പൈസ മുടക്കില്ലാതെ വർഷം തോറും 3000 കീ.മീ. ഓടിക്കാം, 3.25 ലക്ഷത്തിന് സോളാർ കാർ അവതരിപ്പിച്ച് ഇന്ത്യൻ കമ്പനി
ഫോസിൽ ഇന്ധനങ്ങളുടെ അന്തകനാവാൻ ഇലക്‌ട്രിക് വാഹനങ്ങൾ കച്ചകെട്ടിയിറക്കിയിരിക്കുകയാണ്. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ കാർ പുറത്തിറക്കി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വേവ് മൊബിലിറ്റി (Vayve Eva) എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ഈവ എന്ന് പേരിട്ടിരിക്കുന്ന കുട്ടികാർ കാഴ്ച്ചയിൽ തന്നെ ആരുടേയും മനംമയക്കുന്ന രീതിയിലാണ് വരുന്നത്. കേട്ടാൽ ആരായാലും വാങ്ങിപ്പോവുന്ന വിലയിലാണ് കാർ വിപണിയിലെത്തിയിരിക്കുന്നത്. സൗരോർജത്തിൽ ഓടാൻ ശേഷിയുള്ള ഈവയ്ക്ക് വെറും 3.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
മുതിർന്ന രണ്ട് പേർക്കും ഒരു കുട്ടിക്കും ഇരിക്കാനാവുന്ന തരത്തിലാണ് വേവ് ഈവ പണികഴിപ്പിച്ചിരിക്കുന്നത്. നോവ, സ്റ്റെല്ല, വേഗ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഞ്ഞൻ ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നത്. 3.25 ലക്ഷം മുടക്കിയാൽ ഈവയിലെ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷനായിട്ടാവും ലഭിക്കുക. അതേസമയം ബാറ്ററിയും കൂടെ വാങ്ങിയാൽ വാഹനത്തിന് 3.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും കേട്ടോ.

സോളാറിൽ പ്രവർത്തിക്കുന്ന കാറിന്റെ ഈ വില ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ടേ. 2023 ഓട്ടോ എക്സ്പോയിലാണ് വേവ് മൊബിലിറ്റി തങ്ങളുടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈവ ആദ്യമായി പ്രദർശിപ്പിക്കുന്നത്. അന്ന് മുതൽ ദേ ഇപ്പോൾ വരെ വണ്ടിഭ്രാന്തൻമാർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നുവെന്ന് വേണം പറയാൻ. സിംഗിൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിൽ അവകാശപ്പെടുന്നത്.
സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ സിറ്റി കാർ തേടുന്നവർക്കുള്ള ഉത്തരമാണ് വേവ് ഈവ. എംജി കോമെറ്റിനേകക്കാൾ ചെലവ് കുറഞ്ഞ് വാഹനം കൊണ്ടുനടക്കാനാവും. സോളാർ ഉപയോഗിച്ച് പ്രതിവർഷം 3,000 കിലോമീറ്റർ ഫ്രീയായി ഉപയോഗിക്കാനും ഇതിന് കഴിയുമെന്നും കമ്പനി പറയുന്നു. ഈവ വെറുമൊരു കാറല്ലെന്നും ആധുനിക കുടുംബത്തിനായി രൂപകൽപ്പന ചെയ്ത സിറ്റി വാഹനങ്ങളുടെ ഒരു പുതിയ വിഭാഗമാണിതെന്നും വേവ് മൊബിലിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ നിലേഷ് ബജാജ് പറഞ്ഞു.

സിറ്റി യാത്രകളിൽ ഏവരും നേരിടുന്ന ഗതാഗതക്കുരുക്ക്, പരിമിതമായ പാർക്കിംഗ് ഇടങ്ങൾ, വർധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിങ്ങനെയുള്ള വെല്ലുവിളികളെ നേരിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈവ നഗര യാത്രാനുഭവത്തെ പുനർനിർവചിക്കുന്നതിനായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒരു കിലോമീറ്ററിന് വെറും 50 പൈസയുടെ പ്രവർത്തനച്ചെലവാണ് വേവ് ഇവയ്ക്ക് വരുന്നതെന്നും കമ്പനി പറയുന്നു.
സിറ്റി യാത്രകൾക്ക് അനുയോജ്യമാക്കുന്നതിനായിട്ടാണ് ഇലക്ട്രിക് കരുത്തിന് പുറമെ ഈവ സോളാറും ഘടിപ്പിച്ചിരിക്കുന്നത്. കാറിന്റെ റൂഫിലാണ് സോളാർ പാനൽ ഘടിപ്പിച്ചിരിക്കുന്നത്. മുകളിലെ സോളാര്‍ റൂഫ് പാനൽ വഴി കാര്‍ തുറസായ സ്ഥലത്ത് അല്ലെങ്കിൽ വെയിലത്ത് നിര്‍ത്തിയിടുമ്പോൾ സോളാര്‍ റൂഫ് ചാര്‍ജ് ചെയ്യാം. ബാറ്ററി പായ്ക്ക് കൂടാതെ ദിവസം 10 കിലോമീറ്ററിലധികം ഓടിക്കാനും സോളാർ എനർജിയിലൂടെ സാധിക്കും.

അതിവേഗ ചാർജിംഗും അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ അധിക റേഞ്ചും പ്രാപ്തമാക്കുന്ന ഉയർന്ന വോൾട്ടേജ് പവർട്രെയിനാണ് വേവ് ഈവയിൽ വാഗ്‌ദാനം ചെയ്യുന്നത്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, റിമോട്ട് മോണിറ്ററിംഗ്, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് എന്നിവ പോലുള്ള ഫീച്ചറുകളും മോഡലിൽ ഉൾപ്പെടും. വെറും 5 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കാറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം ഈവ സോളാർ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. IP68-സര്‍ട്ടിഫൈഡ് പവര്‍ട്രെയിനാണ് സോളാർ കാറിൽ വേവ് മൊബിലിറ്റി ഉപയോഗിച്ചിരിക്കുന്നത്. കോയില്‍ സ്പ്രിംഗുള്ള മാക്ഫെര്‍സണ്‍ സ്ട്രട്ട് ആണ് ഫ്രണ്ട് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. കാറിന്റെ വില എന്തായാലും വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന് ഉറപ്പാണ്. എംജി കോമെറ്റുമായിട്ടാണ് ഈവ മത്സരിക്കുക.


Click it and Unblock the Notifications








