29 കി.മീ. മൈലേജിനൊപ്പം സേഫ്റ്റിയും ഗ്യാരണ്ടി! പുതിയ മാറ്റങ്ങളോടെ ടൊയോട്ടയുടെ കുറഞ്ഞ വിലയുള്ള എസ്‌യുവി
ടൊയോട്ട വാഹനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യക്കാർക്കെല്ലാം പ്രത്യേക താത്പര്യമാണുള്ളത്. അതിന്റെ പ്രധാന കാരണം വിശ്വസിച്ച് വാങ്ങിക്കാമെന്നത് തന്നെയാണ്. ലക്ഷക്കണക്കിന് കിലോമീറ്ററുകൾ യാതൊരു വെല്ലുവിളികളുമില്ലാതെ ഓടിത്തകർക്കുമെന്നതിന് പുറമെ, മെയിന്റനെൻസിന്റെ കാര്യമായാലും പോക്കറ്റ് കീറാതെ കിടന്നോളും. ഒപ്പം മികച്ച സർവീസും കൂടിയാവുമ്പോൾ ആളുകൾക്കെല്ലാം ടൊയോട്ടയോടുള്ള മതിപ്പ് വർധിക്കും. പ്രീമിയം ബ്രാൻഡ് ഇമേജുണ്ടെങ്കിലും സാധാരണക്കാരോട് അടുത്ത് നിൽക്കാൻ ജാപ്പനീസ് ബ്രാൻഡ് എപ്പോഴും ശ്രമിക്കാറുണ്ട്. മാരുതി സുസുക്കിയുടെ വണ്ടികൾ വാങ്ങി റീബാഡ്‌ജ് ചെയ്‌തിറക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ മാരുതിയിൽ നിന്നും കിട്ടിയ കാറുകൾ കൈയയഞ്ഞ് സഹായിച്ചിട്ടുമുണ്ട്.
ബലേനോ ഗ്ലാൻസ ആയപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴും ഫ്രോങ്ക്‌സ് ടൈസർ ആയപ്പോഴും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയുണ്ടായി. വരാനിരിക്കുന്ന ഉത്സവ സീസണിനോട് അനുബന്ധിച്ച് കച്ചോടം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളും പതിയെ ആരംഭിച്ചിരിക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായിതാ അർബൻ ക്രൂസിയർ ടൈസർ രണ്ട് പ്രധാന മാറ്റങ്ങളോടെ വിപണിയിലെത്തിയിരിക്കുകയാണ്.

ടൊയോട്ട അർബൻ ക്രൂസിയർ ടൈസറിലേക്ക് പുതിയൊരു ബ്ലൂയിഷ് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ ചേർത്തതാണ് ഇതിൽ ആദ്യത്തേത്. എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയതാണ് രണ്ടാമത്തെ മാറ്റം. തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമായിരിക്കും പുതിയ ബ്ലൂയിഷ് ബ്ലാക്ക് ഫിനിഷ് കമ്പനി വാഗ്‌ദാനം ചെയ്യുകയെന്നാണ് വിവരം.
ടൈസറിന് കൂടുതൽ ധീരവും സങ്കീർണവുമായ രൂപം നൽകുന്ന ഈ തീരുമാനം കച്ചോടത്തിന് മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട. റോഡ് പ്രസൻസ് വർധിപ്പിക്കുന്നതിനൊപ്പം ബ്ലൂയിഷ് ബ്ലാക്ക് ടൈസറിന് സ്‌പോർട്ടി ഫീലാണ് സമ്മാനിക്കുന്നത്. E, S, S+, G, V എന്നീ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉൾപ്പെടുത്തിയതും അടിപൊളിയായ കാര്യമാണ്. സേഫ്റ്റിയെ കുറിച്ച് ആശങ്കയുള്ളവർക്കുള്ള ഉത്തരമാണ് ഈയൊരു നീക്കം.

ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകളാണ് ഈ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 7.88 ലക്ഷം രൂപ മുതൽ 12.91 ലക്ഷം രൂപ വരെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ടൈസറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ മാറ്റങ്ങളോടെ വാഹനത്തിന്റെ വിലയിൽ വർധനവൊന്നും സംഭവിച്ചിട്ടില്ല. അടുത്തിടെ ടൈസറിന്റെ വില കമ്പനി ചെറുയാതൊന്ന് ഉയർത്തിയിരുന്നു.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസർ വാഗ്ദാനം ചെയ്യുന്നത്. 1.2 NA മോഡൽ 89 bhp കരുത്തിൽ പരമാവധി 113 Nm torque ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റ് 99 bhp പവറിൽ 148 Nm torque വരെ നൽകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയും ലഭിക്കും.

ലിറ്ററിന് 22.79 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ടൊയോട്ട ടൈസറിൽ അവകാശപ്പെടുന്നത്. മൈലേജ് കൊതിയൻമാർക്കായി സിഎൻജി മോഡലും ടൈസറിൽ ലഭ്യമാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എസ്‌യുവിക്ക് 28.51 കിലോമീറ്ററാണ് ഇന്ധനക്ഷമത. ട്വിൻ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം-ആക്സന്റഡ് ട്രപസോയിഡൽ ഗ്രിൽ, ഡ്യുവൽ-ടോൺ ഇന്റീരിയർ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ഇതിലുണ്ട്.
കൂടാതെ റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയർന്ന വേരിയന്റുകളിൽ ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക്കിൽ പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജിംഗ്, സ്മാർട്ട് വാച്ച്, വോയ്‌സ് അസിസ്റ്റന്റ് അനുയോജ്യതയുള്ള ടൊയോട്ട ഐ-കണക്റ്റ് തുടങ്ങിയ സൗകര്യങ്ങളും ടൈസറിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ആറ് എയർബാഗുകൾക്ക് പുറമെ വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കുഞ്ഞൻ എസ്‌യുവിയിലുണ്ട്. ടൈസറിന് 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ നീട്ടാനുമാവും. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ടൊയോട്ടയുടെ എക്‌സ്‌പ്രസ് മെയിന്റനൻസ് പ്രോഗ്രാമും ടൈസറിനൊപ്പം തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








