സിയറയെ പൊളിക്കും, ക്രെറ്റയെ പൂട്ടും... അവതരണത്തിന് മുന്നേ പരീക്ഷണത്തിനിറങ്ങി പുത്തൻ ഡസ്റ്റർ
ടാറ്റ സിയറയും (Tata Sierra) മാരുതി സുസുക്കി വിക്ടോറിസും (Maruti Suzuki Victoris) പുതുതായി എത്തിയതോടെ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മത്സരം കൂടുതൽ കനക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന വിഭാഗത്തിൽ പുതിയ ആശാൻമാർക്ക് എത്രത്തോളം തിളങ്ങാനാവുമെന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടതുണ്ട്. എന്നാൽ ഇവരുടെ വരവിനോളം ഹൈപ്പുണ്ടാക്കി വെച്ചിരിക്കുന്ന മറ്റൊരു വാഹനം കൂടി വരാനിരിക്കുന്നുണ്ട്. മറ്റാരുമല്ല, റെനോ ഡസ്റ്റർ തന്നെയാണ് ആ കക്ഷി. ആഭ്യന്തര വിപണിയിൽ മിഡ്-സൈസ് എസ്‌യുവി നിരയ്ക്ക് തുടക്കമിട്ട കക്ഷി ഇടയ്ക്ക് വിൽപ്പന അവസാനിപ്പിച്ച് രാജ്യത്ത് നിന്നും പടിയിറങ്ങിയിരുന്നു.
പക്ഷേ ഇന്നും വലിയ ഫാൻബേസുള്ള വാഹനം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണിപ്പോൾ. ഈ വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും ഇനിയധികം വൈകില്ല. 2026 ജനുവരി 26-ന് ഇതിഹാസം പുനരവതരിക്കുമെന്ന് സാക്ഷാൽ റെനോ തന്നെ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അതിന് മുന്നോടിയായിതാ ന്യൂജെൻ ഡസ്റ്ററിനായുള്ള പരീക്ഷണയോട്ടവും തകൃതിയായി നടത്തുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ.

ഇപ്പോഴിതാ നിരത്തുകളിൽ കുതിച്ചുപായുന്ന പുത്തൻ ഡസ്റ്ററിൻ്റെ പരീക്ഷണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്. മറച്ചുവെച്ച രീതിയിലാണ് നിരത്തിലിറക്കിയിരിക്കുന്നതെങ്കിലും മോഡലുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും പുതിയ പരീക്ഷണ ചിത്രങ്ങളിലൂടെ മനസിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്. യൂറോപ്യൻ വിപണികളിൽ ഡാസിയ ഡസ്റ്റർ എന്ന പേരിൽ വിൽക്കുന്ന മോഡലിന് സമാനമായ സ്റ്റൈലും ഫീച്ചേഴ്‌സുമാവും ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പതിപ്പിലും ഉണ്ടാവുക.
Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പോളിഗോണൽ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ബമ്പർ ഡിസൈൻ എന്നിവയാണ് ഡസ്റ്ററിൻ്റെ മുൻവശത്തെ പ്രധാന ഹൈലൈറ്റുകളായി കാണാനാവുന്നത്. ഫ്രണ്ട് ഗ്രില്ലിൽ വലിപ്പത്തിലുള്ള റെനോ ലെറ്ററിംഗും കാണാനായേക്കും. എസ്‌യുവിയിൽ പോളിഗോണൽ വീൽ ആർച്ചുകൾ, യുണീക് ഡോർ ട്രിം, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ORVM-കൾ, സി-പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ, അലോയ് വീലുകൾ എന്നിവയും ഡിസൈനിലെ സവിശേഷതകളായിരിക്കും.

ഡസ്റ്ററിൻ്റെ പിൻഭാഗത്ത് റിയർ സ്‌പോയിലറിന് ഒരു നോച്ച് ഡിസൈനാണ് റെനോ ഒരുക്കിയിരിക്കുന്നത്. ഇത് എസ്‌യുവിയുടെ സ്‌പോർട്ടി പ്രസൻസ് ഉയർത്താൻ സഹായിക്കും. ഷാർക്ക് ഫിൻ ആൻ്റിന, ഹെവി റാക്ക്ഡ് വിൻഡ്‌ഷീൽഡ്, റഗ്ഡ് ബമ്പർ ഡിസൈൻ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ടെയിൽ ലാമ്പുകൾക്ക് വിചിത്രമായ Y- ആകൃതിയിലുള്ള ഡിസൈൻ ഉണ്ടായിരിക്കും. അങ്ങനെ മൊത്തത്തിൽ മൊഞ്ചായിട്ടാവും ഡസ്റ്റർ തിരിച്ചുവരവ് നടത്തുക.
ഇൻ്റീരിയറിൽ ട്രിപ്പിൾ-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ടും ഉണ്ടാവുമെന്നാണ് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണികളിൽ പുതുതലമുറ ഡസ്റ്ററിന് ഈ സവിശേഷതയില്ലെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഈ ട്രെൻഡി ഫീച്ചർ ചേർക്കുകയാണെങ്കിൽ ആളുകളെ എളുപ്പത്തിൽ ചാക്കിലാക്കാൻ കഴിയും. അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറയ്ക്ക് ഇതിനകം ഈ സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ മിററിംഗ്, ഡ്യുവൽ-സോൺ എസി, ഒടിഎ അപ്‌ഡേറ്റുകൾ ലെതർ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാവും. 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS എന്നിവയായിരിക്കും ഡസ്റ്ററിലെ സേഫ്റ്റി ഫീച്ചറുകൾ.
പുതിയ തലമുറ ഡസ്റ്റർ തുടക്കത്തിൽ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയായിരിക്കും ഇന്ത്യയിൽ വാഗ്ദാനം ചെയ്യുക. പിന്നീട് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ ഓപ്ഷനുകളും അവതരിപ്പിക്കും. അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ എൽപിജി ഓപ്ഷന് സമാനമായ സിഎൻജി ഓപ്ഷനും മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവുമെന്നാണ് വിശ്വാസം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പ്രാരംഭ വില 11 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








