ഇപ്പോൾ പഴയ വിലയില്ല, 27 KM മൈലേജുള്ള ഹൈബ്രിഡ് എസ്‌യുവിക്ക് പുതുമോഡൽ സമ്മാനിക്കാൻ ടൊയോട്ട
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ടയുടെ സാന്നിധ്യമാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ഇറങ്ങിയപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും വിൽപ്പന കണക്കുകളിൽ മുൻനിരയിലേക്ക് എത്താൻ വാഹനത്തിനായിരുന്നില്ല. എന്നാൽ ഇന്ന് ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡൽ എന്ന പദവി സ്വന്തമാക്കി മുന്നേറുകയാണ് ഹൈറൈഡർ. മാത്രമല്ല, പല മാസങ്ങളിലും ടൊയോട്ട നിരയിൽ നിന്നും ഏറ്റവും കൂടുതൽ പണംവാരുന്ന കാറും ഇതുതന്നെയാണ്. പോയമാസം എസ്‌യുവിയുടെ 9,100 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഉത്സവ സീസൺ കൊടിയേറിയതോടെ കൂടുതൽ ആളുകൾ ഷോറൂമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അക്കാര്യം ഉറപ്പാക്കാനായി ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ എഡിഷൻ എന്നൊരു പുത്തൻ വേരിയന്റിനെ കൂടി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നവംബറിൽ ടൊയോട്ടയുടെ ഡ്രം ടാവോ മ്യൂസിക്കൽ ഇവന്റിനിടെയായിരിക്കും മോഡൽ ലോഞ്ച് ചെയ്യുകയെന്നാണ് വിവരം. ഇക്കാര്യം കാർവാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഹൈലക്സ് ബ്ലാക്ക് എഡിഷനിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ നവീകരണങ്ങളാവും എസ്‌യുവിയിലുണ്ടാവുക.

അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ എഡിഷന്റെ ടീസർ ചിത്രം പൂർണമായും ബ്ലാക്ക് നിറത്തിലുള്ള ഒരു എക്സ്റ്റീരിയർ കളർ ഓപ്ഷനാണ് വെളിപ്പെടുത്തുന്നത്. ഇതിന് സമാനമായി അകത്തളവും പൂർണമായും കറുപ്പിലായിരിക്കും ഒരുക്കുക. ഇത്തരം നവീകരണങ്ങൾ ഒഴികെ മിഡ്-സൈസ് എസ്‌യുവിയിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ആകും പ്രതീക്ഷിക്കേണ്ടതില്ല.
NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടർന്നും വാങ്ങാനാവുക. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ വികസിപ്പിക്കാനാവും.

അതേസമയം രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ ജിഎസ്‌ടി പരിഷ്ക്കരണത്തോടെ എസ്‌യുവിക്ക് കാര്യമായ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്.
മുമ്പ് 11.34 ലക്ഷം മുതൽ 19.99 ലക്ഷം വരെയായിരുന്നു ടൊയോട്ട എസ്‌യുവിയുടെ എക്സ്ഷോറൂം വിലയെങ്കിൽ പുതിയ ജിഎസ്ടി പ്രകാരം ഇപ്പോൾ വില 10.94 ലക്ഷം മുതൽ 19.57 ലക്ഷം വരെയായി മാറിയിട്ടുണ്ട്. അടുത്തിടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് എസ്‌യുവിയുടെ 2025 മോഡലിനെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വാഹനത്തെ അണിനിരത്തിയിരിക്കുന്നത്.

ദീർഘദൂര യാത്രകളിലോ ചൂടുള്ള കാലാവസ്ഥയിലോ യാത്രാസുഖം വർധിപ്പിക്കുന്നതിനായി 8-വേ പവർ അഡ്‌ജസ്റ്റബിൾ ഫീച്ചറുള്ള ഡ്രൈവർ സീറ്റും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഹൈറൈഡറിൽ കമ്പനി ഉൾപ്പെടുത്തിയതാണ് പ്രധാന നവീകരണം. ഇതോടൊപ്പം റിയർ ഡോർ സൺഷെയ്‌ഡുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ (15W), എൽഇഡി സ്‌പോട്ട്, റീഡിംഗ് ലാമ്പുകൾ എന്നിവയും 2025 മോഡൽ ഇയർ അപ്ഡേറ്റിന്റെ ഭാഗമായി ടൊയോട്ട ഹൈറൈഡറിന് സമ്മാനിച്ചു.
കഴിഞ്ഞില്ല, ഇതുകൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) അധിക വേരിയന്റുകളിലേക്ക് അവതരിപ്പിച്ചു. എസ്‌യുവിയുടെ തെരഞ്ഞെടുത്ത മോഡലുകളിൽ എയർ ക്വാളിറ്റി ഡിസ്പ്ലേയും മികച്ച റീഡബിലിറ്റിക്കായി ഹൈറൈഡറിലെ സ്പീഡോമീറ്ററും ടൊയോട്ട അപ്‌ഡേറ്റ് ചെയ്‌തു. കൂടാതെ പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും വാഹനം സ്വന്തമാക്കാനാവും.
2025 മോഡൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് എല്ലാ വേരിയന്റുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഘടനാപരമായ നവീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. 6 എയർബാഗുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറാണെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. കൂടാതെ ചില വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും (EPB) ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








