ടൊയോട്ടയുടെ കുറഞ്ഞ വിലയുള്ള എസ്‌യുവിക്ക് വില കൂടി, എന്നിട്ടും 29 കി.മീ. മൈലേജുള്ള കാർ 7.77 ലക്ഷത്തിന് കിട്ടും
ഇന്ത്യയിൽ മാരുതി സുസുക്കിയുമായുള്ള കൂട്ടുകച്ചവടത്തിലൂടെ പണംവാരുകയാണ് ടൊയോട്ട. ബലേനോ ഗ്ലാൻസ ആയപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴും ബ്രെസ അർബൻ ക്രൂയിസർ ആയപ്പോഴുമെല്ലാം ഇവിടെ വാങ്ങാൻ ആളുണ്ടായിരുന്നു. പിന്നെ ഏറ്റവും പുതിയ ഫ്രോങ്ക്‌സ് ടൈസർ എന്ന പേരിൽ എത്തിയപ്പോഴും ലാഭമുണ്ടാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിക്കുകയുണ്ടായി. സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ മാരുതിയിൽ നിന്നും കിട്ടിയ കാറുകൾ കൈയയഞ്ഞ് സഹായിച്ചിട്ടുണ്ടെന്നതാണ് സത്യം. അര്‍ബന്‍ ക്രൂയിസര്‍ വിടവാങ്ങിയതിന് ശേഷം സബ്-4 കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ കമ്പനിക്ക് ഇല്ലാതിരുന്ന പ്രാതിനിധ്യമാണ് ടൈസറിലൂടെ മറികടന്നത്.
ടൊയോട്ടയുടെ ബാഡ്‌ജുമായി എത്തിയ ഫ്രോങ്ക്‌സും മാന്യമായ രീതിയിൽ വിറ്റഴിയുന്നതിനാൽ ഭാവിയോർത്ത് ജാപ്പനീസ് ബ്രാൻഡിനും ആശങ്കപ്പെടേണ്ട കാര്യമില്ല. പക്ഷേ ഇനി ടൈസർ വാങ്ങിയേക്കാമെന്ന് കരുതി ഷോറൂമിലേക്ക് വണ്ടിതിരിക്കാൻ പോവുന്നവർ ഒന്ന് ശ്രദ്ധിക്കണേ. ഇനി പഴയ വിലയിൽ ടൊയോട്ടയുടെ കോംപാക്‌ട് എസ്‌യുവി വാങ്ങിക്കാനാവില്ല കേട്ടോ. കാരണം മറ്റൊന്നുമല്ല, മോഡലിന്റെ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് കമ്പനി.

ടൊയോട്ട ടൈസർ വാങ്ങാൻ പോവുന്നവർ ഇനി മുതൽ 2,500 രൂപ അധികമായി കൈയിൽ കരുതിക്കോണം. ഈ വർഷം ഇത് രണ്ടാം തവണയാണ് ക്രോസ്ഓവർ എസ്‌യുവിയുടെ വില കമ്പനി വർധിപ്പിക്കുന്നത്. പുതിയ തീരുമാനം നിലവിൽ വന്നതോടെ അർബൻ ക്രൂയിസർ ടൈസറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 7.77 ലക്ഷം രൂപ മുതൽ 12.91 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. എസ്‌യുവിയുടെ നേരത്തെ എക്സ്ഷോറൂം വില 7.74 ലക്ഷം മുതൽ 12.88 ലക്ഷം വരെയായിരുന്നു.
ടൈസർ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വില നോക്കുകയാണെങ്കിൽ ഇതിന് 7.55 ലക്ഷം മുതൽ 14.81 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വില വർധനവ് ഒഴികെ എസ്‌യുവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കുകയാണെങ്കിൽ അർബൻ ക്രൂയിസർ ടൈസറിന്റെ അടിസ്ഥാന രൂപം ഫ്രോങ്ക്സിന് സമാനമാണ്.

പക്ഷേ പുതുമയ്ക്കായി കൂപ്പെ ശൈലിയിലുള്ള സബ്‌കോംപാക്‌ട് എസ്‌യുവിക്ക് ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ പുതിയതും ബോൾഡുമായ ഹണികോമ്പ് മെഷ് ഗ്രിൽ, മധ്യഭാഗത്ത് ടൊയോട്ട ലോഗോ, പുതിയ ഡ്യുവൽ എൽഇഡി ഡിആർഎൽ എന്നിവെല്ലാം ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ബൂട്ടിൽ ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിക്കുന്ന ട്വീക്ക്ഡ് എൽഇഡി ടെയിൽലൈറ്റുകളും ടൈസറിന്റെ ഭാഗമാണ്.
അതേസമയം മോഡലിൽ റീസ്റ്റൈൽ ചെയ്ത അലോയ് വീലുകളും ഉണ്ടെന്നതിനാൽ വല്ലാത്തൊരു ചേലാണ് ടൈസറിന് ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്ക് നൽകുന്ന റാക്ക്ഡ് റിയർ വിൻഡ്‌സ്‌ക്രീൻ ടൈസർ നിലനിർത്തിയിട്ടുണ്ട്. ഇന്റീരിയർ മാരുതി സുസുക്കി ഫ്രോങ്ക്‌സിന് സമാനമാണ് കേട്ടോ. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ഡ്യുവൽ-ടോൺ തീം എന്നിവയെല്ലാം അകത്തളത്തിനെ പ്രീമിയമാക്കുന്നുണ്ട്.

ഡിആർഎല്ലുകളുള്ള ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ,6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പിൻ എസി വെന്റുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും ടൊയോട്ട ടൈസറിന്റെ ഭാഗമാണ്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസർ വിപണിയിലെത്തുന്നത്. 1.2 NA പതിപ്പ് 89 bhp പവറിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് എഞ്ചിൻ 99 bhp കരുത്തിൽ 148 Nm ടോർക്ക് വരെ നൽകുമെന്നാണ് കമ്പനി പറയുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയും ലഭിക്കും.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കും. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകൾ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. സിഎൻജി 28.51 കിലോമീറ്ററും നൽകും.


Click it and Unblock the Notifications








