പേര് ഗ്രാവൈറ്റ്, കുറഞ്ഞ വിലയിൽ 7-സീറ്റർ എംപിവിയുമായി നിസാൻ; അവതരണം ജനുവരിയിൽ
ഇന്ത്യയിലെ എംപിവി സെഗ്മെൻ്റിലേക്കുള്ള എൻട്രി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മാരുതി സുസുക്കി എർട്ടിഗ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന കോംപാക്‌ട് മൾട്ടി പർപ്പസ് വാഹന നിരയിലേക്ക് ഒരു സബ്-4 മീറ്റർ മോഡലുമായിട്ടാണ് കമ്പനിയുടെ വരവ്. ഇതിനോടകം ഏവർക്കും അറിയാവുന്നത് പോലെ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള എംപിവിയായിരിക്കും ഇത്. മാഗ്നൈറ്റിൻ്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ പണികഴിപ്പിക്കുന്ന വണ്ടിക്ക് ഗ്രാവൈറ്റ് (Nissan Gravite) എന്നാണ് നിസാൻ പേരിട്ടിരിക്കുന്നത്. 2026 ജനുവരി മാസത്തിൽ നിസാൻ ഗ്രാവൈറ്റിൻ്റെ അവതരണവും വില പ്രഖ്യാപനവും നടക്കും.
ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ പുതുക്കിയ ഉൽപ്പന്ന തന്ത്രത്തിൻ്റെ ഭാഗമായാണ് ഗ്രാവൈറ്റ് വിപണിയിലെത്തുക. മാഗ്നൈറ്റ് എന്ന ഒരൊറ്റ മോഡലിൻ്റെ ബലത്തിലാണ് കഴിഞ്ഞ 5 വർഷക്കാലം നിസാൻ ഇന്ത്യയിൽ പിടിച്ചുനിന്നത്. ഇടയ്ക്ക് X-ട്രെയിൽ എന്ന ഫുൾ-സൈസ് ഇംപോർട്ടഡ് എസ്‌യുവിയുമായി കമ്പനി ചൂടാട്ടം നടത്തിയിരുന്നെങ്കിലും വലിയ ബോംബായിരുന്നു ഇത്. എന്തായാലും പുതിയ ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ എംപിവിയുടെ വരവ് നിസാന് ഊർജമാവുമെന്നതിൽ തർക്കം വേണ്ട.

മോഡൽ, 2026 ജനുവരിയിൽ വിപണിയിലെത്തുമെന്നും തുടർന്ന് 2026 മാർച്ചിൽ ഷോറൂമിൽ എത്തുമെന്നുമാണ് നിസാൻ അറിയിച്ചിരിക്കുന്നത്. CMF-A+ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്നതിനാൽ ടോപ്പ് എൻഡ് വേരിയൻ്റിന് പോലും 10 ലക്ഷത്തിൽ താഴെയായിരിക്കും എക്സ്ഷോറൂം വില വരിക. താങ്ങാനാവുന്ന വിലയിൽ കോംപാക്‌ട് 7 സീറ്റർ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൈബറുമായി നേരിട്ട് മത്സരിക്കാനാണ് ഗ്രാവൈറ്റ് എത്തുന്നത്.
ഒപ്പം എർട്ടിഗ പോലുള്ള മോഡലുകളുടെ വിൽപ്പനയും പിടിക്കാൻ നിസാന് ഉദ്ദേശമുണ്ട്. ജാപ്പനീസ് ബ്രാൻഡ് നിരയിലെ മാഗ്നൈറ്റിന് താഴെയായിട്ടാവും പുതിയ 7 സീറ്റർ ഇടംപിടിക്കുക. ഗ്രാവൈറ്റിൻ്റെ പൂർണ രൂപം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡിസൈൻ എങ്ങനെയായിരിക്കുമെന്ന സൂചന നിസാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രൈബറിൻ്റെ അതേ രൂപഘടനയായിരിക്കുമെങ്കിലും റീഡിസൈൻ ചെയ്ത ഫ്രണ്ട് ബമ്പർ, പുതിയ ഗ്രിൽ, പുതിയ അലോയ് വീൽ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ മേനിയഴകായിരിക്കും ഗ്രാവൈറ്റ് വഹിക്കുക.
ട്രൈബറിന്റെ ആകൃതി തന്നെയാണ് ഹെഡ്‌ലാമ്പുകൾക്കുള്ളതെന്ന് ടീസർ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും. എന്നാൽ മോഡലിനെ വേറിട്ടു നിർത്താൻ നിസാൻ പുതിയ ലൈറ്റിംഗ് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിൻഭാഗത്ത് ഗ്രാവൈറ്റിൽ റീഡിസൈൻ ചെയ്‌ത ബമ്പറും പുതിയ ടെയിൽ-ലാമ്പ് സിഗ്നേച്ചറുകളും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ടെയിൽഗേറ്റിൽ വ്യക്തമായി എഴുതിയിരിക്കുന്ന ഗ്രാവൈറ്റ് അക്ഷരങ്ങളും കാണാം.
വരാനിരിക്കുന്ന നിസാൻ ഗ്രാവൈറ്റ് എംപിവിയുടെ ഇൻ്റീരിറിനെക്കുറിച്ച് നിലവിൽ വിവരമൊന്നും ഇല്ലെങ്കിലും ട്രൈബറിന് സമാനമായ ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീൽ ലേഔട്ടും ഗ്രാവിറ്റിൽ ഉപയോഗിക്കാനാണ് സാധ്യത. എന്നിരുന്നാലും സ്വന്തം കളർ തീമും ഫീച്ചർ പാക്കേജിംഗും ഉപയോഗിച്ച് കമ്പനി എംപിവിയെ വ്യത്യസ്തമാക്കും. അത്യാവിശ്യം വേണ്ടുന്ന മോഡേൺ ഫീച്ചറുകൾ കുത്തിനിറയ്ക്കാനും ജാപ്പനീസ് ബ്രാൻഡ് മറക്കില്ല.
7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്കായി വെൻ്റുകളുള്ള മാനുവൽ എസി എന്നിവ പുതിയ കോംപാക്‌ട് എംപിവിയുടെ സവിശേഷതകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സേഫ്റ്റിക്കായി 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, റിയർ-വ്യൂ ക്യാമറ എന്നിവയും നിസാൻ വാഗ്ദാനം ചെയ്യും.
76hp കരുത്തിൽ പരമാവധി 95 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഗ്രാവൈറ്റിലും ഉപയോഗിക്കുക. റെനോ ട്രൈബറിലും നിസാൻ മാഗ്നൈറ്റിൻ്റെയും റെനോ കൈഗറിൻ്റെയും താഴ്ന്ന വകഭേദങ്ങളിൽ കാണപ്പെടുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉൾപ്പെടും. ട്രൈബറിനെപ്പോലെ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും ഗ്രാവൈറ്റിൽ നൽകിയേക്കും.


Click it and Unblock the Notifications








