വില 7 ലക്ഷത്തിലും താഴെ, എർട്ടിഗയുടെ കട്ടപൊഹ കാണാൻ നിസാന്റെ പുതിയ സെവൻ സീറ്റർ എംപിവി വരുന്നു
ഇന്ത്യയിൽ ഒരൊറ്റ മോഡലുമായി 5 വർഷക്കാലം പണമുണ്ടാക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). ഒറ്റയ്ക്ക് ഒരു രാജ്യം നോക്കുന്ന രാജാവായി വാഴുന്നത് മറ്റാരുമല്ല, മാഗ്നൈറ്റ് എന്ന കുട്ടി എസ്‌യുവിയാണ് (Magnite Compact SUV). 2020 ഡിസംബറിൽ എത്തിയ മോഡൽ ശ്രദ്ധനേടിയത് അടിപൊളി ഡിസൈനും 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുമായിട്ടായിരുന്നു. ഇടയ്ത്ത് കൂട്ടിനായി X-ട്രെയിൽ എന്ന ഫുൾ-സൈസ് എസ്‌യുവി എത്തിയെങ്കിലും കാര്യമായ ചനലങ്ങളൊന്നും സൃഷ്ടിക്കാനായില്ല. പക്ഷേ ഇതിലൊന്നും തളരാതിരുന്ന നിസാൻ ഇന്ത്യക്കായി കൊണ്ടുവരുന്നത് പുത്തനൊരു 7-സീറ്റർ എംപിവിയായിരിക്കും.
അതും 10 ലക്ഷം രൂപയിൽ താഴെ വിലയിലായിരിക്കും പുതിയ മൾട്ടി പർപ്പസ് വാഹനത്തിനെ പുറത്തിറക്കുകയെന്നത് മാരുതി സുസുക്കി എർട്ടിഗ പോലുള്ള വമ്പൻമാർക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്യും. ഏറെക്കാലമായി ഈയൊരു കാര്യം കേൾക്കാൻ തുടങ്ങിയിട്ടെങ്കിലും എന്നുവരുമെന്ന ചോദ്യം ആരാധകരെല്ലാം ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നിസാൻ തങ്ങളുടെ വരാനിരിക്കുന്ന പുത്തൻ കോംപാക്‌ട് എംപിവിയുടെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് നിസാൻ ടീസർ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന എംപിവി ആയിരിക്കുമിത്. ഈ വർഷം അവസാനം ഔദ്യോഗികമായി വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് 2026 ഓടെ വില പ്രഖ്യാപനവും ലോഞ്ചും നടക്കുമെന്നാണ് അനുമാനം. വരാനിരിക്കുന്ന നിസാൻ എംപിവിയെക്കുറിച്ച് ടീസർ യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് രസകരമായ കാര്യം. മൂന്ന്-വരി 7 സീറ്റർ വാഹനം നിലവിൽ റെനോ ട്രൈബറിനെ പിന്തുണയ്ക്കുന്ന അതേ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും നിസാനും പണികഴിപ്പിക്കുക.

നിസാൻ ഇതിനെ റീബാഡ്‌ജ് മോഡൽ എന്നതിലുപരിയായി സ്വന്തം അഡ്രസിൽ സ്ഥാപിക്കാനായിരിക്കും ശ്രമിക്കുക. അതിനാൽ ട്രൈബറിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ എംപിയിൽ പ്രതീക്ഷിക്കാനാവും. വ്യത്യസ്തമായ ഡിസൈനും ഇന്റീരിയറും കൊണ്ടുവന്ന് കാര്യങ്ങൾ കൂടുതൽ രസകരമാക്കാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് കഴിയും. അടുത്തിടെ പുറത്തിറക്കിയ റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന സമാനമായ ഡിസൈൻ ഘടകങ്ങൾ ഏറെക്കുറെ നിസാന്റെ എംപിവി കടംകൊണ്ടേക്കും.
അതേസമയം അതിനെ വേറിട്ടു നിർത്തുന്നതിനായി വ്യത്യസ്തമായ രൂപം സ്വീകരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. അതായത് റെനോ കൈഗറും നിസാൻ മാഗ്നൈറ്റും പോലെ കാഴ്ച്ചയിൽ യാതൊരു വിധ സാമ്യതയും കണ്ടെത്താൻ കഴിഞ്ഞേക്കില്ലെന്ന് ചുരുക്കം. പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പ് ഡിസൈനും സാധ്യതയുണ്ടെങ്കിലും താഴത്തെ ഗ്രില്ലിന് ചുറ്റും സി ആകൃതിയിലുള്ള ഘടകങ്ങളുള്ള വലിയ ഫ്രണ്ട് ബമ്പർ വാഗ്ദാനം ചെയ്തേക്കും.

പിൻഭാഗത്ത് എൽഇഡി ടെയിൽലൈറ്റുകളുടെ ഡിസൈനിലും നവീകരണം വന്നേക്കും. കൂടാതെ എംപിവിയിൽ പുതിയ സെറ്റ് അലോയ് വീലുകളും റൂഫ് റെയിലുകളും നിസാൻ അവതരിപ്പിച്ച് കാര്യങ്ങൾ കൂടുതൽ ലളിതമാക്കും. ഇന്റീരിയർ ഏതാണ്ട് മാഗ്നൈറ്റിന് സമാനമായി വന്നാലും അതിശയിക്കേണ്ടതില്ല. റെനോ മോഡലിൽ കാണുന്ന പുതിയ ഡിജിറ്റൽ കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വരാനിരിക്കുന്ന എംപിവിയിൽ തുടർന്നേക്കും.
പ്രായോഗികമായ 7 സീറ്റർ ലേഔട്ട് തന്നൊയായിരിക്കും വരാനിരിക്കുന്ന മോഡലിന്റെ സവിശേഷത. പക്ഷേ സമാനമായ എഞ്ചിൻ തന്നെയായിരിക്കും നിസാൻ എംപിവി സ്വീകരിക്കുക. ട്രൈബറിൽ ഉപയോഗിക്കുന്ന അതേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനായിരിക്കും 7-സീറ്ററിലും ഉണ്ടാവുക. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുമായി ജോടിയാക്കുന്ന എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.


Click it and Unblock the Notifications








