌സസറീസ് സ്വന്തമാക്കാനാവും.

ഇതുകൂടാതെ ടൊയോട്ട തങ്ങളുടെ മോഡൽ നിരയിൽ വില വർധനവും നടപ്പിലാക്കിയിരുന്നു. ടൈസർ എസ്‌യുവി, റൂമിയോൺ, ഇന്നോവ ക്രിസ്റ്റ എംപിവി എന്നിവയ്‌ക്കൊപ്പം 26,000 രൂപ വരെയാണ് പുതിയ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. നേരതതെ ഫോർച്യൂണറിന്റെ വില ടൊയോട്ട 68,000 രൂപ വരെ കമ്പനി ഉയർത്തിയിരുന്നു ഈ മൂന്ന് മോഡലുകളുടെയും ഫീച്ചറുകളിലോ എഞ്ചിനിലോ മാറ്റങ്ങളോ നവീകരണങ്ങളോ വരുത്തിയിട്ടില്ല. മോഡൽ തിരിച്ചുള്ള വില വർധനവ് എങ്ങനെയാണെന്ന് പറഞ്ഞുതരാം.
ഇന്നോവ ക്രിസ്റ്റ ഡീസൽ എംപിവിക്ക് ഇപ്പോൾ 26,000 രൂപ വരെ കൂടിയിട്ടുണ്ട്. 19.99 ലക്ഷം മുതൽ 27.08 ലക്ഷം വരെയാണ് ക്രിസ്റ്റയുടെ പുതുക്കിയ വില. അതേസമയം റൂമിയോണിന്റെ വില 12,500 രൂപയോളമാണ് ഉയർത്തിയിരിക്കുന്നത്. എംപിവിക്ക് 10.66 ലക്ഷം മുതൽ 13.95 ലക്ഷം വരെ ഇനി മുടക്കേണ്ടി വരും. ടൈസറിന്റെ കാര്യത്തിലേക്ക് വന്നാൽ 2,500 രൂപ വരെ കൂടിയ എസ്‌യുവിയുടെ പുതിയ വില 7.76 ലക്ഷം മുതൽ 12.90 ലക്ഷം വരെയാണ്.


Click it and Unblock the Notifications








