തുടർച്ചയായി രണ്ടാമതും മാരുതിയെ വെട്ടി ടൊയോട്ട, ഗ്രാൻഡ് വിറ്റാരയുടെ അപരനെ വാങ്ങാൻ ഇടിച്ചുകയറി ജനം
ഇന്ത്യയിലെ വാഹനപ്രേമികളെ അമ്പരപ്പിച്ച കൂട്ടുകെട്ടായിരുന്നു ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ളത്. പലർക്കും ഈയൊരു പങ്കാളിത്തം തുടക്കത്തിൽ അത്രവേഗം ദഹിച്ചില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷേ എതിരാളികളെ വരെ അമ്പരപ്പിച്ചുകൊണ്ട് ഈയൊരു കൂട്ടുകെട്ടിൽ നിന്നും ടൊയോട്ട പണംവാരി. ബലേനോയും എർട്ടിഗയും റീബാഡ്‌ജ് ചെയ്‌ത് എത്തിച്ചതോടെ വിൽപ്പന കണക്കുകളും കുതിച്ചുയർന്നു. റീബാഡ്ജ്ഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണം ടൊയോട്ട ഷോറൂമുകളില്‍ തിരക്ക് കൂടി. അങ്ങനെ ഇന്ത്യക്കാരുടെ എസ്‌യുവി ഭ്രമം മുതലെടുക്കാനായി ഇരുവരും ചേർന്ന് പുത്തനൊരു മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനും രൂപംകൊടുക്കുകയുണ്ടായി.
ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായി രൂപംകൊടുത്ത വാഹനത്തിന് രണ്ട് പതിപ്പുകളുമുണ്ടായി. ഒന്ന് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെന്നും മറ്റൊന്ന് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന പേരിലുമാണ് വിപണിയിലെത്തിയത്. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി എത്തിയതാണ് ഇവയെ വേഗം ശ്രദ്ധിക്കാൻ കാരണമായത്. വിപണിയില്‍ എത്തി ഇതുവരെ ഗ്രാന്‍ഡ് വിറ്റാരയായിരുന്നു വില്‍പ്പനയുടെ കാര്യത്തില്‍ മുന്നിട്ട് നിന്നത്.

ഹൈറൈഡറിന് കാര്യമായ കണക്കുകളൊന്നും നേടാനായില്ലായിരുന്നുവെങ്കിലും എല്ലാവരും അറിയപ്പെടുന്ന രീതിയിൽ വളരാൻ ആശാന് സാധിച്ചിരുന്നു. എന്നാൽ സാക്ഷാൽ മാരുതി സുസുക്കിയെ വരെ ഞെട്ടിച്ചുകൊണ്ട് വിൽപ്പന കണക്കുകളിൽ 2025 മെയ് മാസത്തില്‍ ഹൈറൈഡര്‍ ആദ്യമായി ഗ്രാന്‍ഡ് വിറ്റാരയെ മറികടന്നിരുന്നു. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം മാസവും മാരുതിയെ വെട്ടിവീഴ്ത്തിയിരിക്കുകയാണ് ടൊയോട്ട.
2025 ജൂണിൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പിന്നാലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമായി ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മാറി. പോയമാസം മോഡലിന്റെ 7,462 യൂണിറ്റുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ നിരത്തുകളിൽ എത്തിച്ചത്. 2024 ജൂൺ മാസത്തിലെ 4,275 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 74.55 ശതമാനത്തിന്റെ വർധനവാണ് ബ്രാൻഡിന് നേടിയെടുക്കാനായത്.

അതായത് കഴിഞ്ഞ വർഷത്തേക്കാൾ ഹൈറൈഡറിന്റെ ഏകദേശം 3,187 യൂണിറ്റുകൾ അധികം വിൽക്കാൻ ടൊയോട്ടയ്ക്ക് ഇത്തവണ സാധിച്ചുവെന്ന് ചുരുക്കം. ഹൈറൈഡറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ഒരുക്കിയിരിക്കുന്നത്. പരസ്പരം വേര്‍തിരിച്ചറിയാന്‍ പാകത്തിനുള്ള ചില ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇരു കസിന്‍ മോഡലുകളുടെയും മെക്കാനിക്കലുകളും ഫീച്ചറുകളും സമമാണ്.
ഹൈറൈഡര്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാന്‍ഡ് വിറ്റാരക്ക് കച്ചോടം ഇടിയുകയാണ് ചെയ്‌തിരിക്കുന്നത്. 2025 ജൂണിൽ മാരുതി എസ്‌യുവിയുടെ 6,828 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വർഷം ഇതേസമയത്തെ 9,679 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 29.46 ശതമാനത്തിന്റെ നഷ്‌ടമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. എന്തായാലും വിൽപ്പന കുതിച്ചുയരുന്നതിൽ ടൊയോട്ട ഡബിൾ ഹാപ്പിയായിരിക്കും.

E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വ്യത്യസ്‌തമായ വേരിയന്റുകളിൽ എത്തുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് 11.34 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ട ഫെസിലിറ്റിയിലാണ് എസ്‌യുവിയുടെ നിർമാണം നടക്കുന്നത്.
NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാനാവും. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ വികസിപ്പിക്കാനാവും.

അതേസമയം രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും സേഫ്റ്റിയിലും ആളൊരു കേമനാണെന്ന് തന്നെ പറയാം.


Click it and Unblock the Notifications








